പുകഴ്ത്തുന്നതിലല്ല കാര്യം; കുട്ടികളില്‍ ആത്മവിശ്വാസം വളര്‍ത്താന്‍ ഈ മൂന്ന് ശീലങ്ങള്‍ പരിശീലിക്കാം

 
parents


 
കുട്ടികളില്‍ ആത്മവിശ്വാസം വളര്‍ത്തുക എന്നത് ഏതൊരു മാതാപിതാക്കളുടെയും ആഗ്രഹമാണ്. ക്ലാസുകളില്‍ സംശയങ്ങള്‍ ചോദിക്കാനും, പുതിയ ആളുകളോട് മടി കൂടാതെ സംസാരിക്കാനും, ബുദ്ധിമുട്ടുള്ള കാര്യങ്ങള്‍ പെട്ടെന്ന് വേണ്ടെന്നുവെക്കാതിരിക്കാനും കുട്ടികള്‍ക്ക് സാധിക്കണമെന്ന് അവര്‍ ആഗ്രഹിക്കുന്നു. 


എന്നാല്‍ എപ്പോഴും 'ആത്മവിശ്വാസത്തോടെ ഇരിക്കുക' എന്ന് ഉപദേശിക്കുന്നതിലൂടെ മാത്രം കുട്ടികളില്‍ ഇത് വളര്‍ത്തിയെടുക്കാന്‍ സാധിക്കില്ല. തങ്ങളുടെ അഭിപ്രായങ്ങള്‍ക്കും വിലയുണ്ടെന്നും ഏത് സാഹചര്യങ്ങളെയും നേരിടാന്‍ പ്രാപ്തരാണെന്നുമുള്ള ദൈനംദിന അനുഭവങ്ങളിലൂടെയാണ് യഥാര്‍ഥത്തില്‍ ആത്മവിശ്വാസം രൂപപ്പെടുന്നത്.

കുട്ടികളില്‍ ആത്മവിശ്വാസം വളര്‍ത്തിയെടുക്കാന്‍ മാതാപിതാക്കള്‍ക്ക് വീട്ടില്‍ തന്നെ ചെയ്യാന്‍ സാധിക്കുന്ന മൂന്ന് ലളിതമായ കാര്യങ്ങള്‍ എന്തെല്ലാമാണെന്ന് നോക്കാം:


ഉപദേശങ്ങള്‍ ഇല്ലാതെ കുട്ടികള്‍ക്കായി സമയം കണ്ടെത്തുക
തിരക്കേറിയ കുടുംബജീവിതത്തില്‍ കുട്ടികളുമായുള്ള സംഭാഷണങ്ങള്‍ പലപ്പോഴും വെറും നിര്‍ദേശങ്ങള്‍ മാത്രമായി ചുരുങ്ങാറുണ്ട്. 'ഹോംവര്‍ക്ക് ചെയ്‌തോ?', 'ഭക്ഷണം കഴിച്ചോ?' തുടങ്ങി അവര്‍ എന്ത് ചെയ്യണം എന്നതിനെക്കുറിച്ചുള്ള ചോദ്യങ്ങള്‍ ഒഴിവാക്കി, തിരുത്തലുകളോ വിലയിരുത്തലുകളോ ഇല്ലാതെ കുട്ടികള്‍ക്കായി അല്പസമയം കണ്ടെത്തുക. 


ഒരുമിച്ച് ഭക്ഷണം കഴിക്കുമ്പോഴോ ഉറങ്ങാന്‍ പോകുന്നതിന് മുന്‍പോ അവര്‍ക്ക് പറയാനുള്ളത് മുഴുവനായി കേള്‍ക്കുക. മുതിര്‍ന്നവര്‍ക്ക് നിസാരമെന്ന് തോന്നുന്ന കാര്യങ്ങളാകാം അവര്‍ക്ക് പറയാനുണ്ടാവുക. 


എങ്കിലും, തങ്ങള്‍ പറയുന്ന കാര്യങ്ങള്‍ക്ക് മാതാപിതാക്കള്‍ പൂര്‍ണ ശ്രദ്ധ നല്‍കുന്നുണ്ട് എന്ന തിരിച്ചറിവ് കുട്ടികളില്‍ 'എന്റെ വാക്കുകള്‍ക്കും വിലയുണ്ട്' എന്ന വിശ്വാസം ഉണ്ടാക്കുകയും, ഇത് ആത്മവിശ്വാസമായി മാറുകയും ചെയ്യും.

