മരിച്ചത് ഒരു കുടുംബമല്ല ; നമ്മുടെ മനസ്സാക്ഷിയുടെ ഒരു ഭാഗമാണ് !

 
saby


ഏറെ വേദനയോടെ...

ഇന്നലെ എന്റെ മകന്‍ അമലും, ഭാര്യ എല്‍സിയും വളരെ സങ്കടത്തോടെ ആവര്‍ത്തിച്ചു പറഞ്ഞ ഒരു സംഭവം ഇന്നും എന്റെ മനസ്സില്‍ നിന്നും മായുന്നില്ല.

എറണാകുളം ജില്ലയിലെ പിറവത്ത് ഒരു കുടുംബത്തിലെ നാലുപേര്‍ ഒരുമിച്ച് ജീവിതം അവസാനിപ്പിച്ച ദാരുണ സംഭവം.

ആ വാര്‍ത്ത കേട്ട നിമിഷം മുതല്‍ എന്റെ മനസ്സില്‍ ഒരു ചോദ്യം ഉയരുകയാണ്.

മരിച്ചത് ആ നാല് ജീവനുകളാണോ? അതോ നമ്മുടെ സമൂഹത്തിന്റെ മനസ്സാക്ഷിയുടെ ഒരു ഭാഗമാണോ ?

ആ കുടുംബത്തിന്റെ സാഹചര്യങ്ങളെക്കുറിച്ച് പുറത്തുവന്ന വാര്‍ത്തകള്‍ അതീവ വേദനാജനകമാണ്. കടുത്ത സാമ്പത്തിക പ്രതിസന്ധി, താമസിക്കാന്‍ സ്വന്തമായൊരു ഇടമില്ലാത്ത അവസ്ഥ, ജീവിതത്തിന്റെ നിസ്സഹായത... എല്ലാം ചേര്‍ന്ന് അവരെ അങ്ങേയറ്റം നിരാശയിലേക്ക് തള്ളിവിട്ടതായാണ് മനസ്സിലാകുന്നത്.

ഈ സാഹചര്യത്തില്‍, ആ കുടുംബത്തെ കൈവിടാതെ സഹായിക്കാന്‍ ആത്മാര്‍ത്ഥമായി ശ്രമിച്ച കോതമംഗലം പൊലീസ് ഉദ്യോഗസ്ഥരെ ഞാന്‍ ഹൃദയപൂര്‍വ്വം അഭിനന്ദിക്കുന്നു. അവര്‍ താമസസൗകര്യം ഒരുക്കാനും ഭക്ഷണവും മറ്റ് സഹായങ്ങളും ലഭ്യമാക്കാനും പുതിയ വാടകവീട് കണ്ടെത്താനും ശ്രമിച്ചതായി വാര്‍ത്തകളില്‍ കണ്ടു. മാനുഷികതയുടെ നല്ല മാതൃകയാണ് അവര്‍ കാണിച്ചിരിക്കുന്നത്.

എന്നാല്‍ അതോടൊപ്പം ചില ചോദ്യങ്ങള്‍ നമ്മുടെ സമൂഹത്തോടും ഭരണസംവിധാനത്തോടും ചോദിക്കാതെ വയ്യ.

ഒരു നിസ്സഹായ കുടുംബത്തെ പൊലീസ് കണ്ടെത്തിയാല്‍ അതിനുശേഷമുള്ള സംരക്ഷണത്തിന്റെ ഉത്തരവാദിത്വം ആരുടേതാണ്?

പഞ്ചായത്ത് സെക്രട്ടറിയുടേതോ?

പഞ്ചായത്ത് പ്രസിഡന്റിന്റെയും വാര്‍ഡ് അംഗത്തിന്റെയുംതോ?

വില്ലേജ് ഓഫീസറുടേതോ?

സി.ഡി.എസ്., കുടുംബശ്രീ, സാമൂഹ്യനീതി വകുപ്പ്, ശിശുക്ഷേമ വകുപ്പ്, റവന്യു വകുപ്പ്, ജില്ലാ ഭരണകൂടം എന്നിവരുടേതോ?

അല്ലെങ്കില്‍ എല്ലാവരുടെയും സംയുക്ത ഉത്തരവാദിത്വമാണോ?

