ജന്തര്‍മന്തറില്‍ സമരം തുടങ്ങിയിട്ട് 30 ദിവസം; കോക്രോച്ച് ജനത പാര്‍ട്ടിയെ ചര്‍ച്ചയ്ക്ക് വിളിച്ച് കേന്ദ്രം

 
janthar manthar


പാര്‍ലമെന്റ് മാര്‍ച്ചിനിടെ രാജ്യ തലസ്ഥാനം യുദ്ധക്കളമായതിന് പിന്നാലെ പാറ്റകളെ ചര്‍ച്ചയ്ക്ക് ക്ഷണിച്ച് കേന്ദ്രം. കോക്രോച്ച് ജനതാ പാര്‍ട്ടി വക്താക്കളുമായി കേന്ദ്ര ആരോഗ്യമന്ത്രി ജെ പി നദ്ദ ചര്‍ച്ച നടത്തും.

സിജെപി ഭാരവാഹികള്‍ ഇതിനകം തന്നെ സമരപന്തലില്‍ നിന്ന് ചര്‍ച്ചയ്ക്കായി പുറപ്പെട്ടു കഴിഞ്ഞു. സിജെപി ഡല്‍ഹിയില്‍ നിരന്തര സമരം തുടങ്ങിയിട്ട് 30 ദിവസം പിന്നിട്ടപ്പോഴാണ് കേന്ദ്രം ചര്‍ച്ചയ്ക്കായി ക്ഷണിച്ചിരിക്കുന്നത്.


ചര്‍ച്ചയില്‍ ഉണ്ടാകുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തിലായിരിക്കും ഇനി പ്രതിഷേധം എങ്ങിനെ മുന്നോട്ട് പോകണം എന്ന തീരുമാനത്തിലേക്ക് സിജെപി എത്തുക. പ്രതിഷേധത്തില്‍ നിന്ന് വിജയം കാണാതെ പിന്നോട്ടില്ലെന്ന നിലപാടിലാണ് പാറ്റകള്‍. ഇന്ന് രാവിലെ മുതല്‍ ആയിരകണക്കിന് ആളുകള്‍ അണിനിരന്നതോടെ ഡല്‍ഹിയുടെ പ്രധാനപാതകള്‍ എല്ലാം തന്നെ സ്തംഭിച്ചു. ഇപ്പോഴും വിദ്യാര്‍ഥികളടക്കം ജന്തര്‍മന്തറിലേക്ക് ഒഴുകിയെത്തുകയാണ്. 


പ്രതിഷേധക്കാരെ പിരിച്ചു വിടാന്‍ ഡല്‍ഹി പൊലീസ് ലാത്തിച്ചാര്‍ജ് നടത്തിയത് നിരവധി തവണയാണ്. ഇതിനിടെ നിരാഹാര സമരം അവസാനിപ്പിക്കാന്‍ ഉപാധികളുമായി സോനം വാങ്ചുക് രംഗത്തെത്തി. 

സഫ്ദര്‍ജംഗ് ആശുപത്രിയില്‍ നിരാഹാര സമരം തുടരുന്ന സോനം വാങ്ചുക്കിനെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് വീണ്ടും ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ് ഭാര്യ ഗീതാഞ്ജലി. 

സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരെയാണ് ഡല്‍ഹി ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിനെ സമീപിച്ചത്. ഹര്‍ജി ഉച്ചയ്ക്ക് രണ്ടരയ്ക്ക് പരിഗണിക്കും.

Tags

Share this story

From Around the Web