പരിശുദ്ധ പിതാവിനോടുള്ള സഹകരണം ശക്തിപ്പെടുത്താനുമുള്ള സമയമാണ് കൺസിസ്റ്ററിയുടേത്: കർദ്ദിനാൾ റേ
പരസ്പരം ശ്രവിക്കാനും, സഭാപരമായ ആശയങ്ങൾ പങ്കുവയ്ക്കാനും, പരിശുദ്ധ പിതാവിനുള്ള പിന്തുണയും സഹകരണവും ഉറപ്പുനൽകാനുമുള്ള സമയമാണ് ജൂൺ 26, 27, 29 തീയതികളിൽ നടക്കാനിരിക്കുന്ന കർദ്ദിനാൾമാരുടെ കൺസിസ്റ്ററിയെന്ന് കർദ്ദിനാൾ സംഘത്തിന്റെ ഡീനായ കർദ്ദിനാൾ ജ്യോവാന്നി ബത്തിസ്ത റേ. കൺസിസ്റ്ററിക്ക് മുൻപായി, ജൂൺ 3 ബുധനാഴ്ച എല്ലാ കർദ്ദിനാൾമാർക്കുമായി അയച്ച ഒരു കത്തിൽ, ഈ സമ്മേളനത്തിൽ ചർച്ച ചെയ്യാനുള്ള പ്രധാന വിഷയങ്ങളും, കർദ്ദിനാൾ റേ സൂചിപ്പിച്ചു.
തങ്ങളുടെ പ്രവൃത്തിമേഖലകളിൽ, പ്രത്യേകിച്ച് വിവിധ സ്ഥലങ്ങളിൽ സഭയും സമൂഹവും നേരിടുന്ന വെല്ലുവിളികളും, വ്യത്യസ്ത അനുഭവങ്ങളും സംബന്ധിച്ച വിവരങ്ങൾ കൈമാറാനും, പരിശുദ്ധ പിതാവിന് തങ്ങളുടെ സജീവമായ സഹായവും പിന്തുണയും ഉറപ്പുനൽകാനുമുള്ള ഒരു സമയമാണിതെന്ന് കർദ്ദിനാൾ സംഘത്തിന്റെ തലവൻ തന്റെ കത്തിൽ എഴുതി. കൺസിസ്റ്ററിയുടെ സമയം പരസ്പര ശ്രവണത്തിനും, സ്വതന്ത്രമായും സധൈര്യവും സംസാരിക്കാനും വേണ്ടിയുള്ള അവസരമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇത്തവണത്തെ കൺസിസ്റ്ററിയിൽ നാല് പ്രധാന വിഷയങ്ങളാകും പരിഗണിക്കപ്പെടുകയെന്ന് കർദ്ദിനാൾ റേ ഓർമ്മിപ്പിച്ചു. ഇതിൽ ഒന്നാമതായി, അന്താരാഷ്ട്രതലത്തിൽ നാം കടന്നുപൊയ്‌ക്കൊണ്ടിരിക്കുന്ന സ്ഥിതിവിശേഷം, കർദ്ദിനാൾമാർ സേവനം ചെയ്യുന്ന ഇടങ്ങളിലെയും പ്രാദേശികസഭകളിലെയും അനുഭവങ്ങൾ എന്നിവ പങ്കുവയ്ക്കാനുള്ള അവസരമായിരിക്കും.
രണ്ടാമതായി, ലിയോ പതിനാലാമൻ പാപ്പാ പുറത്തിറക്കിയ പ്രഥമ ചാക്രികലേഖനമായ "മഞ്ഞീഫിക്ക ഹുമാനിത്താസ്" (Magnifica Humanitas) സംബന്ധിച്ച വിചിന്തനങ്ങളാകും കർദ്ദിനാൾമാർ പങ്കുവയ്ക്കുക. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെ യുദ്ധങ്ങളുടെയും സംഘർഷങ്ങളുടെയും കൂടി അടിസ്ഥാനത്തിൽ സമാധാനവുമായി ബന്ധപ്പെട്ട് ഈ ചാക്രികലേഖനം മുന്നോട്ടുവയ്ക്കുന്ന ചിന്തകൾ പ്രത്യേകമായി പരിഗണിക്കപ്പെടും. "നീതിപൂർവ്വമുള്ള യുദ്ധം" എന്ന ആശയത്തിലൂടെ ഏതൊരു യുദ്ധത്തെയും ന്യായീകരിക്കാനുള്ള പ്രവണതയെ അതിജീവിക്കേണ്ടതിന്റെയും, സമാധാനം സംരക്ഷിക്കുന്നതിലും സൃഷ്ടിക്കുന്നതിലും എങ്ങനെ ക്രൈസ്തവസമൂഹങ്ങളെ സഹായിക്കാം എന്നീ ആശയങ്ങളും വിശകലനം ചെയ്യപ്പെടും.
മൂന്നാമതായി, പരിശുദ്ധ പിതാവിന്റെ ചാക്രികലേഖനത്തിന്റെ ആമുഖത്തിലും ഉപസംഹാരത്തിലും പ്രത്യേകമായി പരാമർശിക്കപ്പെടുന്ന നന്മയുടെ പ്രോത്സാഹനം, സമഗ്രമാനവികവികസനത്തിനായുള്ള പരിശ്രമങ്ങൾ തുടങ്ങിയവയും കൺസിസ്റ്ററി ചർച്ച ചെയ്യും.
സിനഡുമായി ബന്ധപ്പെട്ട ചിന്തകളാകും നാലാമത്തെ സെക്ഷനിൽ ചർച്ച ചെയ്യപ്പെടുക. പരിശുദ്ധ പിതാവുമായുള്ള സംവാദത്തിനും കർദ്ദിനാൾ സംഘത്തിലെ അംഗങ്ങൾക്ക് സമയം ലഭിക്കും.
ജൂൺ 26, 27 തീയതികളിൽ പോൾ ആറാമൻ ശാലയിലും, സിനഡ് ശാലയിലുമായി പ്രധാന സമ്മേളനങ്ങൾ നടക്കും. ജൂൺ 29-ന് വിശുദ്ധ പത്രോസിന്റെ ബസലിക്കയിൽ പരിശുദ്ധ പിതാവിന്റെ മുഖ്യ കാർമ്മികത്വത്തിൽ നടക്കുന്ന വിശുദ്ധ ബലിയോടെയാകും കൺസിസ്റ്ററി അവസാനിക്കുക.