മറ്റുള്ളവരുമായി ഇടപഴകാന്‍ അവസരങ്ങള്‍ നല്‍കുക
ഒരു വലിയ സദസിനു മുന്നില്‍ സംസാരിക്കുമ്പോള്‍ മാത്രമല്ല ആത്മവിശ്വാസം പ്രകടമാകുന്നത്. കടകളില്‍ പോകുമ്പോള്‍, അയല്‍ക്കാരുടെ മുന്നില്‍, റെസ്റ്റോറന്റുകളില്‍ സ്വന്തമായി ഭക്ഷണം ഓര്‍ഡര്‍ ചെയ്യുമ്പോള്‍ തുടങ്ങിയ അവസരങ്ങളിലെല്ലാം അവരെ സംസാരിക്കാന്‍ അനുവദിക്കുക. 


അപരിചിതരോട് സംസാരിക്കാന്‍ മടിക്കുന്ന കുട്ടികളെ അതിനായി ഒരിക്കലും നിര്‍ബന്ധിക്കരുത്. പകരം മാതാപിതാക്കള്‍ മറ്റുള്ളവരോട് ചിരിച്ചുകൊണ്ട് സംസാരിച്ചും നന്ദി പറഞ്ഞും മാതൃകയാവുക. ഇത് കണ്ടുവളരുന്ന കുട്ടികള്‍ പതിയെ ഇത്തരം സാഹചര്യങ്ങളുമായി പൊരുത്തപ്പെടുകയും തങ്ങള്‍ക്ക് കഴിയുമെന്ന് തോന്നുമ്പോള്‍ സ്വന്തമായി സംസാരിക്കാന്‍ തുടങ്ങുകയും ചെയ്യും.

അവര്‍ക്ക് ഇഷ്ടമുള്ള കാര്യങ്ങളില്‍ മികച്ചവരാകാന്‍ സഹായിക്കുക
കുട്ടികള്‍ക്ക് താല്പര്യമുള്ള കാര്യങ്ങളില്‍, അത് നീന്തല്‍, സൈക്ലിങ്, നൃത്തം, ചിത്രംവര, സംഗീതം, അല്ലെങ്കില്‍ ഫുട്‌ബോള്‍ എന്നിങ്ങനെ എന്തുമാകട്ടെ, അതില്‍ കൂടുതല്‍ മികച്ചവരാകാന്‍ അവരെ പ്രോത്സാഹിപ്പിക്കുക. 


തുടക്കത്തില്‍ ബുദ്ധിമുട്ടുകള്‍ നേരിട്ടാലും നിരന്തരമായ പരിശീലനത്തിലൂടെ അതില്‍ വിജയിക്കാന്‍ അവര്‍ക്ക് സാധിക്കും. ഇത് നല്‍കുന്ന ആത്മവിശ്വാസം വളരെ വലുതാണ്. 'എനിക്കിത് ചെയ്യാന്‍ കഴിയില്ല' എന്ന ചിന്താഗതി മാറി 'എനിക്കിത് എങ്ങനെയെങ്കിലും പഠിച്ചെടുക്കാന്‍ സാധിക്കും' എന്ന ചിന്തയിലേക്ക് അവരെ എത്തിക്കാന്‍ 


പ്രശംസിക്കുന്നതിനേക്കാള്‍ വലുതാണ് അനുഭവങ്ങള്‍
കുട്ടികളെ എപ്പോഴും പുകഴ്ത്തുന്നത് നല്ലതാണെങ്കിലും, അത് മാത്രം യഥാര്‍ഥ ആത്മവിശ്വാസം വളര്‍ത്താന്‍ പര്യാപ്തമല്ല. സ്വയം തീരുമാനങ്ങള്‍ എടുക്കാനും, ബുദ്ധിമുട്ടുള്ള കാര്യങ്ങള്‍ ചെയ്തു നോക്കാനും, തെറ്റുകള്‍ പറ്റിയിട്ട് വീണ്ടും ശ്രമിക്കാനുമുള്ള അവസരങ്ങള്‍ അവര്‍ക്ക് നല്‍കണം. 


ഇത്തരം അനുഭവങ്ങളിലൂടെയാണ് കുട്ടികള്‍ തങ്ങളുടെ കഴിവുകള്‍ തിരിച്ചറിയുന്നത്. അതിനാല്‍ തന്നെ കുട്ടികളില്‍ ആത്മവിശ്വാസം വളര്‍ത്താന്‍ വലിയ പരിശീലനങ്ങള്‍ നല്‍കണമെന്നില്ല, 

മറിച്ച് അവരുടെ കാര്യങ്ങള്‍ കേള്‍ക്കാനും അവര്‍ക്ക് ആവശ്യമുള്ള പിന്തുണ നല്‍കാനും തയ്യാറായാല്‍ മാത്രം മതി. ഈ ചെറിയ നിമിഷങ്ങള്‍ കാലക്രമേണ അവരില്‍ വലിയ മാറ്റങ്ങള്‍ കൊണ്ടുവരും.

Tags

Share this story

From Around the Web