ആത്മപരിശോധനയാണ് എന്നെ കത്തോലിക്കാ സഭയിലേക്ക് എത്തിച്ചത്, അവിടം എനിക്ക് സ്വന്തം വീട് പോലെ': വൈസ് പ്രസിഡന്റ് വാന്‍സ്
അമേരിക്കന്‍ രാഷ്ട്രീയത്തിലെയും സാംസ്‌കാരിക രംഗത്തെയും പ്രമുഖ വ്യക്തിത്വവും യു.എസ്. വൈസ് പ്രസിഡന്റുമായ ജെ.ഡി. വാന്‍സിന്റെ ആത്മീയ യാത്രയും കത്തോലിക്കാ സഭയിലേക്കുള്ള അദ്ദേഹത്തിന്റെ കടന്നുവരവും വലിയ ശ്രദ്ധ നേടുകയാണ്.
കുട്ടിക്കാലത്ത് ക്രിസ്തീയ ചുറ്റുപാടില്‍ വളര്‍ന്നുവെങ്കിലും ശരിയായ മാര്‍ഗനിര്‍ദ്ദേശങ്ങളുടെ കുറവുമൂലം ഇടയ്ക്കുവച്ച് വിശ്വാസത്തില്‍ നിന്ന് അകന്നുപോയ ഒരു ഭൂതകാലം വാന്‍സിനുണ്ടായിരുന്നു.
പ്രൊഫഷണല്‍ ജീവിതത്തില്‍ വലിയ വിജയങ്ങള്‍ കൈവരിക്കുകയും ഉയര്‍ന്ന സാമ്പത്തിക ഭദ്രത നേടുകയും ചെയ്ത ഘട്ടത്തിലും, ആത്മീയമായ ഒരു ശൂന്യത അദ്ദേഹത്തെ വേട്ടയാടിക്കൊണ്ടിരുന്നു.
അമേരിക്കയിലെ 'ഉന്നതകുലജാതരുടെ സംസ്‌കാരം' തന്നെ ഒരു മോശം മനുഷ്യനാക്കി മാറ്റുകയാണെന്ന തിരിച്ചറിവാണ് തന്റെ ജീവിതത്തിന്റെ ദിശയെക്കുറിച്ച് പുനര്‍ചിന്തനം നടത്താന്‍ അദ്ദേഹത്തെ പ്രേരിപ്പിച്ചത്.
ഒരു പിതാവായി മാറിയ നിമിഷമാണ് വാന്‍സിന്റെ ജീവിതത്തില്‍ വലിയൊരു വഴിത്തിരിവുണ്ടാക്കിയത്.
ഭാര്യ ഉഷ തങ്ങളുടെ ആദ്യത്തെ കുഞ്ഞിന് ജന്മം നല്‍കിയപ്പോള്‍, എങ്ങനെ ഒരു നല്ല മനുഷ്യനാകാം, ഒരു നല്ല ഭര്‍ത്താവാകാം, മകനെ എങ്ങനെ സദ്ഗുണമുള്ളവനായി വളര്‍ത്താം എന്നൊക്കെയുള്ള ചോദ്യങ്ങള്‍ അദ്ദേഹത്തിന്റെ ഉള്ളില്‍ ശക്തമായി.
ഈ ആത്മപരിശോധനകളാണ് ഒടുവില്‍ 2019-ല്‍ അദ്ദേഹത്തെ കത്തോലിക്കാ വിശ്വാസത്തിലേക്ക് എത്തിച്ചത്.
അതിവേഗം മാറിക്കൊണ്ടിരിക്കുന്ന ഈ ലോകത്തില്‍, കത്തോലിക്കാ സഭയുടെ നൂറ്റാണ്ടുകള്‍ പഴക്കമുള്ള പാരമ്പര്യങ്ങളും അചഞ്ചലമായ അടിത്തറയുമാണ് വാന്‍സിനെ ആകര്‍ഷിച്ചത്.
കത്തോലിക്കാ ദൈവാലയത്തിലേക്ക് കടന്നുചെന്നപ്പോള്‍ ഒരു 'സ്വന്തം വീട് പോലെ' തോന്നിയ ആ അനുഭവം തന്നെയാണ് അദ്ദേഹത്തെ ഈ വിശ്വാസത്തില്‍ ഉറപ്പിച്ചു നിര്‍ത്തിയത്.
കത്തോലിക്കാ സഭയില്‍ അഭയം കണ്ടെത്തുമ്പോഴും പ്രൊട്ടസ്റ്റന്റ് വിഭാഗത്തിലുള്ള തന്റെ സുഹൃത്തുക്കളെയും തന്നെ സ്വാധീനിച്ച വ്യക്തികളെയും അദ്ദേഹം ഏറെ ബഹുമാനത്തോടെയാണ് കാണുന്നത്.
അമേരിക്കയുടെ സമ്മിശ്ര സംസ്‌കാരം നല്‍കുന്ന ഈ സവിശേഷതയെ അദ്ദേഹം ഏറെ പോസിറ്റീവായി ദര്‍ശിക്കുന്നു.
തന്റെ ഈ ആത്മീയ പരിവര്‍ത്തനത്തിന്റെ കഥ ലോകത്തോട് പങ്കുവെക്കാന്‍ ഒരുങ്ങുകയാണ് വാന്‍സ് ഇപ്പോള്‍. 'കമ്മ്യൂണിയന്‍: ഫൈന്‍ഡിംഗ് മൈ വേ ബാക്ക് ടു ഫെയ്ത്ത്' എന്ന അദ്ദേഹത്തിന്റെ പുതിയ പുസ്തകം ജൂണ്‍ 16-ന് പുറത്തിറങ്ങാനിരിക്കുകയാണ്.
താന്‍ എങ്ങനെയാണ് നഷ്ടപ്പെട്ടുപോയ വിശ്വാസം വീണ്ടെടുത്തതെന്നും, യേശുക്രിസ്തുവിന്റെ പഠിപ്പിക്കലുകള്‍ സത്യമാണെന്ന് തിരിച്ചറിഞ്ഞതെന്നും ഈ പുസ്തകത്തിലൂടെ അദ്ദേഹം വിവരിക്കുന്നു.
കത്തോലിക്കരോ പ്രൊട്ടസ്റ്റന്റുകാരോ ആകട്ടെ, ദൈവവുമായി അനുരഞ്ജനം തേടുന്ന ഏതൊരു മനുഷ്യനും തന്റെ ഈ ജീവിതയാത്ര ഒരു വലിയ പ്രചോദനമാകുമെന്നാണ് ജെ.ഡി. വാന്‍സ് പ്രത്യാശിക്കുന്നത്.