പുതുവര്‍ഷത്തിന് വഴിയിലാകില്ല. കൊച്ചിയില്‍ മെട്രോയും വാട്ടര്‍ മെട്രോയും പുലര്‍ച്ചെ വരെ

 
KOCHI WATERMETRO



കൊച്ചി: പുതുവര്‍ഷാഘോഷങ്ങള്‍ക്കായി നഗരത്തിലേക്ക് എത്തുന്ന ജനത്തിരക്ക് കണക്കിലെടുത്ത് കൊച്ചി മെട്രോ, വാട്ടര്‍ മെട്രോ, ഫീഡര്‍ ബസ് സര്‍വീസുകള്‍ വര്‍ധിപ്പിച്ചു.


ഡിസംബര്‍ 31-ന് അര്‍ധരാത്രിക്ക് ശേഷവും യാത്രക്കാര്‍ക്ക് സര്‍വീസുകള്‍ ലഭ്യമാകുന്ന രീതിയിലാണ് പ്രത്യേക ക്രമീകരണങ്ങള്‍ ഒരുക്കിയിരിക്കുന്നത്.

കൊച്ചി മെട്രോ ട്രെയിന്‍

പുതുവര്‍ഷത്തലേന്ന് (ഡിസംബര്‍ 31) പുലര്‍ച്ചെ 1.30 വരെ മെട്രോ ട്രെയിനുകള്‍ 20 മിനിറ്റ് ഇടവിട്ട് സര്‍വീസ് നടത്തും. ആലുവയില്‍ നിന്നും തൃപ്പൂണിത്തുറയില്‍ നിന്നുമുള്ള അവസാന സര്‍വീസുകള്‍ പുലര്‍ച്ചെ 1.30-ന് പുറപ്പെടും.

 ലുലു മാള്‍ ഉള്‍പ്പെടെയുള്ള ഇടപ്പള്ളി സ്റ്റേഷനിലെ തിരക്ക് പരിഗണിച്ച്, അവിടെ നിന്ന് രണ്ട് ഭാഗത്തേക്കുമുള്ള അവസാന ട്രെയിനുകള്‍ പുലര്‍ച്ചെ രണ്ട് മണിക്ക് ലഭ്യമാകും. കൂടാതെ, ജനുവരി 3 വരെ ഇടപ്പള്ളിയില്‍ നിന്നുള്ള സര്‍വീസുകള്‍ രാത്രി 11 മണി വരെ ദീര്‍ഘിപ്പിച്ചിട്ടുണ്ട്.

വാട്ടര്‍ മെട്രോയും ഫീഡര്‍ ബസുകളും:

വാട്ടര്‍ മെട്രോയുടെ ഹൈക്കോര്‍ട്ട്-മട്ടാഞ്ചേരി, ഹൈക്കോര്‍ട്ട്-വൈപ്പിന്‍, ഹൈക്കോര്‍ട്ട്-ഫോര്‍ട്ട് കൊച്ചി റൂട്ടുകളിലെ പതിവ് സര്‍വീസ് ഡിസംബര്‍ 31-ന് രാത്രി 7 മണിക്ക് അവസാനിക്കും. 

എന്നാല്‍, പുതുവര്‍ഷം പ്രമാണിച്ച് ജനുവരി ഒന്നിന് പുലര്‍ച്ചെ 12 മുതല്‍ 4 മണി വരെ ഹൈക്കോര്‍ട്ട്-മട്ടാഞ്ചേരി, ഹൈക്കോര്‍ട്ട്-വൈപ്പിന്‍ റൂട്ടുകളില്‍ പ്രത്യേക സര്‍വീസുകള്‍ ഉണ്ടായിരിക്കും.


ആഘോഷങ്ങള്‍ കഴിഞ്ഞ് മടങ്ങുന്നവര്‍ക്കായി ബുധനാഴ്ച രാത്രി 12 മുതല്‍ പുലര്‍ച്ചെ 4 മണി വരെ വൈപ്പിന്‍-ഹൈക്കോര്‍ട്ട് റൂട്ടില്‍ ഇലക്ട്രിക് ഫീഡര്‍ ബസുകള്‍ സര്‍വീസ് നടത്തും. 


റെയില്‍വേ സ്റ്റേഷനിലേക്കും മെട്രോ സ്റ്റേഷനുകളിലേക്കും എത്തുന്നതിനായി ഹൈക്കോര്‍ട്ട്-എം.ജി റോഡ് സര്‍ക്കുലര്‍ സര്‍വീസും ഇതേ സമയത്ത് ലഭ്യമായിരിക്കും.

ഈ അധിക സര്‍വീസുകള്‍ പുതുവര്‍ഷരാവില്‍ കൊച്ചി നഗരത്തിലെത്തുന്ന ആഘോഷപ്രേമികള്‍ക്ക് സുഗമമായ യാത്ര ഉറപ്പാക്കുന്ന ഒരു സുരക്ഷാ കവചമായി മാറും.
 

Tags

Share this story

From Around the Web