106ാം വയസ്സിലും യൂട്യൂബിലൂടെ വചനപ്രഘോഷണം തുടര്‍ന്ന് ഇറ്റാലിയന്‍ സന്യാസിനി

 
youtuber

മിലാന്‍: 106ാം വയസ്സിലും യൂട്യൂബിലൂടെ വചനപ്രഘോഷണം തുടരുന്ന ഇറ്റാലിയന്‍ സന്യാസിനി മാധ്യമ ശ്രദ്ധ നേടുന്നു. 'പരമപരിശുദ്ധ കൂദാശയുടെ ആരാധകര്‍' എന്ന സന്യാസിനി സമൂഹാംഗമായ സിസ്റ്റര്‍ അന്ന മരിയയാണ് പ്രായം നൂറു പിന്നിട്ടിട്ടും ഓണ്‍ലൈന്‍ സാധ്യത ഉപയോഗിച്ച് വചനപ്രഘോഷണം തുടരുന്നത്.


 മിലാന് സമീപം സെറെഗ്‌നോയിലെ ആശ്രമത്തില്‍ വിശ്രമ ജീവിതം നയിക്കുന്ന സിസ്റ്റര്‍ അന്നയ്ക്കു മാര്‍ച്ച് 14ന് 106 വയസ്സ് തികഞ്ഞു. 'ചിന്തയിലും വാക്കിലും' വ്യക്തതയുള്ള കന്യാസ്ത്രീയെന്നാണ് ഇറ്റാലിയന്‍ പത്രമായ 'ഇല്‍ ജിയോര്‍ണോ' സിസ്റ്ററിനെ വിശേഷിപ്പിക്കുന്നത്.

പ്രായാധിക്യം ഉണ്ടായിരുന്നിട്ടും രാത്രിയില്‍ പോലും അവര്‍ ദിവസവും ദിവ്യകാരുണ്യ ആരാധനയില്‍ പങ്കെടുക്കുന്നുണ്ടെന്നും വൃദ്ധരോ രോഗികളോ ആയ കന്യാസ്ത്രീകളെ പരിചരിക്കുന്ന ആശ്രമത്തിലെ ആശുപത്രിയിലും സഹായവുമായി രംഗത്തുണ്ടെന്നും സിസ്റ്റര്‍ അന്നയുടെ സഹ സന്യാസിനികള്‍ പറയുന്നു. 

യൂട്യൂബില്‍ പങ്കുവെയ്ക്കുന്ന കൊച്ചു കൊച്ചു വീഡിയോകളിലൂടെയും ഈശോയെ പ്രഘോഷിക്കുകയാണ് ഈ സന്യാസിനി. കഴിഞ്ഞ ദിവസം നടന്ന 106ാം ജന്മദിനാഘോഷത്തിലും ഈശോയെ മഹത്വപ്പെടുത്തിക്കൊണ്ടാണ് ഈ വയോധിക സന്യാസിനി സംസാരിച്ചത്.


മറ്റു പല കാര്യങ്ങളെയും പോലെ, അയല്‍ക്കാരനെ സ്‌നേഹിക്കാന്‍ എന്നോട് നിരന്തരം ആവശ്യപ്പെടുന്ന യേശുവിനോടുള്ള സ്‌നേഹം കൊണ്ടാണ് തന്റെ ശുശ്രൂഷകള്‍ ഇപ്പോഴും ചെയ്യുന്നതെന്ന് സിസ്റ്റര്‍ അന്ന മരിയ പറയുന്നു.

 വര്‍ഷങ്ങള്‍ പലതാണ്, പക്ഷേ ഹൃദയം ക്ഷമയോടെ, ദൈവഹിതം നിറവേറും. എനിക്കുവേണ്ടി പ്രാര്‍ത്ഥിക്കുക, ഭൂമിയിലും സ്വര്‍ഗ്ഗത്തിലും ഞാന്‍ നിങ്ങളെ എപ്പോഴും ഓര്‍ക്കുമെന്നും സിസ്റ്റര്‍ കൂട്ടിച്ചേര്‍ത്തു.

ആശ്രമത്തില്‍ പ്രവേശിക്കുന്നതിനുമുമ്പ്, വര്‍ഷങ്ങളോളം അധ്യാപികയായും ശുശ്രൂഷകയായും സേവനം ചെയ്ത വ്യക്തിയാണ് ഈ സന്യാസിനി. 

അമ്മയുടെ മരണശേഷം 70-ാം വയസ്സിലാണ് സന്യാസ ജീവിതത്തിലേക്ക് പ്രവേശിച്ചത്. കഴിഞ്ഞ 36 വര്‍ഷവും ഈശോയ്ക്കു വേണ്ടി സദാസേവനം ചെയ്യുവാന്‍ കഴിഞ്ഞതിന്റെ ചാരിതാര്‍ത്ഥ്യത്തിലാണ് ഈ സന്യാസിനി.

Tags

Share this story

From Around the Web