വിശുദ്ധ ഫ്രാന്‍സിസ് അസീസ്സിയുടെ ബഹുമാനാര്‍ത്ഥം ദേശീയ അവധി പുനഃസ്ഥാപിക്കാന്‍ ഇറ്റാലിയന്‍ ഭരണകൂടം

റോം: ഇറ്റലിയുടെ മാധ്യസ്ഥ വിശുദ്ധരില്‍ ഒരാളായ വിശുദ്ധ ഫ്രാന്‍സിസ് അസീസ്സിയുടെ ബഹുമാനാര്‍ത്ഥം ദേശീയ അവധി ദിനം പുനഃസ്ഥാപിക്കാന്‍ ഇടപെടലുമായി ഭരണകൂടം. ഇന്നലെ ബുധനാഴ്ച ഇത് സംബന്ധിച്ച വോട്ടെടുപ്പ് പാര്‍ലമെന്റില്‍ നടന്നു.
ഒക്ടോബര്‍ 4 ന് വിശുദ്ധ ഫ്രാന്‍സിസ് അസീസ്സിയുടെ തിരുനാള്‍ ദിനത്തിലാണ് വാര്‍ഷിക അവധി വരുന്നത്. അടുത്ത വര്‍ഷം മുതല്‍ നടപടി പ്രാബല്യത്തില്‍ വരും. പ്രധാനമന്ത്രി ജോര്‍ജിയ മെലോണി തീരുമാനത്തെ സ്വാഗതം ചെയ്തു.
വിശുദ്ധ ഫ്രാന്‍സിസ് അസീസ്സി എല്ലാ ഇറ്റലിക്കാര്‍ക്കും പ്രിയപ്പെട്ട വിശുദ്ധനാണെന്ന് പ്രധാനമന്ത്രി അനുസ്മരിച്ചു.
ജോര്‍ജിയ മെലോണിയുടെ വലതുപക്ഷ സര്‍ക്കാര്‍ തന്നെയാണ് നിര്‍ദ്ദിഷ്ട നിയമനിര്‍മ്മാണത്തിന് ചുക്കാന്‍ പിടിക്കുന്നത്. ഒക്ടോബര്‍ 4ന് വിശുദ്ധന്റെ തിരുനാള്‍ ദിനത്തിന്റെ ഭാഗമായി ഇറ്റാലിയന്‍ ജനതയ്ക്കു അവധി നല്‍കുന്ന ബില്ലിന് 247 വോട്ടുകള്‍ അനുകൂലമായി ലഭിച്ചു.
2 പേര്‍ മാത്രമാണ് എതിര്‍ത്തത്. എട്ട് പ്രതിനിധികള്‍ വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നു. വര്‍ഷങ്ങളായി വിശുദ്ധന്റെ തിരുനാള്‍ ദിനം ഇറ്റലിയില്‍ ദേശീയ അവധിയായിരുന്നു. എന്നാല്‍ 1977-ല്‍ അത് നിര്‍ത്തലാക്കപ്പെട്ടു. നിയമ നിര്‍മ്മാണത്തിനുള്ള നിര്‍ദ്ദേശം അടുത്തതായി സെനറ്റിന്റെ അംഗീകാരത്തിനായി അയയ്ക്കും.
വിശുദ്ധ ഫ്രാന്‍സിസിനെ വീണ്ടും കണ്ടെത്തുകയെന്നാല്‍ അദ്ദേഹത്തിന്റെ സമാധാന സന്ദേശം പുനരുജ്ജീവിപ്പിക്കുക എന്നാണര്‍ത്ഥമെന്നും അതിന് എന്നത്തേക്കാളും ഇന്നും പ്രസക്തിയുണ്ടെന്നും ചൊവ്വാഴ്ചത്തെ വോട്ടെടുപ്പിന് ശേഷം ചേംബര്‍ ഓഫ് ഡെപ്യൂട്ടീസിന്റെ പ്രസിഡന്റ് ലോറെന്‍സോ ഫോണ്ടാന മാധ്യമങ്ങളോട് പറഞ്ഞു.
ആര്‍ക്കും ഒരിക്കലും മായ്ക്കാന്‍ കഴിയാത്ത ഒരു പാരമ്പര്യവും വിശ്വാസവും ആത്മാവും ഉള്ള ഒരു നാടാണ് ഇറ്റലിയെന്നു വീണ്ടും ഓര്‍മ്മിക്കുന്ന ദിവസമായിരിക്കും ഇതെന്നു മെലോണി ഉള്‍പ്പെട്ട ബ്രദേഴ്സ് ഓഫ് ഇറ്റലി പാര്‍ട്ടി അംഗമായ ഗ്രാസിയ ഡി മാഗിയോ പറഞ്ഞു.
ക്രൈസ്തവ ധാര്‍മ്മികതയും വിശ്വാസപാരമ്പര്യങ്ങളും മുറുകെ പിടിക്കുന്ന പാര്‍ട്ടിയാണ് ഇറ്റലി ഭരിക്കുന്ന ബ്രദേഴ്സ് ഓഫ് ഇറ്റലി.