കണ്‍സിസ്റ്ററി കൃപയുടെയും ദൈവത്തോടും സഭയോടുമുള്ള ഐക്യം പ്രഖ്യാപിക്കാനുമുള്ള സമയം: പാപ്പാ
വത്തിക്കാന്‍: സഭയെ നയിക്കുന്നതില്‍ പാപ്പായെ സഹായിക്കുന്നതിനായി പരിശ്രമിക്കേണ്ടതിന്റെയും, ഐക്യത്തോടെ തങ്ങളുടെ കഴിവുകള്‍ സഭാസേവനത്തിനായി ദൈവത്തിന് സമര്‍പ്പിക്കേണ്ടതിന്റെയും പ്രാധാന്യം കര്‍ദ്ദിനാള്‍മാരെ ഓര്‍മ്മിപ്പിച്ച് ലിയോ പതിനാലാമന്‍ പാപ്പാ.
പത്രോസിന്റെ പിന്‍ഗാമിയെന്ന നിലയില്‍ താന്‍ ആദ്യമായി വിളിച്ചുചേര്‍ത്ത 'അസാധാരണ കണ്‍സിസ്റ്ററി'യുടെ രണ്ടാം ദിനമായ ജനുവരി എട്ടാം തീയതി വ്യാഴാഴ്ച രാവിലെ വിശുദ്ധ പത്രോസിന്റെ ബസലിക്കയില്‍ അര്‍പ്പിച്ച വിശുദ്ധ ബലിമധ്യേ നടത്തിയ പ്രഭാഷണത്തിലാണ്, സഭാനേതൃത്വത്തിലുണ്ടാകേണ്ട ഒരുമയുടെയും ഉദാരമനോഭാവത്തിന്റെയും പ്രാധാന്യം പാപ്പാ എടുത്തുകാട്ടിയത്.
കണ്‍സിസ്റ്ററി എന്നത് കൃപയുടെയും, സഭാശുശ്രൂഷയിലായിരിക്കുന്നവരെന്ന നിലയിലുള്ള ഐക്യത്തിന്റെയും സമയമാണെന്ന് പാപ്പാ ഓര്‍മ്മിപ്പിച്ചു.
കണ്‍സിസ്റ്ററി എന്നാല്‍, ''സമ്മേളനം'' എന്ന് മാത്രമല്ല, ''നില്‍ക്കുക'' എന്ന അര്‍ത്ഥം കൂടിയുണ്ടെന്ന് അനുസ്മരിച്ച പാപ്പാ, മറ്റെല്ലാ തിരക്കുകളും മാറ്റി വച്ച്, തന്റെ ജനത്തിന്റെ നന്മയ്ക്കായി ദൈവം നമ്മോട് ആവശ്യപ്പെടുന്നതെന്താണെന്ന് വിചിന്തനം ചെയ്യാനായാണ് നാം ഒരുമിച്ച് കൂടിയിരിക്കുന്നതെന്ന് കര്‍ദ്ദിനാള്‍മാരെ ഓര്‍മ്മിപ്പിച്ചു.
വ്യക്തിപരമോ, ഗ്രൂപ്പുകളുടെയോ പ്രത്യേക താത്പര്യങ്ങളെ പ്രോത്സാഹിപ്പിക്കാനല്ല, ദൈവത്തിന് മുന്നില്‍ നമ്മുടെ പദ്ധതികളെയും പ്രചോദനങ്ങളെയും വിശകലനം ചെയ്യാനാണ് നാം പരിശ്രമിക്കേണ്ടതെന്ന് പാപ്പാ വിശദീകരിച്ചു.
കണ്‍സിസ്റ്ററിയില്‍ കര്‍ദ്ദിനാള്‍മാര്‍ ഒരുമിച്ചുകൂടുന്നത്, ദൈവത്തോടും, സഭയോടും, ലോകമെങ്ങുമുള്ള ആളുകളോടുമുള്ള സ്‌നേഹത്തിന്റെ പ്രകടനം കൂടിയാണെന്ന് ഓര്‍മ്മിപ്പിച്ച പാപ്പാ, ഇതില്‍ പ്രാര്‍ത്ഥനയുടെയും പരസ്പരം ശ്രവിക്കേണ്ടതിന്റെയും നിശ്ശബ്ദതയുടെയും ആവശ്യമുണ്ടെന്നും പ്രസ്താവിച്ചു.
നന്മയും സമാധാനവും തേടുന്ന മാനവികതയ്ക്കും 'വലിയ ജനക്കൂട്ടത്തിനും' മുന്നില്‍, നമ്മുടെ പരിമിതങ്ങളായ കഴിവുകളും നമുക്കുള്ളതും നല്‍കാനും, ദൈവകൃപയാല്‍ നല്‍കപ്പെടുന്നവ പകുത്തുകൊടുക്കാനുമാണ് കര്‍ത്താവ് നമ്മോട് ആവശ്യപ്പെടുന്നതെന്ന് പരിശുദ്ധ പിതാവ് ഓര്‍മ്മിപ്പിച്ചു.
ദൈവത്തിന്റെ സഭയ്ക്കായി നല്‍കുന്ന സേവനങ്ങളും, പത്രോസിന്റെ പിന്‍ഗാമിക്കൊപ്പം ഉത്തരവാദിത്വങ്ങള്‍ പങ്കിടുന്നതും ഏറെ പ്രധാനപ്പെട്ടവയാണെന്നും പാപ്പാ ഓര്‍മ്മിപ്പിച്ചു.
പരിശുദ്ധ പിതാവ് മുഖ്യ കാര്‍മ്മികത്വം വഹിച്ച വിശുദ്ധ ബലിയില്‍ 155 കര്‍ദ്ദിനാള്‍മാര്‍ സഹകാര്‍മ്മികരായി. 98 വയസ്സുള്ള അല്‍ബേനിയക്കാരന്‍ കര്‍ദ്ദിനാള്‍ ഏര്‍നെസ്‌റ് അല്‍ബാനിയും വിശുദ്ധ കുര്‍ബാനയില്‍ സംബന്ധിച്ചു.
ജനുവരി ഏഴാം തീയതി ബുധനാഴ്ച വൈകുന്നേരം ആരംഭിച്ച കണ്‍സിസ്റ്ററിയില്‍, സിനഡും സിനഡാത്മകതയും, എവഞ്ചേലി ഗൗദിയും എന്ന രേഖയുടെ കൂടി പശ്ചാത്തലത്തില്‍, സഭയിലെ സുവിശേഷവത്കരണത്തിന്റെയും സഭയുടെ നിയോഗത്തിന്റെയും പ്രാധാന്യം എന്നീ രണ്ട് വിഷയങ്ങള്‍ പ്രധാന ചിന്താവിഷയങ്ങളായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു.