ഈസ്റ്റർ ദിനത്തിലെ ജെ ഇ ഇ മെയിൻ പരീക്ഷ; എഴുതാൻ കഴിയാത്ത വിദ്യാർഥികൾക്ക് മറ്റൊരു ദിവസം അനുവദിക്കും
ഈസ്റ്റര്‍ ദിനത്തിലെ JEE മെയിന്‍ പരീക്ഷ എഴുതാന്‍ കഴിയാത്ത വിദ്യാര്‍ഥികള്‍ക്ക് മറ്റൊരു ദിവസം അനുവദിക്കുമെന്ന് കേന്ദ്ര മന്ത്രി സുരേഷ് ഗോപി. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ഇക്കാര്യത്തില്‍ ഉറപ്പ് നല്‍കിയെന്നെന്നും സുരേഷ് ഗോപി. മാറ്റം ആഗ്രഹിക്കുന്ന വിദ്യാര്‍ഥികള്‍ വിവരങ്ങള്‍ ഇ മെയില്‍ മുഖേന അറിയിക്കണമെന്നും നിര്‍ദേശം. നാളെയാണ് മാറ്റം അറിയിക്കാനുള്ള അവസാന തിയിതി. jeemain.query@nta.ac.in എന്ന മെയില്‍ വിലാസത്തില്‍ വിവരങ്ങള്‍ നല്‍കാം.
സുരേഷ് ഗോപിയുടെ കുറിപ്പ്
വരുന്ന ഏപ്രില്‍ 2 മുതല്‍ 10 വരെ നടക്കാനിരിക്കുന്ന JEE (Main) 2026 രണ്ടാം ഘട്ട പരീക്ഷകള്‍ ക്രൈസ്തവ വിശ്വാസികളെ സംബന്ധിച്ചിടത്തോളം അതീവ പ്രാധാന്യമുള്ള വിശുദ്ധ വാരത്തിലെ ഈസ്റ്റര്‍ ഞായര്‍ (ഏപ്രില്‍ 5) ദിനത്തില്‍ ഉള്‍പ്പെട്ടത് വിദ്യാര്‍ത്ഥികളിലും രക്ഷിതാക്കളിലും വലിയ ആശങ്കയുണ്ടാക്കിയിരുന്നു.
ഈ വിഷയത്തില്‍ അഭിവന്ദ്യ കര്‍ദിനാള്‍ ബസേലിയോസ് ക്ലിമ്മീസ് ബാവ നല്‍കിയ നിവേദനം പരിഗണിച്ച്, അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ടുകൊണ്ട് ബഹുമാനപ്പെട്ട പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിജിക്കും, കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ശ്രീ. ധര്‍മ്മേന്ദ്ര പ്രധാന്‍ ജിക്കും കത്തുകള്‍ അയച്ചിരുന്നു.
വിഷയത്തിന്റെ ഗൗരവം കണക്കിലെടുത്ത് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ശ്രീ. ധര്‍മ്മേന്ദ്ര പ്രധാന്‍ ജി അല്പം മുന്‍പ് എന്നെ ഫോണില്‍ ബന്ധപ്പെടുകയും, ഈസ്റ്റര്‍ ദിനമായ ഏപ്രില്‍ 5-ന് പരീക്ഷ എഴുതാന്‍ സാധിക്കാത്ത വിദ്യാര്‍ത്ഥികള്‍ക്ക് തീയതി മാറ്റുന്നതിനായി അപേക്ഷിക്കാന്‍ അവസരം നല്‍കുമെന്ന് അറിയിക്കുകയും ചെയ്തു.
വിദ്യാര്‍ത്ഥികള്‍ ശ്രദ്ധിക്കുക:
ഏപ്രില്‍ 5-ലെ പരീക്ഷാ തീയതിയില്‍ മാറ്റം ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ തങ്ങളുടെ വിവരങ്ങള്‍ jeemain.query@nta.ac.in എന്ന ഇമെയില്‍ വിലാസത്തിലേക്ക് അടിയന്തരമായി അയക്കേണ്ടതാണ്.
അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി: മാര്‍ച്ച് 28, 2026.
വിദ്യാര്‍ത്ഥികളുടെയും വിശ്വാസസമൂഹത്തിന്റെയും ആശങ്കകള്‍ക്ക് പരിഹാരം കാണാന്‍ തയ്യാറായ കേന്ദ്ര സര്‍ക്കാരിനും വിദ്യാഭ്യാസ മന്ത്രാലയത്തിനും എന്റെ ഹൃദയം നിറഞ്ഞ നന്ദി രേഖപ്പെടുത്തുന്നു.