ജിത്തു ശല്യപ്പെടുത്തുന്നതായി പിതാവിനെ അറിയിച്ചിരുന്നു; ദിന്‍ഷയുടെ മരണത്തില്‍ ബന്ധുവിന്റെ വെളിപ്പെടുത്തല്‍

 
police

പത്തനംതിട്ട: മാരാമണിലെ റിസോര്‍ട്ട് ജീവനക്കാരിയായ ദിന്‍ഷയെ കൊലപ്പെടുത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്.

 പ്രണയബന്ധത്തില്‍ നിന്ന് ദിന്‍ഷ പിന്മാറാന്‍ ശ്രമിച്ചതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പ്രതി ജിത്തു പൊലീസിന് മൊഴി നല്‍കിയതായി പുറത്തുവന്ന വിവരം. 

ജിത്തു തന്നെ ശല്യം ചെയ്യുന്നതായി ദിന്‍ഷ പിതാവിനോട് പറഞ്ഞിരുന്നതായി ബന്ധു വെളിപ്പെടുത്തി. 

മകള്‍ കൊല്ലപ്പെട്ട വിവരം അറിഞ്ഞ ശേഷമാണ് പിതാവ് ഇക്കാര്യം തന്നോട് പറഞ്ഞതെന്നും, ജിത്തു ദിന്‍ഷയെ ശല്യം ചെയ്യുന്ന വിവരം നേരത്തെ അറിഞ്ഞിരുന്നെങ്കില്‍ പൊലീസിനെ അറിയിക്കുമായിരുന്നുവെന്നും പിതൃസഹോദരന്‍ പ്രതികരിച്ചു.

ദിന്‍ഷയ്ക്ക് മറ്റൊരു യുവാവുമായി ബന്ധമുണ്ടെന്ന സംശയവും ജിത്തുവിനുണ്ടായിരുന്നതായി പൊലീസ് പറയുന്നു. 

കൊലപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയാണ് ജിത്തു റിസോര്‍ട്ടിലെത്തിയതെന്നും ഇയാള്‍ കത്തിയുമായാണ് എത്തിയതെന്നും പൊലീസ് വ്യക്തമാക്കി.


സംഭവം നടന്നത് ഇന്നലെ ഉച്ചയ്ക്ക് ഒന്നരയോടെയാണ്. റിസപ്ഷന്‍ ഡ്യൂട്ടിയിലായിരുന്ന ദിന്‍ഷയെ ജിത്തു പുറത്തേക്ക് വിളിച്ച് സംസാരിക്കുന്നതിനിടെ പ്രകോപിതനാവുകയായിരുന്നു. 

തുടര്‍ന്ന് പാന്റിന്റെ പോക്കറ്റില്‍ കരുതിയിരുന്ന ചെറിയ കത്തിയെടുത്ത് ദിന്‍ഷയെ കുത്തുകയായിരുന്നു. കഴുത്തില്‍ അഞ്ചോളം കുത്തേറ്റ ദിന്‍ഷയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

ദിന്‍ഷയും ജിത്തുവും തമ്മില്‍ മാസങ്ങളായി പരിചയമുണ്ടായിരുന്നുവെന്നും പൊലീസ് അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. 

ജിത്തു ജീവനക്കാരനായിരുന്ന ഹോട്ടലിന് സമീപത്താണ് ദിന്‍ഷ ഏവിയേഷന്‍ കോഴ്‌സിനായി എത്തിയിരുന്നത്.

 ഇതോടെയാണ് ഇരുവരും തമ്മില്‍ പരിചയത്തിലായതെന്നാണ് വിവരം.സംഭവവുമായി ബന്ധപ്പെട്ട് പ്രതിയുടെ മൊഴികളും പൊലീസ് ശേഖരിച്ച മറ്റ് തെളിവുകളും പരിശോധിച്ചുവരികയാണ്. 

കൊലപാതകത്തിലേക്ക് നയിച്ച സാഹചര്യങ്ങളും ഇരുവരും തമ്മിലുള്ള ബന്ധത്തിന്റെ വിശദാംശങ്ങളും അന്വേഷണത്തിന്റെ ഭാഗമായി പൊലീസ് പരിശോധിക്കുന്നുണ്ട്

Tags

Share this story

From Around the Web