ജന്തര്‍മന്തര്‍ @ കൊച്ചി; എസ് ഐ ആറിനെതിരെ പ്രതിഷേധം, അഭിജീത് ദീപ്‌കെയും പ്രകാശ് രാജും കൊച്ചിയില്‍, പ്രതിഷേധ പ്രകടനത്തിന് പ്രകാശ് രാജാണ് നേതൃത്വം നല്‍കുന്നത്
കൊച്ചി: എസ്‌ഐആറിനെതിരെ കൊച്ചിയില്‍ പ്രതിഷേധം. 'ജന്തര്‍ മന്തര്‍ @ കൊച്ചി' എന്ന പേരില്‍ മറൈന്‍ ഡ്രൈവില്‍ നിന്ന് ആരംഭിച്ച പ്രതിഷേധ പ്രകടനത്തില്‍ നടന്‍ പ്രകാശ് രാജ് ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുത്തു. സിജെപി സ്ഥാപകന്‍ അഭിജിത് ദീപ്‌കെ പരിപാടിയില്‍ പങ്കെടുക്കാനായി കൊച്ചിയിലെത്തി.
മറൈന്‍ ഡ്രൈവില്‍ നിന്ന് ആരംഭിച്ച പ്രകടനം മഹാരാജാസ് കോളജിന് മുന്നിലൂടെ രാജേന്ദ്ര മൈതാനത്തേക്കാണ് നീങ്ങുന്നത്. നൂറുകണക്കിന് ആളുകള്‍ പ്രകടനത്തില്‍ പങ്കെടുക്കുന്നുണ്ട്. വിദ്യാര്‍ഥികളും യുവാക്കളും പ്രതിഷേധത്തിന്റെ ഭാഗമായിട്ടുണ്ട്. രാജേന്ദ്ര മൈതാനിയില്‍ പൊതുസമ്മേളനത്തിനായി വേദിയും ഒരുക്കിയിട്ടുണ്ട്.
പ്രതിഷേധ പ്രകടനത്തിന് പ്രകാശ് രാജാണ് നേതൃത്വം നല്‍കുന്നത്. നേരത്തെ കാലടി സര്‍വകലാശാലയിലെത്തി സമരം ചെയ്യുന്ന വിദ്യാര്‍ഥികള്‍ക്ക് അദ്ദേഹം ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചിരുന്നു. തുടര്‍ന്ന് കൊച്ചിയിലെ പ്രതിഷേധ പരിപാടിയില്‍ പങ്കെടുക്കുകയായിരുന്നു. രാജേന്ദ്ര മൈതാനിയിലെ പൊതുസമ്മേളനത്തില്‍ അദ്ദേഹം സംസാരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
അതിനിടെ, നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയ അഭിജിത് ദീപ്‌കെ മാധ്യമങ്ങളോട് പ്രതികരിച്ചു. ഇന്ത്യയില്‍ സ്വതന്ത്രവും നിഷ്പക്ഷവുമായ തെരഞ്ഞെടുപ്പ് സംവിധാനം ഉറപ്പാക്കുന്നതുവരെ ഗ്യാനേഷ് കുമാറിനെതിരായ പോരാട്ടം തുടരുമെന്ന് അദ്ദേഹം പറഞ്ഞു. വിശ്വാസ്യതയുള്ള തെരഞ്ഞെടുപ്പ് പ്രക്രിയ രാജ്യത്ത് അനിവാര്യമാണെന്നും അദ്ദേഹം വ്യക്തമാക്കി.
കേരളത്തിലെ യുവാക്കള്‍ വലിയ തോതില്‍ പ്രതിഷേധത്തില്‍ പങ്കെടുക്കുമെന്നാണ് പ്രതീക്ഷ. കോക്രോച്ച് ജനതാ പാര്‍ട്ടിയില്‍ രജിസ്റ്റര്‍ ചെയ്ത അംഗങ്ങളില്‍ ഏറ്റവും വലിയ വിഭാഗം കേരളത്തില്‍നിന്നുള്ളവരാണെന്നും അഭിജിത് ദീപ്‌കെ പറഞ്ഞു. സംഘാടകരുടെ ക്ഷണപ്രകാരമാണ് പരിപാടിയില്‍ പങ്കെടുക്കാന്‍ കൊച്ചിയിലെത്തിയതെന്നും അദ്ദേഹം വ്യക്തമാക്കി.രാജേന്ദ്ര മൈതാനിയില്‍ നടക്കുന്ന പൊതുസമ്മേളനത്തില്‍ അഭിജിത് ദീപ്‌കെ പങ്കെടുക്കും. ഗ്യാനേഷ് കുമാര്‍ രാജിവെക്കണമെന്ന മുദ്രാവാക്യമുയര്‍ത്തിയാണ് പ്രതിഷേധം നടക്കുന്നത്.