ഇതെല്ലാം ഒറിജിനലാണ്... സ്വര്‍ണം കാണിച്ച് 'ഗോള്‍ഡന്‍ റീല്‍സ്',പ്രശസ്ത യൂട്യൂബറുടെ വീട്ടില്‍ വന്‍ കവര്‍ച്ച, വീട് കുത്തിത്തുറന്ന് 118 പവന്‍ കവര്‍ന്നു
വീട്ടില്‍ സൂക്ഷിച്ചിരുന്ന പണവും സ്വര്‍ണാഭരണങ്ങളും കാണിച്ച് സോഷ്യല്‍ മീഡിയയില്‍ വീഡിയോ പങ്കുവെച്ചതിന് പിന്നാലെ പ്രശസ്ത യൂട്യൂബറുടെ വീട്ടില്‍ വന്‍ കവര്‍ച്ച. വീടിന്റെ പിന്‍വാതില്‍ കുത്തിത്തുറന്ന് 118 പവന്‍ സ്വര്‍ണവും പണവുമാണ് മോഷ്ടാക്കള്‍ കവര്‍ന്നത്. കന്യാകുമാരി നാഗര്‍കോവിലിന് സമീപം തമ്മട്ടുകോണം വി.ഐ.പി ഗാര്‍ഡനില്‍ താമസിക്കുന്ന യൂട്യൂബര്‍ ദമ്പതിമാരായ വിനോദ് കുമാറിന്റെയും മധുമിതയുടെയും വീട്ടിലാണ് മോഷണം നടന്നത്.
കഴിഞ്ഞ ദിവസമാണ് പൂജാമുറിയില്‍ തങ്ങളുടെ സമ്പാദ്യവും സ്വര്‍ണാഭരണങ്ങളും പ്രദര്‍ശിപ്പിച്ചുകൊണ്ടുള്ള റീല്‍സ് മധുമിത സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തത്. ഇതിന് തൊട്ടുപിന്നാലെയായിരുന്നു കവര്‍ച്ച. സി.സി.ടി.വി ഉള്‍പ്പെടെയുള്ള അതീവ സുരക്ഷാ സംവിധാനങ്ങളുള്ള വീട്ടില്‍ ആരുമില്ലാത്ത സമയം നോക്കിയാണ് മോഷ്ടാക്കള്‍ അകത്തുകടന്നത്. സംഭവത്തില്‍ രാജാക്കമംഗലം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സി.സി.ടി.വി ദൃശ്യങ്ങളും സമീപപ്രദേശങ്ങളിലെ ഫോണ്‍ കോളുകളും കേന്ദ്രീകരിച്ചാണ് പോലീസ് അന്വേഷണം പുരോഗമിക്കുന്നത്.