ജാക്കി ചാന്‍ അന്തരിച്ചെന്ന് വ്യാജപ്രചരണം; താരത്തിന് ഒരു കുഴപ്പവുമില്ലെന്ന് സ്ഥിരീകരണം

 
JACKI CHAN



ചൈനീസ് ഇതിഹാസതാരം ജാക്കി ചാന്‍ അന്തരിച്ചെന്ന് സോഷ്യല്‍ മീഡിയയില്‍ വ്യാജപ്രചരണം. ജാക്കി ചാന്‍ അന്തരിച്ചുവെന്ന് അവകാശപ്പെട്ട് X, ഇന്‍സ്റ്റാഗ്രാം തുടങ്ങിയ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളിലാണ് ഈ പോസ്റ്റുകള്‍ പ്രചരിച്ചത്. 

എന്നാല്‍, അദ്ദേഹം ജീവിച്ചിരിപ്പുണ്ടെന്ന് വിവിധ ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. തന്റെ 72-ാം വയസിലും അദ്ദേഹം സിനിമയില്‍ സജീവമായിരിക്കുന്നുണ്ടെന്നും ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടി.

അമേരിക്കയിലാണ് സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍, ജാക്കി ചാന്‍ മരിച്ചെന്ന തരത്തിലുള്ള പോസ്റ്റുകള്‍ പ്രത്യക്ഷപ്പെട്ടത്. 'ജാക്കി ചാന്‍ (19542026)' എന്നെഴുതിയ കറുപ്പും വെളുപ്പും കലര്‍ന്ന ചിത്രങ്ങളോടെയാണ് ഈ വ്യാജ പ്രചാരണം ആരംഭിച്ചത്. അബ്ദുള്‍ എന്ന സോഷ്യല്‍ മീഡിയ ഉപയോക്താവ് പങ്കുവെച്ച പോസ്റ്റ് വെറും അഞ്ച് മണിക്കൂറിനുള്ളില്‍ 3.8 ദശലക്ഷത്തിലധികം ആളുകളാണ് കണ്ടത്. ചുരുങ്ങിയ സമയത്തിനുള്ളില്‍ ഈ വ്യാജവാര്‍ത്ത ആഗോളതലത്തില്‍ ദശലക്ഷക്കണക്കിന് ആളുകളിലേക്ക് വേഗത്തില്‍ പടരുകയായിരുന്നു. വാര്‍ത്ത പരന്നതോടെ നിരവധി ആരാധകര്‍ ഓണ്‍ലൈനില്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ചു.

പോസ്റ്റിന് മറുപടിയായി തല്‍ ഒരു കമ്മ്യൂണിറ്റി നോട്ട് പ്രത്യക്ഷപ്പെട്ടു. 'ഈ പോസ്റ്റിലെ ചിത്രം ജാക്കി ചാനുവേണ്ടിയുള്ള ചരമക്കുറിപ്പ് പോലെയാണ് നിര്‍മ്മിച്ചിരിക്കുന്നത്, എന്നാല്‍ അദ്ദേഹം ജീവിച്ചിരിപ്പുണ്ട്, 72-ാം വയസ്സിലും സജീവമാണ്' എന്നാണ് നോട്ടില്‍ വ്യക്തമാക്കിയത്. 

ജാക്കി ചാന്‍ നിലവില്‍ പൂര്‍ണ്ണ ആരോഗ്യവാനാണെന്നും വിവിധ സിനിമാ പ്രോജക്ടുകളില്‍ സജീവമായി പ്രവര്‍ത്തിച്ചുവരികയാണെന്നും വാര്‍ത്താ മാധ്യമങ്ങള്‍ ഉറപ്പുനല്‍കുന്നു.


ഫാങ് ഷിലോംഗ് എന്ന് യഥാര്‍ത്ഥ പേരുള്ള ജാക്കി ചാന്‍, ലോകമെമ്പാടും വന്‍ സ്വീകാര്യതയുള്ള ഒരു ആയോധന കലാകാരനും നടനും ചലച്ചിത്ര നിര്‍മ്മാതാവുമാണ്. 2026-ല്‍ 400 ദശലക്ഷം ഡോളറിലധികം ആസ്തിയുള്ള അദ്ദേഹം പ്രധാനമായും ഹോങ്കോംഗിലാണ് താമസിക്കുന്നത്. 


കൗലൂണ്‍ ടോംഗ് റെസിഡന്‍ഷ്യല്‍ മേഖലയിലെ ഒരു ഫാക്ടറി വെയര്‍ഹൗസ് രഹസ്യ മുറികളും വാതിലുകളുമുള്ള മനോഹരമായ വീടാക്കി മാറ്റിയാണ് അദ്ദേഹം ജീവിക്കുന്നത്.

2026 ജൂലൈയില്‍ സിംഗപ്പൂരിലെ പേയ് ചുന്‍ പബ്ലിക് സ്‌കൂളില്‍ നടത്തിയ സര്‍പ്രൈസ് സന്ദര്‍ശനത്തിലാണ് ജാക്കി ചാന്‍ അവസാനമായി പൊതുവേദിയില്‍ പ്രത്യക്ഷപ്പെട്ടത്. അവിടെവെച്ച് 'ഹാര്‍ഡ് ടു സേ ഗുഡ്ബൈ' എന്ന ഗാനം പാടി വിദ്യാര്‍ത്ഥികളെയും അധ്യാപകരെയും അദ്ദേഹം അത്ഭുതപ്പെടുത്തിയിരുന്നു. തന്റെ ബാല്യകാലത്തെ കഷ്ടപ്പാടുകളെക്കുറിച്ചും ഒരു പാത്രം ചോറിനായുള്ള ആഗ്രഹത്തെക്കുറിച്ചും സംസാരിച്ച അദ്ദേഹം, കഠിനാധ്വാനം ചെയ്യണമെന്നും സ്വപ്നങ്ങള്‍ കണ്ടാല്‍ മാത്രമേ വിജയം നേടാനാകൂ എന്നും കുട്ടികളെ ഓര്‍മ്മിപ്പിക്കുകയും ചെയ്തു.

Tags

Share this story

From Around the Web