പൂജപ്പുര സെന്‍ട്രല്‍ ജയില്‍ വളപ്പില്‍ നടന്ന ഓണാഘോഷ പരിപാടികള്‍ക്കിടെ ജയില്‍ ജീവനക്കാര്‍ തമ്മിലടിച്ചു. ഒരു ജീവനക്കാരന് കണ്ണിന് പരിക്ക്
തിരുവനന്തപുരം: പൂജപ്പുര സെന്‍ട്രല്‍ ജയില്‍ വളപ്പില്‍ നടന്ന ഓണാഘോഷ പരിപാടികള്‍ക്കിടെ ജയില്‍ ജീവനക്കാര്‍ തമ്മിലടിച്ചു. ജയില്‍ ജീവനക്കാരുടെ അസോസിയേഷന്റെ മേഖലാ ഓണാഘോഷത്തോടനുബന്ധിച്ച് ശനിയാഴ്ച രാത്രി സംഘടിപ്പിച്ച ഡിജെ പാര്‍ട്ടിക്കിടെയാണ് സംഭവം. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളില്‍നിന്നുള്ള ജീവനക്കാര്‍ ഓണാഘോഷ പരിപാടികളില്‍ പങ്കെടുത്തിരുന്നു.
ഡിജെ പാര്‍ട്ടിക്കിടെ ചില ജീവനക്കാര്‍ സ്റ്റേജില്‍ കയറി പാടാനും നൃത്തംചെയ്യാനും ശ്രമിച്ചതിനെ തുടര്‍ന്നുള്ള തര്‍ക്കമാണ് അടിപിടിയില്‍ കലാശിച്ചത്. അടിപിടിയെ തുടര്‍ന്ന് ഒരു ജീവനക്കാരന് കണ്ണിന് പരിക്കേല്‍ക്കുകയും ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. പ്രശ്‌നമുണ്ടാക്കിയവര്‍ മദ്യപിച്ചിരുന്നതായും സംശയമുണ്ട്.
തമ്മിലടിയെ തുടര്‍ന്നുണ്ടായ പ്രശ്‌നങ്ങള്‍ ജയില്‍ ജീവനക്കാര്‍ അപ്പോള്‍ത്തന്നെ പരിഹരിച്ചെന്നാണ് വിവരം. ജീവനക്കാരുടെ സംഘടനയുടെ പരിപാടിയായതിനാലും ആരും പരാതി നല്‍കാത്തതിനാലും കേസ് രജിസ്റ്റര്‍ ചെയ്തിട്ടില്ല.