പോലീസ് ഒരു കുടുംബം ഗുരുതരമായ പ്രതിസന്ധിയിലാണെന്ന് കണ്ടെത്തുമ്പോള്‍, ബന്ധപ്പെട്ട തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്കും റവന്യു അധികാരികള്‍ക്കും സാമൂഹ്യനീതി വകുപ്പിനും ഉടന്‍ അറിയിക്കുന്ന ഏകോപിതമായ നിയമസംവിധാനം നിലവിലുണ്ടോ?

ഇല്ലെങ്കില്‍, അത് ഉടന്‍ രൂപീകരിക്കേണ്ട സമയമായില്ലേ?

നമ്മുടെ പഞ്ചായത്ത് സെക്രട്ടറിമാരുടെയും പ്രസിഡന്റുമാരുടെയും വാര്‍ഡ് അംഗങ്ങളുടെയും വില്ലേജ് ഓഫീസര്‍മാരുടെയും ചുമതല നികുതി പിരിക്കലും രേഖകള്‍ നല്‍കലും മാത്രമാണോ?

അതോ, ദുരിതമനുഭവിക്കുന്ന കുടുംബങ്ങളെ കണ്ടെത്തി രക്ഷിക്കേണ്ട സാമൂഹിക ഉത്തരവാദിത്വവും അവര്‍ക്കില്ലേ?

ഈ കുടുംബത്തെക്കുറിച്ച് ആദ്യം വിവരം ലഭിച്ചവര്‍ എല്ലാവരും ഒരുമിച്ച് കൂടിയാലോചിച്ച് മണിക്കൂറുകള്‍ക്കുള്ളില്‍ ഒരു സ്ഥിരമായ പരിഹാരം കണ്ടെത്താന്‍ കഴിയുമായിരുന്നില്ലേ?

കേരളത്തില്‍ അനേകം ക്ഷേമപദ്ധതികളുണ്ട്.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയുണ്ട്.

ജില്ലാ ഭരണകൂടത്തിന്റെ അടിയന്തര സഹായ സംവിധാനങ്ങളുണ്ട്.

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുണ്ട്.

സന്നദ്ധ സംഘടനകളുണ്ട്.

മതസ്ഥാപനങ്ങളുണ്ട്.

കുടുംബശ്രീ പോലുള്ള ശക്തമായ ശൃംഖലകളുണ്ട്.

ഇതെല്ലാം ഉണ്ടായിട്ടും 'ഞങ്ങളെ ആരും രക്ഷിക്കില്ല' എന്ന തോന്നല്‍ ആ കുടുംബത്തിന് എങ്ങനെ ഉണ്ടായി?

ഈ ചോദ്യം നമ്മെ എല്ലാവരെയും അലട്ടണം.

ഈ ദാരുണ സംഭവം നടന്നത് കേരളത്തിന്റെ മുഖ്യമന്ത്രിയുടെയും നിരവധി മന്ത്രിമാരുടെയും ജില്ലയായ എറണാകുളത്താണ് എന്നതും നമ്മെ കൂടുതല്‍ ചിന്തിപ്പിക്കേണ്ടതാണ്. ഇത് രാഷ്ട്രീയ വിമര്‍ശനത്തിനുള്ള വിഷയമല്ല; ഭരണസംവിധാനങ്ങള്‍ കൂടുതല്‍ ഏകോപിതമായി പ്രവര്‍ത്തിക്കേണ്ടതിന്റെ ഓര്‍മ്മപ്പെടുത്തലാണ്.

ജില്ലാ കളക്ടര്‍ ഈ സംഭവത്തില്‍ നിന്ന് എന്ത് പാഠമാണ് ഉള്‍ക്കൊള്ളുന്നത്?

സര്‍ക്കാര്‍ എന്ത് പുതിയ നയപരമായ തീരുമാനങ്ങളാണ് എടുക്കുന്നത്?

ഇനി ഒരു കുടുംബവും തെരുവില്‍ അലയാതിരിക്കാനും ആത്മഹത്യയെ ആശ്രയിക്കാതിരിക്കാനും എന്തെല്ലാം അടിയന്തര നടപടികളാണ് സ്വീകരിക്കുക?

കേരളത്തിന് ഇന്ന് അടിയന്തരമായി ഒരു 'കുടുംബ പ്രതിസന്ധി പ്രതികരണ സംവിധാനം' (Family Crisis Response System) ആവശ്യമാണ്.

ഒരു കുടുംബം ഭവനരഹിതരാകുമ്പോള്‍...

പട്ടിണിയിലാകുമ്പോള്‍...

കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാകുമ്പോള്‍...

