'ആകെ നാണക്കേടായി, വന്നവര്‍ കഴിക്കാതെ മടങ്ങി'; കേറ്ററിങ് സംഘത്തെ പരിചയപ്പെട്ടത് ഇന്‍സ്റ്റഗ്രാം വഴി

 
SADHYA

കോട്ടയം: വിവാഹച്ചടങ്ങില്‍ ഭക്ഷണം എത്തിക്കാതെ കേറ്ററിങ് സംഘം മുങ്ങിയ സംഭവത്തില്‍ പരാതിയുമായി വീട്ടുകാര്‍. കാഞ്ഞിരപ്പള്ളി കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ഉദയം കേറ്ററിങ് എന്ന സ്ഥാപനത്തിന്റെ ഉടമയായ വിഷ്ണുവിനെതിരെയാണ് കഞ്ഞിക്കുഴിയിലെ വധുവിന്റെ സഹോദരന്‍ ശ്രീലാല്‍ പരാതി നല്‍കിയത്.

രണ്ട് വിവാഹച്ചടങ്ങുകളിലാണ് ഉദയം കേറ്ററിങ് സംഘം ഭക്ഷണം എത്തിക്കാതെ മുങ്ങിയത്. കഞ്ഞിക്കുഴിയിലേതിന് സമാനമായി മുണ്ടക്കയത്തും വിവാഹത്തിന് ഭക്ഷണമെത്തിക്കാമെന്ന് ഉദയം കേറ്ററിങ് സംഘം ഏറ്റിരുന്നു. എന്നാല്‍, ഭക്ഷണസമയത്ത് ഇവര്‍ മുങ്ങുകയായിരുന്നു.

വിദേശത്ത് ജോലിചെയ്തിരുന്ന പരാതിക്കാരന്‍ ഇന്‍സ്റ്റഗ്രാം വഴിയാണ് കേറ്ററിങ് സംഘത്തെ പരിചയപ്പെട്ടത്. നാട്ടിലെത്തി കേറ്ററിങ് സംഘത്തിന്റെ പരിപാടിയില്‍ പങ്കെടുത്ത് ഭക്ഷണവും മറ്റും വിലയിരുത്തുകയും അഡ്വാന്‍സ് നല്‍കുകയും ചെയ്തിരുന്നു. എന്നാല്‍, കല്യാണദിവസം വെല്‍കം ഡ്രിങ്ക്സ് പോലും ഇവര്‍ എത്തിച്ചില്ലെന്നാണ് പരാതി. ഫോണ്‍ വിളിച്ചപ്പോള്‍ ഇപ്പോള്‍ എത്തുമെന്ന് പറയുകയും പിന്നീട് ഫോണ്‍ സ്വിച്ച് ഓഫ് ചെയ്യുകയും ചെയ്‌തെന്ന് പരാതിക്കാരന്‍ പറയുന്നു.
'യുകെയിലാണ് ഞാന്‍ ജോലിചെയ്യുന്നത്. സഹോദരി കാനഡയിലും. നാട്ടില്‍ അങ്ങനെയാരും ഇല്ല. ഇന്‍സ്റ്റഗ്രാം നോക്കി റീല്‍സൊക്കെ കണ്ടാണ് ഈ സംഘത്തെ ഏല്‍പ്പിച്ചത്. ഇന്റിമേറ്റ് വെഡ്ഡിങ് രീതിയിലാണ് പ്ലാന്‍ചെയ്തത്. 

അത് ചെയ്യുന്നവര്‍ തീരെ കുറവായിരുന്നു. ഞായറാഴ്ചയായതുകൊണ്ടുതന്നെ ഒട്ടേറെ കല്യാണങ്ങള്‍ ഉണ്ടായിരുന്നു. ലഭ്യമായവരുടെ ലിസ്റ്റില്‍നിന്നാണ് ഉദയം വെഡ്ഡിങ് പ്ലാനേഴ്‌സ് എന്ന ഗ്രൂപ്പിനെ കിട്ടിയത്. ബന്ധപ്പെട്ട് അഡ്വാന്‍സ് നല്‍കി. നാട്ടിലെത്തിയശേഷം അവരുടെ ഒരു പരിപാടിക്ക് പോയിരുന്നു. വിഷ്ണുവുമായി സംസാരിച്ചു. ഭക്ഷണം കഴിച്ചുനോക്കി. എല്ലാം നല്ലതായിരുന്നു. 


കഴിഞ്ഞദിവസമായിരുന്നു ഇവിടുത്തെ കല്യാണം. തലേന്നുപോലും ഒന്നും ഒരുക്കിയിരുന്നില്ല. മറ്റൊരു ടീമിനെ ഏല്‍പ്പിച്ചാണ് അന്നേദിവസം ശരിയാക്കിയത്. പിറ്റേദിവസം വെല്‍കം ഡ്രിങ്ക്സ് പോലും തയ്യാറാക്കിയിരുന്നില്ല. വിളിക്കുമ്പോള്‍ വന്നുകൊണ്ടിരിക്കുകയാണെന്നാണ് പറഞ്ഞത്. 250 പേര്‍ക്കുള്ള ഭക്ഷണമാണ് ഓര്‍ഡര്‍ ചെയ്തത്. 

ഒരു ലക്ഷത്തിലേറെ രൂപ അവര്‍ക്ക് നല്‍കിയിട്ടുണ്ട്.
ഭക്ഷണം കിട്ടാതായതോടെ മാങ്ങാനത്തുള്ള കഫേയില്‍ ബിരിയാണി വെച്ചുതന്നു. പിന്നെ മറ്റൊരു ഹോട്ടലില്‍ ഉണ്ടായിരുന്ന സദ്യയും എത്തിച്ചാണ് കാര്യങ്ങള്‍ ശരിയാക്കിയത്.

 ഇപ്പോള്‍ അയാളെ വിളിക്കുമ്പോള്‍ ഫോണ്‍ സ്വിച്ച് ഓഫാണ്', ശ്രീലാല്‍ പറഞ്ഞു. ബന്ധുക്കള്‍ പലരും കഴിക്കാതെ പോയെന്നും ആകെ നാണക്കേടായെന്നും വീട്ടുകാര്‍ പറയുന്നു.

Tags

Share this story

From Around the Web