ആഭ്യന്തര കലഹം മൂലം പട്ടിണിയും പലായനവും നേരിടുന്ന സുഡാനിലെ ജനതയ്ക്ക് സഹായഹസ്തവുമായി ഇറ്റലി
ആഭ്യന്തര കലഹം മൂലം പട്ടിണിയും പലായനവും നേരിടുന്ന സുഡാനിലെ ജനതയ്ക്ക് സഹായഹസ്തവുമായി ഇറ്റലി. ‘ഇറ്റലി ഫോർ സുഡാൻ’ എന്ന പദ്ധതിയുടെ രണ്ടാം ഘട്ടത്തിന്റെ ഭാഗമായി 110 ടൺ ഭക്ഷ്യസാധനങ്ങളും മറ്റ് അവശ്യസാമഗ്രികളുമാണ് ഇറ്റലി സുഡാനിൽ എത്തിച്ചത്. ഇറ്റാലിയൻ വിദേശകാര്യ മന്ത്രി അന്റോണിയോ തജാനിയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.
ഏകദേശം 4,300 കുടുംബങ്ങളിലായി 15,000-ത്തോളം പേർക്ക് ഈ സഹായം പ്രയോജനപ്പെടും. പ്രദേശത്തെ 31 അഭയാർത്ഥി ക്യാമ്പുകളിലായി കഴിയുന്നവർക്കാണ് ഈ സാധനങ്ങൾ വിതരണം ചെയ്യുന്നത്. അരി, പാസ്ത, മാവ്, എണ്ണ, കുടിവെള്ളം തുടങ്ങിയ ഭക്ഷ്യവസ്തുക്കൾക്ക് പുറമെ ടെന്റുകൾ, മെത്തകൾ, കൊതുക് വലകൾ, ശുചിത്വ കിറ്റുകൾ, അടുക്കള ഉപകരണങ്ങൾ എന്നിവയും സഹായത്തിൽ ഉൾപ്പെടുന്നു.
സുഡാനിലെ ജനങ്ങൾ നേരിടുന്ന കടുത്ത മാനുഷിക പ്രതിസന്ധി പരിഹരിക്കാൻ രാജ്യാന്തര സമൂഹം മുന്നോട്ട് വരണമെന്ന് ഇറ്റാലിയൻ വിദേശകാര്യ മന്ത്രാലയം ആവശ്യപ്പെട്ടു. ഈസ്റ്റർ അവധി ദിനങ്ങളിലും ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ ഏർപ്പെട്ട ഉദ്യോഗസ്ഥരെ മന്ത്രി അന്റോണിയോ തജാനി അഭിനന്ദിച്ചു.