'ജീവനുവേണ്ടിയുള്ള ദിനം. വേദനയനുഭവിക്കുന്നവര്‍ക്ക് ദൈവം സമീപസ്ഥനാണ് : പാപ്പാ

 
leo



വത്തിക്കാന്‍സിറ്റി: ഗര്‍ഭധാരണം മുതല്‍ സ്വാഭാവിക മരണം വരെ ജീവന്‍  പരിപോഷിപ്പിക്കപ്പെടണമെന്നുള്ള സഭയുടെ പഠനങ്ങളെ വിശ്വാസികളിലേക്ക് കൂടുതല്‍ ആഴത്തില്‍ എത്തിക്കുന്നതിനായി, 'ജീവനുവേണ്ടിയുള്ള ദിനം', എന്ന പേരില്‍ ഇംഗ്ലണ്ട്, വെയില്‍സ്, സ്‌കോട്ട്‌ലന്‍ഡ്, അയര്‍ലന്‍ഡ് എന്നിവിടങ്ങളിലെ മെത്രാന്‍ സമിതികളുടെ ആഭ്യമുഖ്യത്തില്‍ ആഘോഷപരിപാടി സംഘടിപ്പിച്ചു. എല്ലാ വര്‍ഷവും ജൂണ്‍ മാസത്തിലെ മൂന്നാം ഞായറാഴ്ച്ചയാണ് ഈ ദിനമാഘോഷിക്കുന്നത്.
ഈ വര്‍ഷത്തെ 'ജീവനുവേണ്ടിയുള്ള ദിനം' ആഘോഷപരിപാടികള്‍ ഇന്നലെയായിരുന്നു നടന്നത്. പരിപാടിയില്‍ സംബന്ധിച്ചവര്‍ക്ക് ആശംസകളും, പ്രാര്‍ത്ഥനകളും അറിയിച്ചുകൊണ്ട്, ലിയോ പതിനാലാമന്‍ പാപ്പാ ടെലിഗ്രാം സന്ദേശമയച്ചു. വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി കര്‍ദിനാള്‍ പിയെത്രോ പരോളിനാണ് സന്ദേശത്തില്‍ ഒപ്പുവച്ചിരിക്കുന്നത്.

ദൈവീകപുണ്യമായ പ്രത്യാശയില്‍  കേന്ദ്രീകൃതമായ ജൂബിലിവര്‍ഷത്തില്‍, 'പ്രത്യാശ നമ്മെ നിരാശരാക്കുന്നില്ല, കഷ്ടപ്പാടുകളില്‍ അര്‍ത്ഥം കണ്ടെത്തുക' എന്ന ആഘോഷത്തിന്റെ ആപ്തവാക്യം, മനുഷ്യാവസ്ഥയില്‍ നിലനില്‍ക്കുന്ന കഷ്ടപ്പാടിന്റെ നിഗൂഢതയെ, കൃപയാല്‍ കര്‍ത്താവിന്റെ സാന്നിധ്യത്തിന്റെ അനുഭവമാക്കി എങ്ങനെ രൂപാന്തരപ്പെടുത്താം എന്നതിലേക്ക് ആളുകളുടെ ശ്രദ്ധ ആകര്‍ഷിക്കാന്‍ ഉതകുന്നതാണെന്നു പാപ്പാ പറഞ്ഞു. 

ദൈവം കഷ്ടപ്പെടുന്നവരുടെ കൂടെയാണെന്നും, സ്‌നേഹത്തിലൂടെയും, സാമീപ്യത്തിലൂടെയും ജീവിതത്തിന്റെ ആഴമായ അര്‍ത്ഥം മനസിലാക്കുവാന്‍ നമ്മെ നയിക്കുന്നുവെന്നും സന്ദേശത്തില്‍ പാപ്പാ കൂട്ടിച്ചേര്‍ത്തു.

യാതൊരു വേര്‍തിരിവുമില്ലാതെ ദൈവദാനമായ മനുഷ്യാന്തസ്സിനെ ഉയര്‍ത്തിപ്പിടിക്കുന്നതിലും, രോഗികളെ  ക്രിസ്തുവിനടുത്തരീതിയില്‍ അനുയാത്ര ചെയ്യുന്നതിലും ആഘോഷങ്ങളില്‍ പങ്കെടുക്കുന്നവര്‍ നല്‍കുന്ന സാക്ഷ്യം ആധികാരിക സ്‌നേഹത്തിലും യഥാര്‍ത്ഥ അനുകമ്പയിലും അധിഷ്ഠിതമായ ഒരു നാഗരികതയെ ദുര്‍ബലപ്പെടുത്തുന്നതിനുപകരം, പ്രതിരോധിക്കാന്‍  സമൂഹത്തിലെ എല്ലാവരെയും പ്രോത്സാഹിപ്പിക്കുവാന്‍ സാധിക്കട്ടെയെന്നു പരിശുദ്ധ പിതാവ് പ്രാര്‍ത്ഥിക്കുന്നുവെന്നും സന്ദേശത്തില്‍ ഉറപ്പു നല്‍കി.
 

Tags

Share this story

From Around the Web