ഫലമറിയാൻ മണിക്കൂറുക‍ള്‍ മാത്രം. തദ്ദേശപ്പോരിൽ കേരളം ആർക്കൊപ്പമെന്ന് ഇന്നറിയാം…

 
election

തദ്ദേശ തെരഞ്ഞെടുപ്പിലെ ജനവിധി കാത്ത് കേരളം.

കേരളം ആകാംക്ഷയോടെ കാത്തിരിക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പ് ഫലം ഇന്നറിയാം. സംസ്ഥാനത്തെ 244 കേന്ദ്രങ്ങളിലായി രാവിലെ എട്ടുമണിയോടെ വോട്ടെണ്ണൽ ആരംഭിക്കും.

രാവിലെ എട്ടരയ്ക്കുള്ളിൽ തന്നെ ആദ്യഫലങ്ങള്‍ വന്നു തുടങ്ങും. ഗ്രാമ പഞ്ചായത്തുകളുടെ ഫലമാണ് ആദ്യമെത്തുക.

ത്രിതല പഞ്ചായത്തുകളുടെ വോട്ടെണ്ണൽ ബ്ലോക്ക് തലത്തിലുള്ള കേന്ദ്രങ്ങളിലും മുനിസിപ്പാലിറ്റി, കോര്‍പ്പറേഷന്‍ വോട്ടെണ്ണൽ അതാത് കേന്ദ്രങ്ങളിലുമാണ് നടക്കുക.

ആദ്യമെണ്ണുക പോസ്റ്റല്‍ ബാലറ്റുകളാണ്. ഗ്രാമ, ബ്ലോക്ക് പഞ്ചായത്തുകളുടെയും നഗരസഭകളുടെയും പോസ്റ്റല്‍ ബാലറ്റുകള്‍ അതത് വോട്ടെണ്ണല്‍ കേന്ദ്രങ്ങളില്‍ വെച്ച് വരണാധികാരികളുടെ ടേബിളില്‍ എണ്ണും. ജില്ലാപഞ്ചായത്തിലേക്കുള്ള പോസ്റ്റല്‍ ബാലറ്റുകള്‍ കലക്ടറേറ്റിലെ ജില്ലാ പ്ലാനിങ് ഹാളില്‍ വരണാധികാരിയായ ജില്ലാ കലക്ടറുടെ നേതൃത്വത്തിലായിരിക്കും എണ്ണുക.

തുടര്‍ന്ന് വോട്ടിങ് മെഷീനുകളിലെ വോട്ടുകള്‍ എണ്ണും. വാര്‍ഡുകളുടെ ക്രമനമ്പര്‍ പ്രകാരമായിരിക്കും വോട്ടിങ് മെഷീനുകള്‍ ഓരോ കൗണ്ടിങ് ടേബിളിലും വെക്കുക.

ഒരു വാര്‍ഡിലെ എല്ലാ പോളിങ് സ്റ്റേഷനുകളുടെയും മെഷീനുകള്‍ ഒരു ടേബിളിള്‍ തന്നെ എണ്ണും. സ്ഥാനാര്‍ഥിയുടെയോ സ്ഥാനാര്‍ഥികള്‍ നിയോഗിക്കുന്ന കൗണ്ടിങ് ഏജന്റുമാരുടെയോ സാന്നിധ്യത്തിലാണ് ഓരോ ടേബിളിലും വോട്ടെണ്ണുക.

ഓരോ വാർഡിലെയും വോട്ടെണ്ണൽ പൂർത്തിയാകുന്ന മുറയ്ക്ക് ഫലം അപ്പോള്‍ തന്നെ കൗണ്ടിങ് സൂപ്പര്‍വൈസര്‍ രേഖപ്പെടുത്തി വരണാധികാരിക്ക് നല്‍കും.

ഉടനടി വോട്ടുനില ട്രെന്‍ഡ് പോര്‍ട്ടലില്‍ അപ്‌ലോഡ് ചെയ്യും.

ഗ്രാമപഞ്ചായത്ത് സ്ഥാനാര്‍ഥികളുടെ വോട്ടുനിലയാണ് ആദ്യം ലഭിക്കുക. എട്ടുമണിക്ക് വോട്ടെണ്ണൽ ആരംഭിച്ച്, എട്ടരയോടെ ഗ്രാമപഞ്ചായത്തുകളുടെ ഫലം വ്യക്തമാകും.

തുടര്‍ന്ന്, ബ്ലോക്ക്പഞ്ചായത്ത് സ്ഥാനാര്‍ഥികളുടെയും ജില്ലാപഞ്ചായത്ത് സ്ഥാനാര്‍ഥികളുടെയും വോട്ടു നില അറിയാനാകും. ഉച്ചയോടെ തദ്ദേശ പ്പോരിൽ കേരളം ആർക്കൊപ്പമെന്ന് വ്യക്തമാകും.

Tags

Share this story

From Around the Web