സെന്‍സസ് വിവരശേഖരത്തില്‍ ഒബിസി കോളം ഉള്‍പ്പെടുത്താത്തത് അനീതി

 
KLCA


കൊച്ചി: സെന്‍സസ് വിവരശേഖരത്തില്‍ ഒബിസി കോളം ഉള്‍പ്പെടുത്താത്തത് അനീതിയെന്ന് കെഎല്‍സിഎ വരാപ്പുഴ അതിരൂപതാ സമിതി. 

സ്വതന്ത്ര ഇന്ത്യയില്‍ ആദ്യമായി നടത്തുന്ന ജാതി ഉള്‍പ്പെടുന്ന സെന്‍സസില്‍ ചോദ്യാവലി പരിഷ്‌കരിച്ചശേഷമേ രണ്ടാംഘട്ട സെന്‍സസ് നടപടി ആരംഭിക്കാവൂ എന്ന് അതിരൂപതാ സമിതി ആവശ്യപ്പെട്ടു.

രാജ്യത്തെ ജനസംഖ്യയുടെ 60 ശതമാനത്തിലധികം വരുന്ന ഒബിസി വിഭാഗത്തിന്റെ പ്രാതിനിധ്യത്തെ തിരിച്ചറിയാനാകാത്ത വിധമുള്ള സെന്‍സസ് രീതി കേന്ദ്ര ഗവണ്‍മെന്റിന്റെ മുന്നോക്ക വിഭാഗ പ്രീണനത്തിന്റെ ഉദാഹരണമാണ്.

മണ്ഡല്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കിയതിലൂടെ പിന്നോക്ക സമുദായത്തിന് ലഭിച്ച 27 ശതമാനം സംവരണം അടക്കമുള്ള അവകാശങ്ങള്‍ ഇല്ലാതാക്കുക എന്നതാണ് ഈ നടപടിയിലൂടെ കേന്ദ്രസര്‍ക്കാരിന്റെ ലക്ഷ്യമെന്ന് അതിരൂപതാ സമിതി ആരോപിച്ചു.

രാജ്യത്തെ 88 കോടിയോളം വരുന്ന പിന്നാക്ക ജനതക്ക് ഭരണഘടന പരിരക്ഷയും സംവരണമടക്കം വിദ്യാഭ്യാസ - തൊഴില്‍ മേഖലയിലെ അവകാശങ്ങള്‍ നിഷേധിക്കുന്നതാണ് ഇപ്പോള്‍ പുറത്തിറക്കിയിരിക്കുന്ന വിവരശേഖരണ പത്രിക.

 ഒബിസിക്ക് ലഭിക്കേണ്ട പ്രാതിനിധ്യത്തിന് തുരങ്കംവയ്ക്കുന്ന തീരുമാനങ്ങള്‍ മാറ്റണമെന്നും പിന്നോക്ക ഭാഗങ്ങള്‍ക്ക് ഭരണഘടന വിഭാവനം ചെയ്യുന്ന സംരക്ഷണം ഉറപ്പുവരുത്തുന്ന രീതിയില്‍ ജാതി സെന്‍സസ് നടത്തണമെന്നും അതിരൂപതാ സമിതി ആവശ്യപ്പെട്ടു.

ഡയറക്ടര്‍ ഫാ. മാര്‍ട്ടിന്‍ തൈപ്പറമ്പില്‍, പ്രസിഡന്റ് റോയ് ഡിക്കുഞ്ഞ, ജനറല്‍ സെക്രട്ടറി റോയ് പാളയത്തില്‍, ട്രഷറര്‍ എന്‍.ജെ പൗലോസ് തുടങ്ങിയവര്‍ പ്രസംഗിച്ചു.

Tags

Share this story

From Around the Web