അഭയാർത്ഥികളുടെ ജൂബിലി: 44 കുടിയേറ്റക്കാരെ സ്വീകരിച്ച് ഇറ്റാലിയന്‍ സഭ

 
Italy

റോം: ഇറ്റാലിയൻ മെത്രാൻ സമിതിയുമായി ചേർന്ന് ആഭ്യന്തര വിദേശകാര്യ മന്ത്രാലയങ്ങളുമായി ധാരണയിൽ സ്ഥാപിച്ച മാനുഷിക ഇടനാഴികൾ വഴി 44 അഭയാർത്ഥികൾ, എത്യോപ്യയിൽ നിന്നും ഇറ്റലിയില്‍ എത്തി. ഒക്ടോബർ രണ്ടാം തീയതി ഫ്യുമിച്ചീനോ വിമാനത്താവളത്തിൽ എത്തിയ അഭയാര്‍ത്ഥികളെ ഇറ്റാലിയന്‍ സഭയുടെ പ്രതിനിധികള്‍ സ്വീകരിച്ചു. നാളെ ഒക്ടോബർ അഞ്ചാം തീയതി ഞായറാഴ്ച, വത്തിക്കാൻ ചത്വരത്തിൽ ലെയോ പതിനാലാമൻ പാപ്പ അർപ്പിക്കുന്ന വിശുദ്ധ കുർബാനയോടെ സമാപിക്കുന്ന, കുടിയേറ്റക്കാരുടെയും, അഭയാർത്ഥികളുടെയും ജൂബിലി ആഘോഷങ്ങളില്‍ ഇവരും പങ്കെടുക്കും.

സാന്‍ എജിദിയോ സമൂഹത്തിന്റെ നേതൃത്വത്തിൽ, ഇറ്റാലിയൻ മെത്രാൻ സമിതിയുമായി ചേർന്ന്, ആഭ്യന്തര, വിദേശകാര്യ മന്ത്രാലയങ്ങളുമായുള്ള ധാരണ പ്രകാരമാണ് ഇവരെ എത്തിച്ചിരിക്കുന്നത്. അഭയാർത്ഥികളിൽ കൂടുതൽ ആളുകളും സുഡാനിൽ നിന്നും ഉള്ളവരാണ്. ഇസ്ലാമിക തീവ്രവാദികളുടെ ആക്രമണത്തിന് ഇരകളായ 17 സോമാലിയൻ വംശജരും, അഭയാർഥികളുടെ കൂട്ടത്തിൽ ഇറ്റലിയിൽ എത്തിച്ചേർന്നു. രണ്ടര വർഷമായി നീണ്ടു നിൽക്കുന്ന ആഭ്യന്തര യുദ്ധത്തിൽ, 12 ദശലക്ഷം ആളുകളുടെ പലായനത്തിനു 4 ദശലക്ഷത്തിലധികം ആളുകളെ എത്യോപ്യ പോലുള്ള അയൽ രാജ്യങ്ങളിൽ അഭയം തേടാൻ നിർബന്ധിതരാകുകയും ചെയ്ത സാഹചര്യം കൂടി പരിഗണിച്ചാണ് അഭയാര്‍ത്ഥികളെ സ്വീകരിച്ചത്.

വിമാനത്താവളത്തിലെ സ്വീകരണത്തിന് ശേഷം അവിടെനിന്നും ഇറ്റലിയുടെ വിവിധ പ്രദേശങ്ങളിലേക്ക് അഭയാർത്ഥികളെ കൊണ്ടുപോയി.

പ്രധാനമായും, ഇറ്റാലിയൻ ഭാഷാ പഠനവും, മുതിർന്നവർക്ക് ജോലിയും, പ്രായപൂർത്തിയാകാത്തവർക്ക് സ്കൂൾ വിദ്യാഭ്യാസവുമാണ് മാനുഷിക ഇടനാഴികൾ വഴി ലക്‌ഷ്യം വയ്ക്കുന്നത്.

ഒന്‍പത്തിനായിരത്തിനടുത്ത് അഭയാർത്ഥികളെ ഇതിനോടകം ഈ ശൃംഖലയിലൂടെ യൂറോപ്പിലേക്ക് കൊണ്ടുവന്നിട്ടുണ്ട്.

Tags

Share this story

From Around the Web