സര്‍ക്കാര്‍ ജോലി സ്വന്തമാക്കാന്‍ ഭര്‍ത്താവിനെ കൊലപ്പെടുത്തിയെന്ന് ആരോപണം; ഭാര്യ ഉള്‍പ്പെടെ മൂന്ന് പേര്‍ പിടിയില്‍
റാഞ്ചി: ഭര്‍ത്താവിന്റെ മരണത്തിലൂടെ സര്‍ക്കാര്‍ ജോലി സ്വന്തമാക്കാമെന്ന ലക്ഷ്യത്തോടെ കൊലപാതകം ആസൂത്രണം ചെയ്‌തെന്ന കേസില്‍ ഭാര്യയും കാമുകനും കൂട്ടാളിയും അറസ്റ്റില്‍. ജാര്‍ഖണ്ഡിലെ ഹസാരിബാഗ് ഗിഡ്ഡിയിലാണ് സംഭവം. സെന്‍ട്രല്‍ കോള്‍ ഫീല്‍ഡ്സ് ലിമിറ്റഡില്‍ (സിസിഎല്‍) ജീവനക്കാരനായിരുന്ന മംഗ്ലേഷ് പാല്‍ ഒക്ടോബര്‍ 18ന് പുലര്‍ച്ചെയാണ് കൊല്ലപ്പെട്ടത്. വീട്ടില്‍ മോഷണം നടത്താനെത്തിയ അജ്ഞാതര്‍ ഭര്‍ത്താവിനെ കൊലപ്പെടുത്തിയെന്നായിരുന്നു ഭാര്യയുടെ ആദ്യ മൊഴി. എന്നാല്‍ പൊലീസ് നടത്തിയ വിശദമായ അന്വേഷണത്തില്‍ സംഭവത്തിനു പിന്നിലെ ഗൂഢാലോചന പുറത്തുവന്നെന്നാണ് റിപ്പോര്‍ട്ട്.
23കാരിയായ നീതു എന്ന സോണാലി കുമാരിയാണ് ബന്ധുവായ കാമുകന്‍ കൗശിക് കുമാര്‍ നൗനിയയുമായി ചേര്‍ന്ന് കൊലപാതകം ആസൂത്രണം ചെയ്തതെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍. കൃത്യത്തില്‍ പ്രായപൂര്‍ത്തിയാകാത്ത ഒരു കൗമാരക്കാരനും സഹായിച്ചിരുന്നതായി അന്വേഷണത്തില്‍ വ്യക്തമായി. മൂര്‍ച്ചയേറിയ ആയുധം ഉപയോഗിച്ചാണ് മംഗ്ലേഷിനെ കൊലപ്പെടുത്തിയത്. കൊലപാതകത്തിനുശേഷം ഭാര്യയെ കെട്ടിയിടുകയും വായില്‍ തുണി തിരുകുകയും ചെയ്ത് സംഭവം മോഷണത്തിനിടെയുണ്ടായ കൊലപാതകമാണെന്ന് വരുത്തിത്തീര്‍ക്കാന്‍ ശ്രമിച്ചെന്നാണ് ആരോപണം.
കേസിന്റെ ഗൗരവം കണക്കിലെടുത്ത് ഹസാരിബാഗ് എസ്.പിയുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചു. കുറ്റകൃത്യം നടന്ന സ്ഥലത്ത് പരിശോധന നടത്തി ശാസ്ത്രീയ തെളിവുകള്‍ ശേഖരിച്ച പൊലീസ് പ്രതികളെ കണ്ടെത്തി അറസ്റ്റ് ചെയ്തു. ചോദ്യം ചെയ്യലിനിടെ പ്രതികളുടെ മൊഴികളില്‍ വൈരുധ്യങ്ങള്‍ കണ്ടെത്തിയതോടെ നീതുവിനെ വീണ്ടും ചോദ്യം ചെയ്തു. ഇതോടെയാണ് ഭര്‍ത്താവിന്റെ കൊലപാതകത്തില്‍ പങ്കുണ്ടെന്നും സിസിഎല്ലിലെ ജോലി സ്വന്തമാക്കാനും കാമുകനായ കൗശിക്കിനെ വിവാഹം കഴിക്കാനുമായിരുന്നു പദ്ധതിയെന്നും യുവതി മൊഴി നല്‍കിയതായി പൊലീസ് വ്യക്തമാക്കിയത്.
ഭര്‍ത്താവ് മരിച്ചാല്‍ ലഭിക്കാവുന്ന സര്‍ക്കാര്‍ ജോലിയെ ലക്ഷ്യമിട്ടാണ് കൊലപാതകം ആസൂത്രണം ചെയ്തതെന്നാണ് അന്വേഷണത്തിലെ പ്രധാന കണ്ടെത്തല്‍. മോഷണമെന്ന വ്യാജേന മറച്ചുവെക്കാന്‍ ശ്രമിച്ച സംഭവം പൊലീസ് അന്വേഷണത്തിലൂടെ പുറത്തുവന്നതോടെ കേസില്‍ നിര്‍ണായക വഴിത്തിരിവുണ്ടായി. അറസ്റ്റിലായ മൂന്ന് പേരെയും കേന്ദ്രീകരിച്ച് തുടര്‍നിയമനടപടികള്‍ പുരോഗമിക്കുകയാണ്.