പുലിയുടെ സാന്നിധ്യം സ്ഥിരീകരിച്ചിട്ട് ഒരാഴ്‌ച തികയുന്നു. പുലിയെ പിടിക്കാൻ കൂട് സ്ഥാപിക്കാൻ മാത്രം വനം വകുപ്പ് തയാറല്ല. പുലി പേടിയിൽ മുണ്ടക്കയം പുഞ്ചവയൽ സ്വദേശികൾ
കോട്ടയം: മുണ്ടക്കയം പുഞ്ചവയലിൽ നായയെ കൊലപ്പെടുത്തിയത് പുലി തന്നെയെന്ന് വനം വകുപ്പ് സ്ഥിരീകരിച്ചു. പക്ഷേ, പുലിയെ പിടിക്കാൻ കൂട് വെക്കാൻ മാത്രം വനം വകുപ്പ് തയാറല്ല.
പാക്കാനം ഇഞ്ചിക്കുഴി കൂപ്പിനോട് ചേർന്ന വീട്ടിലെ വളർത്തു നായയെയാണ് പുലി കൊലപ്പെടുത്തിയതെന്ന് വനം വകുപ്പ് സ്ഥിരീകരിച്ചത്.
പ്രദേശത്ത് സ്ഥാപിച്ച ക്യാമറയിൽ പുലിയുടെ ദൃശ്യങ്ങൾ പതിഞ്ഞിരുന്നു. ജനവാസ മേഖലയായിരുന്നിട്ടും പുലിയെ പിടിക്കാൻ വനം വകുപ്പ് ആർജ്ജവം കാണിക്കുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി. സാങ്കേതിക കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് നാട്ടുകാരുടെ ആവശ്യം വനം വകുപ്പ് നിഷേധിക്കുന്നത്.
ഇതോടെ വീടിന് പുറത്തിറങ്ങാനും കുട്ടികളെ തനിച്ചു സ്‌കൂളിൽ വിടാൻ പോലും നാട്ടുകാർക്ക് ഭയമാണ്. ഇരുന്നൂറോളം കുടുംബങ്ങളാണ് ഇവിടെ താമസിക്കുന്നത്. വനം വകുപ്പ് അനാസ്ഥ തുടർന്നാൽ ശക്തമായ സമരങ്ങളുമായി മുന്നോട്ടു പോകാനാണ് ജനങ്ങളുടെ തീരുമാനം.