ജെ.ബി കോശി കമ്മീഷന്‍ റിപ്പോര്‍ട്ട് സര്‍ക്കാര്‍ അംഗീകരിച്ചതിൽ സന്തോഷമെന്ന് ഓര്‍ത്തഡോക്‌സ് സഭ. ഇലക്ഷൻ വരാനിരിക്കെയുള്ള പ്രഖ്യാപനത്തിന് പിന്നിൽ അജണ്ടകള്‍ ഉണ്ടാകാമെന്നുള്ള ജനങ്ങളുടെ സംശയം സ്വാഭാവികം
കോട്ടയം: ജെ.ബി കോശി കമ്മീഷന്‍ റിപ്പോര്‍ട്ട് സര്‍ക്കാര്‍ അംഗീകരിച്ചു എന്നു കേള്‍ക്കുന്നതു സന്തോഷമാണെന്നു ഓര്‍ത്തഡോക്‌സ് സഭാ മാധ്യമ വിഭാഗം തലവന്‍ യൂഹാനോന്‍ മാര്‍ ദിയസ്‌കോറസ് മെത്രാപ്പോലിത്ത.
സര്‍ക്കാരിനെ ഞങ്ങള്‍ അഭിനന്ദിക്കുന്നു. റിപ്പോര്‍ട്ട് കൊടുത്ത സമയം മുതല്‍ ഞങ്ങള്‍ ആവശ്യപ്പെടുന്നതാണിത്. ഇപ്പോഴും ഭാഗികമായി മാത്രമാണ് അംഗീകരിച്ചതെന്നാണു കാണുന്നത്.
കമ്മീഷന്‍ റപ്പോര്‍ട്ട് പൂര്‍ണമായും പുറത്തു വിടാന്‍ സര്‍ക്കാര്‍ തയാറാകണം. റിപ്പോര്‍ട്ടിലെ ശിപാര്‍ശകള്‍ നടപ്പിലാക്കാനുള്ള കാര്യങ്ങള്‍ സര്‍ക്കാര്‍ നടപ്പിലാക്കുകയും വേണം. പക്ഷേ, ഈ സര്‍ക്കാരിന്റെ കാലത്ത് അതിന് എത്രമാത്രം സാധിക്കുമെന്ന് അറിയില്ല.
പലകാര്യങ്ങളും സര്‍ക്കാര്‍ നടപ്പിലാക്കിയെന്നു പറയുന്നതില്‍ വ്യക്തതയില്ല. കമ്മീഷന്‍ റിപ്പോര്‍ട്ട് പുറത്തുവിടുകയും റിപ്പോര്‍ട്ടിലെ എന്തൊക്കെ കാര്യങ്ങള്‍ നടപ്പാക്കിയെന്ന് അക്കമിട്ടു നിരത്തുകയും ചെയ്താല്‍ മാത്രമേ അതേക്കുറിച്ചു മറുപടി പറയാന്‍ സാധിക്കൂ.
പല കാര്യങ്ങളള്‍ നടപ്പാക്കിയെന്നു പറയുമ്പോള്‍ ഞങ്ങള്‍ നിഷേധിക്കാന്‍ പോകുന്നില്ല. പക്ഷേ, ഇതിലെ യാഥാര്‍ഥ്യങ്ങള്‍ കണ്ടുപിടിക്കേണ്ടതുണ്ട്. സര്‍ക്കാര്‍ പ്രഖ്യാപനം തെരഞ്ഞെടുപ്പു സ്റ്റണ്ടാണോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനു സഭ എന്ന നിലയ്ക്കു അങ്ങനെ പറയാന്‍ സാധിക്കില്ല.
പക്ഷേ, ജനത്തിനിടയില്‍ ഇങ്ങനുള്ള സംശയങ്ങള്‍ ഉണ്ടാകുന്നൂ എന്നതു യാഥാര്‍ഥ്യമാണ്. ഇലക്ഷനോട് അടുത്ത് ഒത്തിരി ആനുകൂല്യങ്ങള്‍ പ്രഖ്യാപിക്കുന്നുണ്ട്. അപ്പോള്‍ ചില അജണ്ടകള്‍ ഇതിനു പിന്നില്‍ ഉണ്ടല്ലോ എന്നു സ്വാഭാവികമായും സംശയം ഉയരും.
ഭിന്നശേഷി നിയമനത്തില്‍ ഉണ്ടായ കാലതാമസം ജെ.ബി കോശി കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ കാര്യത്തില്‍ ഉണ്ടായി. സഭകള്‍ എത്ര വര്‍ഷമായി ഇക്കാര്യങ്ങള്‍ സര്‍ക്കാരിനോട് പറയുന്നു എന്നും മെത്രാപ്പോലിത്ത പറഞ്ഞു.