ആത്മഹത്യാ സാധ്യതയുള്ള സാഹചര്യത്തിലാകുമ്പോള്‍...

പോലീസ്, പഞ്ചായത്ത്, റവന്യു, സാമൂഹ്യനീതി, ആരോഗ്യം, ജില്ലാ ഭരണകൂടം എന്നിവരെ ഒരേസമയം സജ്ജമാക്കുന്ന ഏകീകൃത സംവിധാനം നിയമപരമായി രൂപീകരിക്കണം.

ആരെയും ഞാന്‍ കുറ്റപ്പെടുത്തുന്നില്ല.

പക്ഷേ, സമൂഹത്തിന്റെ മനസ്സാക്ഷി ഉണരണം.

ഒരു കുടുംബവും തെരുവില്‍ അലയരുത്.

ഒരു കുഞ്ഞും നിരാശയുടെ ഇരയാകരുത്.

ഒരു മാതാപിതാക്കളും 'ഞങ്ങള്‍ക്ക് ഇനി വഴിയില്ല' എന്ന് കരുതരുത്.

ആത്മഹത്യ ഒരിക്കലും ഒരു പരിഹാരമല്ല.

എറണാകുളം ജില്ലയില്‍ ജീവിക്കുന്ന ഒരു പൗരന്‍ എന്ന നിലയില്‍ ഞാനും എന്റെ ഉത്തരവാദിത്വം ഏറ്റുപറയുന്നു.

ലത്തീന്‍ സഭയുടെ വിശുദ്ധ കുര്‍ബാനയില്‍ നാം ഒരുമിച്ച് ഏറ്റുപറയുന്ന വാക്കുകള്‍ ഇന്ന് എന്റെ ഹൃദയത്തില്‍ മുഴങ്ങുകയാണ്:

'വാക്കാലും, വിചാരത്താലും, പ്രവര്‍ത്തിയാലും, ഉപേക്ഷയാലും ഞാന്‍ പാപം ചെയ്തു.'

അതെ...

ഉപേക്ഷയാലും.

ഈ സംഭവം സര്‍ക്കാര്‍, നിയമസഭ, ജില്ലാ ഭരണകൂടം, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍, മതസ്ഥാപനങ്ങള്‍, സന്നദ്ധ സംഘടനകള്‍, നമ്മളോരോരുത്തരും ഗൗരവമായി ചര്‍ച്ച ചെയ്യണം.????

ഭക്ഷണം, വസ്ത്രം, ചികിത്സ, താമസം എന്നിവയ്ക്ക് വിഷമിക്കുന്ന ആരെയെങ്കിലും കണ്ടാല്‍, നമുക്ക് കഴിയുന്ന അര്‍ഹിക്കുന്ന സഹായം നല്‍കുക. ശേഷം അവരെ സഹായിക്കുവാന്‍ കഴിയുന്ന വ്യക്തികള്‍, പ്രസ്താനങ്ങള്‍ എന്നിവരെ അറിയിക്കുക.
  കത്തോലിക്ക രൂപതകള്‍ക്കെല്ലാം സാമൂഹ്യസേവന വിഭാഗം ഉണ്ട്. നിരവധി പദ്ധതികളും, പ്രസ്ഥാനങ്ങളും. അവരെയും അറിയിക്കാം. ഒപ്പം ജനപ്രതിനിധികളെയും.
   ഇവര്‍ക്ക് സഹായം എത്തിക്കുവാന്‍ ജില്ലാ കലക്ടറുടെ നേതൃത്വത്തില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കോള്‍ സെന്ററും വൈകാതെ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു ????.

നിയമസഭ സമ്മേളിക്കുന്ന ഈ സമയത്ത്, ഇത്തരത്തിലുള്ള നിസ്സഹായ കുടുംബങ്ങളെ സംരക്ഷിക്കുന്നതിനുള്ള സമഗ്രമായ ഒരു നയവും നിയമവും രൂപീകരിക്കാന്‍ ഈ വിഷയം സഭയില്‍ ചര്‍ച്ച ചെയ്യപ്പെടുമെന്ന് ഞാന്‍ പ്രത്യാശിക്കുന്നു.????

ആ കുടുംബത്തിന്റെ ഓര്‍മ്മയ്ക്കു മുന്നില്‍ വേദനയോടെ ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നു.??????

 സാബു ജോസ് 
9446329343

Tags

Share this story

From Around the Web