ശ്വാസം മുട്ടുന്നു. ഇന്ത്യയിലെ നഗരങ്ങളില്‍ 44 ശതമാനവും ദീര്‍ഘകാലമായി കടുത്ത വായുമലിനീകരണ ഭീഷണിയില്‍

 
india



ഡല്‍ഹി: ഇന്ത്യയിലെ നഗരങ്ങളില്‍ 44 ശതമാനവും ദീര്‍ഘകാലമായി കടുത്ത വായുമലിനീകരണ ഭീഷണിയിലാണെന്ന് സെന്റര്‍ ഫോര്‍ റിസര്‍ച്ച് ഓണ്‍ എനര്‍ജി ആന്‍ഡ് ക്ലീന്‍ എയറിന്റെ (സിആര്‍ഇഎ) പുതിയ പഠനം വ്യക്തമാക്കുന്നു. 


പഠനവിധേയമാക്കിയ 4,041 നഗരങ്ങളില്‍ 1,787 ഇടങ്ങളിലും മലിനീകരണം സ്ഥിരമാണെന്ന് കണ്ടെത്തി. എന്നാല്‍, മലിനീകരണം രൂക്ഷമായ നഗരങ്ങളില്‍ വെറും നാലു ശതമാനത്തില്‍ മാത്രമാണ് നിലവില്‍ സര്‍ക്കാര്‍ ദേശീയ ശുദ്ധവായു പദ്ധതി (എന്‍സിഎപി) നടപ്പാക്കുന്നത്.

ഉപഗ്രഹ വിവരങ്ങള്‍ അടിസ്ഥാനമാക്കി പിഎം 2.5 നിലവാരം പരിശോധിച്ചതില്‍, 2019 മുതല്‍ 2024 വരെയുള്ള കാലയളവില്‍ 1,787 നഗരങ്ങള്‍ ദേശീയ വാര്‍ഷിക പരിധി തുടര്‍ച്ചയായി ലംഘിച്ചതായും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. 

കേരളത്തില്‍ കൊച്ചി, തിരുവനന്തപുരം, ഏലൂര്‍, കോഴിക്കോട്, കണ്ണൂര്‍ എന്നീ പ്രദേശങ്ങള്‍ പഠനത്തിനായി തിരഞ്ഞെടുത്തിരുന്നുവെങ്കിലും ഇവിടെയൊന്നും സ്ഥിരമായ വായുമലിനീകരണം കണ്ടെത്താനായിട്ടില്ല എന്നത് ആശ്വാസകരമാണ്.


നിലവിലെ കണക്കുകള്‍ പ്രകാരം മേഘാലയയിലെ ബിര്‍ണിഹട്ട്, ഡല്‍ഹി, ഉത്തര്‍പ്രദേശിലെ ഗാസിയാബാദ് എന്നിവയാണ് രാജ്യത്തെ ഏറ്റവും മലിനമായ നഗരങ്ങള്‍. 


സംസ്ഥാനാടിസ്ഥാനത്തില്‍ പരിശോധിച്ചാല്‍ ഉത്തര്‍പ്രദേശിലാണ് ഏറ്റവും കൂടുതല്‍ മലിനമായ നഗരങ്ങളുള്ളത് (416). 

രാജസ്ഥാന്‍ (158), ഗുജറാത്ത് (152), മധ്യപ്രദേശ് (143) എന്നിവയാണ് തൊട്ടുപിന്നിലുള്ള മറ്റ് സംസ്ഥാനങ്ങള്‍. നിലവില്‍ 130 നഗരങ്ങളില്‍ മാത്രമാണ് എന്‍സിഎപി പദ്ധതി നടപ്പിലാക്കുന്നത്.

Tags

Share this story

From Around the Web