മലപ്പുറത്ത് മഞ്ഞപ്പിത്തം പടരുന്നു; ഹോട്ടലില് നിന്ന് ഭക്ഷണം കഴിച്ച വ്യാപാരി മരിച്ചു, 95 പേര്ക്ക് രോഗബാധ
മലപ്പുറം: മലപ്പുറം ജില്ലയിലെ മലയോര മേഖലയില് മഞ്ഞപ്പിത്തം പടര്ന്നുപിടിക്കുന്നു. ഒരേ ഹോട്ടലില് നിന്ന് ഭക്ഷണം കഴിച്ച നിരവധി പേര്ക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. സംഭവത്തില് കാളികാവ് പെവുന്തറ സ്വദേശിയായ ഹോം അപ്ലയന്സസ് ഉടമ സത്താര് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില് ചികിത്സയിലിരിക്കെ മരിച്ചു. വണ്ടൂര് ബ്ലോക്കിന് കീഴില് മാത്രം ഇതുവരെ 95 പേര്ക്കാണ് രോഗം ബാധിച്ചിട്ടുള്ളത്.
മഞ്ചേരി-വണ്ടൂര് റൂട്ടില് പ്രവര്ത്തിക്കുന്ന ഒരു ഹോട്ടലില് നിന്ന് ഭക്ഷണം കഴിച്ചവര്ക്കാണ് മഞ്ഞപ്പിത്ത ലക്ഷ്ണങ്ങള് കണ്ടെത്തിയത്. സെപ്റ്റംബര് 1നും 18നും ഇടയില് ഈ ഹോട്ടലില് നിന്ന് ഭക്ഷണം കഴിച്ച കാളികാവ്, ചോക്കാട്, പോരൂര്, തിരുവാലി തുടങ്ങിയ വിവിധ പ്രദേശങ്ങളിലുള്ളവരിലാണ് രോഗം സ്ഥിരീകരിച്ചത്.
ആരോഗ്യവകുപ്പ് നടത്തിയ പരിശോധനയില് ഇ-കോളി ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയതിനെ തുടര്ന്ന് ഹോട്ടല് പൂട്ടിച്ചു. വണ്ടൂരില് 55, പോരൂരില് 15, തിരുവാലിയില് 14, കാളികാവില് 9, തൃക്കലങ്ങോട് 5, മമ്പാട് 1 എന്നിങ്ങനെയാണ് രോഗം സ്ഥിരീകരിച്ചവരുടെ കണക്ക്.
രോഗവ്യാപനം രൂക്ഷമായ സാഹചര്യത്തില് ജില്ലാ മെഡിക്കല് ഓഫീസറുടെ നേതൃത്വത്തില് പ്രതിരോധ പ്രവര്ത്തനങ്ങള് ഊര്ജിതമാക്കി. വീടുകളില് ക്ലോറിനേഷന് പ്രവര്ത്തനങ്ങള് പുരോഗമിക്കുകയാണ്. അമിതക്ഷീണം, പനി, വിശപ്പില്ലായ്മ, മൂത്രത്തിന് മഞ്ഞനിറം തുടങ്ങിയ ലക്ഷണങ്ങള് കാണുന്നവര് ഉടന് വൈദ്യസേ തേടണമെന്ന് ആരോഗ്യവകുപ്പ് കര്ശന നിര്ദ്ദേശം നല്കിയിട്ടുണ്ട്.