ഗാസായില്‍ പുതിയ ആശുപത്രിയുള്‍പ്പെടെയുള്ള സേവനങ്ങള്‍ വാഗ്ദാനം ചെയ്ത് ഇറ്റലിയിലെ കത്തോലിക്കാസഭ

വത്തിക്കാന്‍സിറ്റി: ഗാസായില്‍ സഹനങ്ങളിലും ദുരിതങ്ങളിലൂടെയും കടന്നുപോകുന്ന സാധാരണ ജനത്തിനും, അവിടെയുള്ള പ്രാദേശികസഭയ്ക്കും തങ്ങളുടെ സാമീപ്യവും സഹായവുമറിയിച്ച് ഇറ്റലിയിലെ കത്തോലിക്കാസഭ.
തങ്ങളുടെ വിശ്വാസത്തിന്റെയും പ്രത്യാശയുടെയും അതോടൊപ്പം വിശുദ്ധനാട്ടില്‍ ദുരിതമനുഭവിക്കുന്ന ജനങ്ങളോടുള്ള സഹാനുഭൂതിയുടെയും അടയാളമായി ജറുസലേമിലെ ലത്തീന്‍ പാത്രിയര്‍ക്കേറ്റിന്റെ കൂടി സഹകരണത്തോടെ ഗാസായില്‍ പുതിയൊരു ആശുപത്രി തുറക്കാന്‍ തങ്ങള്‍ പദ്ധതിയിടുകയാണെന്ന്, ഇറ്റലിയിലെ മെത്രാന്‍സമിതിയുടെ സെക്രെട്ടറി ജനറലും കാല്യരി മെത്രാപ്പോലീത്തയുമായ ആര്‍ച്ച്ബിഷപ് ജ്യുസേപ്പേ ബത്തൂരി .
സെപ്റ്റംബര്‍ 27 മുതല്‍ 30 വരെ തീയതികളില്‍ വിശുദ്ധ നാട്ടിലേക്ക് നടത്തിയ ഒരു സന്ദര്‍ശനത്തിന്റെ അവസരത്തിലാണ് ആര്‍ച്ച്ബിഷപ് ബത്തൂരി ഇക്കാര്യം അറിയിച്ചത്.
ജറുസലേമിലെ ലത്തീന്‍ പാത്രിയര്‍ക്കീസ് കര്‍ദ്ദിനാള്‍ പിയര്‍ ബാത്തിസ്ത്ത പിസ്സബാല്ല നയിക്കുന്ന വിശുദ്ധ നാട്ടിലെ സഭയോടുള്ള ഇറ്റലിയിലെ സഭയുടെ സാഹോദര്യവും ഐക്യദാര്‍ഢ്യവും അറിയിക്കുന്നതിതിനുവേണ്ടിക്കൂടിയാണ് താന്‍ ഈ യാത്ര നടത്തിയതെന്ന് ആര്‍ച്ച്ബിഷപ് ബത്തൂരി വ്യക്തമാക്കി.
എന്നാല്‍ അതിനൊപ്പം മെച്ചപ്പെട്ട ഒരു ലോകത്തെക്കുറിച്ചുള്ള പ്രത്യാശയും, മനുഷ്യാന്തസ്സിനെ ചവിട്ടിമെതിക്കുന്ന അന്യായമായ അതിക്രമങ്ങളിലുള്ള തങ്ങളുടെ പ്രതിഷേധവും അറിയിക്കുന്നതിനുവേണ്ടിക്കൂടിയാണ് ഈ യാത്രയെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അടുത്തിടെ ഗോറീസിയയില്‍ നടന്ന വിവിധ രാജ്യങ്ങളില്‍നിന്നുള്ള കത്തോലിക്കപ്രതിനിധിസംഘത്തിന്റെ പ്രാര്‍ത്ഥനാസമ്മേളനത്തെ പരാമര്‍ശിച്ചുകൊണ്ട്, അന്യായമായ ആക്രമണങ്ങള്‍ ഇല്ലാതാകട്ടെയെന്നും, ബന്ദികള്‍ വിട്ടയക്കപ്പെടട്ടെയെന്നും, നമുക്ക് അംഗീകരിക്കാനോ മനസ്സിലാക്കാനോ സാധിക്കാത്ത വിധത്തില്‍ ശിക്ഷിക്കപ്പെടുന്ന ഒരു ജനതയ്ക്ക് നേരെയുള്ള ആക്രമണങ്ങള്‍ അവസാനിക്കട്ടെയെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.
