എല്‍.ഡി.എഫില്‍ തങ്ങള്‍ പൊരിവെയിലത്താണോ തണലത്താണോ ഉള്ളതെന്ന് ചിന്തിക്കേണ്ടത് സി.പി.ഐ. ഞങ്ങളുടെ അഭിപ്രായത്തില്‍ അവരിപ്പോള്‍ പൊരിവെയിലത്ത്: പി.എം.എ. സലാം

 
p m a salam

കോഴിക്കോട്: സി.പി.ഐയെ പിന്തുണച്ചുകൊണ്ട് മുസ്ലിം ലീഗ് ദേശീയ ഉപാധ്യക്ഷന്‍ കെ.പി.എ. മജീദ് ചന്ദ്രികയില്‍ എഴുതിയ ലേഖനത്തില്‍ പ്രതികരണവുമായി സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം.എ. സലാം. എല്‍.ഡി.എഫില്‍ തങ്ങള്‍ പൊരിവെയിലത്താണോ തണലത്താണോ ഉള്ളതെന്ന് ചിന്തിക്കേണ്ടത് സി.പി.ഐയാണെന്നും ഞങ്ങളുടെ അഭിപ്രായത്തില്‍ അവരിപ്പോള്‍ പൊരിവെയിലത്താണ് നില്‍ക്കുന്നതെന്നും സലാം കോഴിക്കോട് പറഞ്ഞു.

ചന്ദ്രികയിലെ ലേഖനം ഏതെങ്കിലും പാര്‍ട്ടിയെ ക്ഷണിക്കുന്നതല്ലെന്നും 'ക്ഷണം' എന്ന വാക്ക് ലേഖനത്തില്‍ ഇല്ലെന്നും സലാം ചൂണ്ടിക്കാണിച്ചു. ഇടതുമുന്നണിയില്‍ സി.പി.ഐ. അനുഭവിക്കുന്ന അവഗണനയാണ് ലേഖനത്തിലുള്ളത്. സി.പി.ഐയുടെ പഴയ പ്രതാപവും മുസ്ലിം ലീഗുമായുള്ള സഖ്യകാലത്തെ നേട്ടവുമാണ് ലേഖനത്തിലുള്ളത്.

യു.ഡി.എഫിലേക്ക് സി.പി.ഐയെ ക്ഷണിക്കേണ്ട ആവശ്യം ഇപ്പോള്‍ ഇല്ലെന്നും സലാം പറഞ്ഞു. നിലവില്‍ അങ്ങനെ ഒരു ചര്‍ച്ചയും നടക്കുന്നില്ല. യു.ഡി.എഫിലേക്ക് ഒരു രാഷ്ട്രീയ പാര്‍ട്ടിയെയും ഞങ്ങള്‍ ഇപ്പോള്‍ ക്ഷണിച്ചിട്ടില്ലെന്നും സലാം വ്യക്തമാക്കി.
മുസ്ലിം ലീഗും മതസംഘടനകളും തമ്മില്‍ തര്‍ക്കമില്ലെന്നും അദ്ദേഹം പറഞ്ഞു. മതസംഘടനകളുടെ കാര്യത്തില്‍ ലീഗ് ഇടപെടാറില്ലെന്നും സമസ്ത തര്‍ക്കവുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്കുള്ള മറുപടിയായി സലാം പറഞ്ഞു.
വഖഫ് ബോര്‍ഡ് പുന:സംഘടന നിയമത്തിന്റെ വഴിക്ക് പോകട്ടെയെന്നും അദ്ദേഹം പറഞ്ഞു. ഹൈക്കോടതി സര്‍ക്കാരിന് അതിനുള്ള അനുമതി നല്‍കിയിട്ടുണ്ട്. അതിന് അനുസരിച്ച് പരിശോധിച്ച് കാര്യങ്ങള്‍ തീരുമാനിക്കുമെന്നും പി.എം.എ സലാം പറഞ്ഞു.

Tags

Share this story

From Around the Web