ചൂടുകൂടുന്നു, പാമ്പുകള്‍ വീടിനുള്ളിലേക്ക് എത്തിയേക്കാം; ജാഗ്രത കൈവിടരുത്
തിരുവനന്തപുരം: ചൂടു കൂടുന്നതോടെ തണുപ്പുള്ള ഇടങ്ങള്‍ തേടി പാമ്പുകള്‍ വീടിനുള്ളിലേക്കും ശുചിമുറികളിലുമൊക്കെ എത്താന്‍ സാധ്യതയുണ്ട്. തുറന്നിട്ട വാതിലുകള്‍ക്കൊപ്പം വള്ളിച്ചെടികള്‍, മേല്‍ക്കൂരയിലേക്ക് ചാഞ്ഞ മരച്ചില്ലകള്‍, ചെറിയ വിടവുകള്‍ എന്നിവയിലൂടെയും ഇവ അകത്തുകടക്കാം.
പറമ്പിലെ കരിയിലക്കൂട്ടങ്ങളിലും പുല്‍മേടുകളിലും ജലസംഭരണികള്‍, അടുക്കള, ഗോവണിയിടുക്കുകള്‍, വിറകുപുര തുടങ്ങിയ ഈര്‍പ്പമുള്ള ഇടങ്ങളിലും പാമ്പുകള്‍ ചുരുണ്ടുകൂടാന്‍ ഇടയുണ്ട്. വിഷമില്ലെന്നു കരുതി പാമ്പുകളെ കൈകാര്യം ചെയ്യുന്നത് ഒഴിവാക്കണം.
പാമ്പിനെ കണ്ടാല്‍ വനം വകുപ്പിന്റെ 'സര്‍പ്പ' മൊബൈല്‍ ആപ്പ് വഴിയോ 24 മണിക്കൂര്‍ ടോള്‍ ഫ്രീ നമ്പറായ 18004254733-ല്‍ വിളിച്ചോ അറിയിക്കുക. പാമ്പുകടിച്ചാല്‍ വൈകിക്കാതെ ആന്റിവെനം ലഭ്യമായ ആശുപത്രിയിലെത്തിക്കണം.
കടിയേറ്റയാളെ നടത്തുകയോ പേടിപ്പിക്കുകയോ ചെയ്യരുത്. അനാവശ്യ ചലനങ്ങളും ഭയവും രക്തയോട്ടം കൂട്ടി വിഷം വേഗത്തില്‍ പടരാന്‍ ഇടയാക്കും. മുറിവിനു മുകളില്‍ കയറോ തുണിയോ വെച്ച് മുറുക്കിക്കെട്ടരുത്. ഇത് രക്തയോട്ടം തടസ്സപ്പെടുത്തി കോശങ്ങള്‍ നശിക്കാന്‍ കാരണമാകും.
വായിച്ചറിയുന്നതിനൊപ്പം ചുറ്റുമുള്ളവരില്‍ ജാഗ്രത എത്തിക്കേണ്ടതും പ്രധാനമാണ്. രാത്രികാലങ്ങളില്‍ വെളിച്ചമില്ലാത്ത ഇടങ്ങളിലേക്ക് ഇറങ്ങുമ്പോള്‍ ടോര്‍ച്ച് ഉപയോഗിക്കാന്‍ മറക്കരുത്. വീടിന്റെ പരിസരങ്ങള്‍ വൃത്തിയായി സൂക്ഷിക്കുന്നതും പാമ്പിന്റെ വരവ് ഒരുപരിധി വരെ തടയും.