വിശ്വാസവും, ഇത്തരം അക്രമങ്ങളെക്കുറിച്ചുള്ള അപലപനവും, പ്രത്യാശയും വ്യക്തവും സമൂര്‍ത്തവുമായ സഹായസഹകരണം ആവശ്യപ്പെടുന്നതിനാലാണ് ഗാസായില്‍ ഒരു ആശുപത്രി തുറക്കാന്‍ തങ്ങള്‍ പദ്ധതിയിടുന്നതെന്ന് ഇറ്റലിയിലെ കത്തോലിക്കാസഭയെ പ്രതിനിധീകരിച്ച് ആര്‍ച്ച്ബിഷപ് ബത്തൂരി പ്രസ്താവിച്ചു.
കുടുംബങ്ങള്‍ക്ക് പിന്തുണയും സഹായങ്ങളും നല്‍കാനും, ഭക്ഷണസാധനങ്ങള്‍ ആവശ്യപ്പെട്ട ഇടവകകകളില്‍ അതും എത്തിക്കാനും, യുവജനങ്ങള്‍ക്കായി വിദ്യാഭ്യാസ, താമസസൗകര്യമൊരുക്കാനും, അതുവഴി ഭാവിയിലേക്കും മനഃസാക്ഷിയുടെ രൂപീകരണത്തിലേക്കും സഹായകരമാകുന്ന വിധത്തിലുള്ള സമാധാനത്തിന്റെ ശക്തി ഉയര്‍ത്തിക്കൊണ്ടുവരുവാനുമാണ് തങ്ങള്‍ ശ്രമിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.
തങ്ങള്‍ അനുഭവിക്കുന്ന ഏകാന്തതയുടെയും ഒറ്റപ്പെടലിന്റെയും ഈ സമയത്ത് ഇറ്റലിയിലെ സഭയുടെ പ്രതിനിധി എന്ന നിലയില്‍ക്കൂടി ആര്‍ച്ച്ബിഷപ് ബത്തൂരി തങ്ങളെ സന്ദര്‍ശിച്ചതില്‍ ജറുസലേമിലെ ലത്തീന്‍ പാത്രിയര്‍ക്കീസ് കര്‍ദ്ദിനാള്‍ പിയര്‍ ബാത്തിസ്ത്ത പിസ്സബാല്ല പ്രത്യേകം നന്ദി രേഖപ്പെടുത്തി.
ഇറ്റലിയിലെ മെത്രാന്‍സമിതിയുടെ പ്രതിനിധികള്‍ക്ക് വിശുദ്ധനാട്ടിലേക്ക് തീര്‍ത്ഥാടനം നടത്താനുള്ള സാധ്യതകളെക്കുറിച്ച് പഠിക്കാന്‍ കൂടിയായിരുന്നു ആര്‍ച്ച്ബിഷപ് ബത്തൂരി എത്തിയത്.
ഇത്തരം തീര്‍ത്ഥാടനങ്ങള്‍, സ്ഥലസന്ദര്‍ശനങ്ങള്‍ക്കുള്ള അവസരം മാത്രമല്ല, പ്രദേശത്തുള്ള ജനതകളോടുള്ള ബന്ധം ആഴപ്പെടുത്തുന്നതിന്റെ കൂടി ഭാഗമാണെന്ന് കര്‍ദ്ദിനാള്‍ പിസ്സബാല്ല വിശദീകരിച്ചു.