നിങ്ങളുടെ പിന്തുണ ഞാന്‍ യഥാര്‍ഥത്തില്‍ അനുഭവിച്ചു'': ശസ്ത്രക്രിയയ്ക്കു ശേഷം നന്ദി അറിയിച്ച് ലെയോ പാപ്പ

 
LEO PAPA



'നിങ്ങളുടെ പിന്തുണ ഞാന്‍ യഥാര്‍ഥത്തില്‍ അനുഭവിച്ചു, നന്ദി!'' ഒക്ടോബര്‍ 18 ന് ആഞ്ചലൂസ് പ്രാര്‍ഥനയുടെ സമാപനത്തില്‍, കഴിഞ്ഞ ദിവസങ്ങളില്‍ തനിക്കായി പ്രാര്‍ഥിച്ച എല്ലാവര്‍ക്കും ലെയോ പതിനാലാമന്‍ പാപ്പ നന്ദി അറിയിച്ചു.


 ശ്വാസകോശത്തിലെ കാന്‍സര്‍ മുഴ നീക്കം ചെയ്യുന്നതിനായി ശസ്ത്രക്രിയ നടത്തിയ ജെമെല്ലി പോളിക്ലിനിക്കിലെ ഡോക്ടര്‍മാര്‍ക്കും നഴ്‌സുമാര്‍ക്കും മറ്റ് ജീവനക്കാര്‍ക്കും പാപ്പ പ്രത്യേക നന്ദി രേഖപ്പെടുത്തി.

''രോഗാവസ്ഥയിലൂടെ കടന്നുപോകുന്ന എല്ലാവരുടെയും സാമീപ്യം ഒരു പ്രത്യേക വിധത്തില്‍ അനുഭവിച്ചറിയാന്‍ ഇത് ഇടയാക്കി,'' പാപ്പ പറഞ്ഞു. ഒക്ടോബര്‍ 17 ശനിയാഴ്ച ഉച്ചയോടെയാണ് മാര്‍പാപ്പ ആശുപത്രി വിട്ടത്. 

ആശുപത്രി വിടുന്നതിനു മുന്‍പ്, ശസ്ത്രക്രിയ നടത്തിയ ഡോക്ടര്‍ക്കും മറ്റ് മെഡിക്കല്‍-നഴ്‌സിംഗ് ടീമിനും ആരോഗ്യപ്രവര്‍ത്തകര്‍ക്കും സേക്രട്ട് ഹാര്‍ട്ട് കാത്തലിക് യൂണിവേഴ്‌സിറ്റിയുടെ റെക്ടര്‍ക്കും ആശുപത്രി അധികൃതര്‍ക്കും മാര്‍പാപ്പ വ്യക്തിപരമായി നന്ദി അറിയിച്ചു.

''നിങ്ങള്‍ക്ക് അറിയാവുന്നതുപോലെ, ഈ നിര്‍ണ്ണായക ഘട്ടം കഴിഞ്ഞ സ്ഥിതിക്ക്, ദൈവത്തിന്റെയും നിങ്ങളുടെയും പ്രാര്‍ഥനയുടെ സഹായത്തോടെ ഞാന്‍ എന്റെ പ്രവര്‍ത്തനങ്ങള്‍ ഘട്ടം ഘട്ടമായി പുനരാരംഭിക്കും,'' പാപ്പ കൂട്ടിച്ചേര്‍ത്തു. 

മാര്‍പാപ്പയുടെ ശസ്ത്രക്രിയയ്ക്കു മുന്നോടിയായി, അദ്ദേഹത്തിന്റെ പൊതുപരിപാടികള്‍ ഏകോപിപ്പിക്കുന്ന പൊന്തിഫിക്കല്‍ ഹൗസ്‌ഹോള്‍ഡ് പ്രിഫെക്ചര്‍, ഒക്ടോബര്‍ 20 ചൊവ്വാഴ്ച വരെയുള്ള എല്ലാ കൂടിക്കാഴ്ചകളും റദ്ദാക്കുന്നതായി പ്രഖ്യാപിച്ചിരുന്നു.

Tags

Share this story

From Around the Web