ബ്രസീലിൽ രക്തസാക്ഷിത്വം വരിച്ച ഇറ്റാലിയൻ മിഷനറി ഫാ. നസറെനോ ലാൻസിയോട്ടി വാഴ്ത്തപ്പെട്ട പദവിയിൽ
പാർശ്വവൽക്കരിക്കപ്പെട്ടവരുടെയും ദരിദ്രരുടെയും ക്ഷേമത്തിനായി നിലകൊള്ളുകയും ഒടുവിൽ വിശ്വാസത്തെപ്രതി രക്തസാക്ഷിത്വം വരിക്കുകയും ചെയ്ത ഇറ്റാലിയൻ കത്തോലിക്കാ മിഷണറി ഫാ. നസറെനോ ലാൻസിയോട്ടി വാഴ്ത്തപ്പെട്ട പദവിയിലേക്ക് ഉയർത്തപ്പെട്ടു. ജൂൺ 13-ന് ബ്രസീലിലെ മാറ്റോ ഗ്രോസോ സംസ്ഥാനത്തുള്ള ജോരു (Jauru) നഗരത്തിൽ വെച്ചായിരുന്നു തിരുക്കർമ്മങ്ങൾ നടന്നത്.
മൂന്ന് പതിറ്റാണ്ടുകാലം അദ്ദേഹം വൈദിക ശുശ്രൂഷ ചെയ്തത് ഇതേ നഗരത്തിലായിരുന്നു. ഫ്രാൻസിസ് മാർപാപ്പയാണ് 2025 ഏപ്രിൽ 14-ന് സഭ ഫാ. ലാൻസിയോട്ടിയെ രക്തസാക്ഷിയായി അംഗീകരിച്ചത്. ലെയോ പതിനാലാമൻ മാർപാപ്പയ്ക്ക് വേണ്ടി കർദിനാൾ ജോവോ ബ്രാസ് ഡി അവിസ് തിരുക്കർമ്മങ്ങൾക്ക് മുഖ്യകാർമികത്വം വഹിച്ചു.
1940 മാർച്ച് 3-ന് റോമിൽ ജനിച്ച ലാൻസിയോട്ടി 1966-ലാണ് വൈദികനായി അഭിഷിക്തനായത്. തുടർന്ന് 1971-ൽ മിഷണറിയായി ബ്രസീലിലെത്തിയ അദ്ദേഹം അടിസ്ഥാന സൗകര്യങ്ങൾ പോലുമില്ലാതിരുന്ന ജോരു ഇടവക കേന്ദ്രീകരിച്ച് വിപ്ലവകരമായ പ്രവർത്തനങ്ങളാണ് കാഴ്ചവെച്ചത്. ബ്രസീലിലെ മരിയൻ മൂവ്‌മെന്റ് ഓഫ് പ്രീസ്റ്റ്‌സിന്റെ നാഷണൽ ഡയറക്ടറായും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്.
ദരിദ്രരായ തൊഴിലാളികൾക്കായി ചാരിറ്റബിൾ സ്ഥാപനങ്ങളും സൗജന്യ മെഡിക്കൽ സഹായവും ലഭ്യമാക്കിയ അദ്ദേഹം, പ്രദേശത്തെ മയക്കുമരുന്ന് മാഫിയയ്ക്കും വേശ്യാവൃത്തിക്കുമെതിരെ ശക്തമായി പോരാടി. ഇതിൽ പ്രകോപിതരായ സായുധസംഘം 2001 ഫെബ്രുവരി 11-ന് രാത്രി അദ്ദേഹത്തിന്റെ വസതിയിൽ അതിക്രമിച്ചു കയറി തലയ്ക്ക് പിന്നിൽ വെടിവെയ്ക്കുകയായിരുന്നു. ആക്രമിച്ചവർക്ക് പൂർണ്ണഹൃദയത്തോടെ മാപ്പുനൽകി ഫെബ്രുവരി 22-ന്, 61-ാം വയസ്സിലാണ് അദ്ദേഹം മരണമടഞ്ഞത്.