ജെ.ബി. കോശി കമ്മീഷൻ; ജാഗ്രതാസമിതികൾ രൂപീകരിക്കും
Mar 7, 2026, 11:29 IST
കൊച്ചി: ജസ്റ്റീസ് ജെ.ബി. കോശി കമ്മീഷൻ റിപ്പോർട്ട് മുൻഗണനാക്രമത്തിൽ കൂടിയാലോചനയിലൂടെ നടപ്പാക്കുമെന്ന് ഉറപ്പുവരുത്താൻ കേരള ലാറ്റിൻ കാത്തലിക് അസോസിയേഷൻ സംസ്ഥാനവ്യാപകമായി ജാഗ്രതാസമിതികൾ രൂപീകരിക്കും. കെഎൽസിഎ സംസ്ഥാന ഭാരവാഹികളുടെ യോഗത്തിലാണു തീരുമാനം.
ഒന്‌പതിന് രാവിലെ 11ന് കേരളത്തിലെ 12 ലത്തീൻ രൂപതകളിൽനിന്നുള്ള പ്രതിനിധികളുടെയും ഭാരവാഹികളുടെയും സാന്നിധ്യത്തിൽ സെക്രട്ടേറിയറ്റ് പടിക്കൽ സംസ്ഥാനതല ജാഗ്രതാസമിതി പ്രഖ്യാപിക്കും. പിന്നീട് രൂപത, ഇടവകതല ജാഗ്രതാസമിതികൾ രൂപീകരിക്കും.
കമ്മീഷൻ പുറത്തുവിട്ടിരിക്കുന്ന 284 ശിപാർശകൾ സംബന്ധിച്ചു വിശദമായ പഠനങ്ങളും പ്രചാരണയോഗങ്ങളും നടത്തുമെന്നും കെഎൽസിഎ അറിയിച്ചു. സംസ്ഥാന പ്രസിഡന്റ് അഡ്വ. ഷെറി ജെ. തോമസ് അധ്യക്ഷത വഹിച്ചു.