സഭയുടെ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് ജ്വാല പകരുന്നത് യേശുവിന്റെ തിരുഹൃദയമാണ്: പാപ്പാ
ഹൃദയത്തെയും രക്തധമനികളെയും സംബന്ധിച്ച പരിചരണം ഉറപ്പാക്കുന്നതിനായി, വത്തിക്കാന്റെ മേൽനോട്ടത്തിലുള്ള ജെമെല്ലി പോളിക്ലിനിക് ആശുപത്രിയിൽ, പുതിയ ഹൃദയ രോഗ കേന്ദ്രത്തിനു തറക്കല്ലിട്ടു. ലിയോ പതിനാലാമൻ പാപ്പായാണ് കല്ല് ആശീർവദിച്ചത്. പുതിയ ഈ സംരംഭത്തിന്, ഫ്രാൻസിസ് പാപ്പായുടെ പേരാണ് നൽകിയിരിക്കുന്നത്.
ആശീർവാദവേളയിൽ, പാപ്പാ നൽകിയ സന്ദേശത്തിൽ, സഭയുടെ ജീവകാരുണ്യപ്രവർത്തനങ്ങളിൽ, ഹൃദയത്തിന്റെ പ്രാധാന്യവും, യേശുവിന്റെ തിരുഹൃദയത്തിന്റെ കൃപയും ഏറെ പ്രധാനപ്പെട്ടതാണെന്നു അടിവരയിട്ടു പറഞ്ഞു. മനുഷ്യവ്യക്തിയെ കേന്ദ്രീകരിച്ചുകൊണ്ടുള്ള ഈ പുതിയ സംരംഭം ആരംഭിക്കുന്ന അവസരത്തിൽ, ഉത്സാഹത്തോടെയും സഹകരണത്തോടും പ്രാർത്ഥനയോടും കൂടി, ഈ വെല്ലുവിളി ഏറ്റെടുക്കുവാൻ പാപ്പാ ഏവരെയും ക്ഷണിച്ചു.
ഈ സർവകലാശാല തിരുഹൃദയത്തിന്റെ പേരാണ് സ്വീകരിച്ചിരിക്കുന്നുവെന്നത്, ഏറെ പ്രാധാന്യമർഹിക്കുന്നുവെന്നു പറഞ്ഞ പാപ്പാ , എന്നാൽ ഇതൊരു ഭക്തിയുടെ പേരായതുകൊണ്ട്, ആദ്യം സ്വീകരിക്കുവാൻ മടിച്ചു നിന്നുവെങ്കിലും, പിന്നീട്, അത്ഭുതങ്ങളുടെ പരമ്പരയ്ക്ക് കൃത്യമായി കടപ്പെട്ടിരിക്കുന്നത് ക്രിസ്തുവിന്റെ ഹൃദയത്തോടാണ് എന്നുള്ള വാഴ്ത്തപ്പെട്ട അർമിദ ബറേല്ലിയുടെ ബോധ്യമാണ്, ഇതിനു കാരണമായതെന്ന ചരിത്രവും ഓർമ്മിപ്പിച്ചു.
മാനവിക സ്നേഹവും, യേശുവിന്റെ തിരുഹൃദയ സ്നേഹവും എടുത്തു പറയുന്ന, ഫ്രാൻസിസ് പാപ്പായുടെ അവസാന ചാക്രികലേഖനമായ "ദിലെക്സിത് നോസ്", ഈ സംരംഭത്തിന്റെ ഒരു പ്രവചനമായിരുന്നുവെന്നും പാപ്പാ പറഞ്ഞു. അതിന്റെ ആദ്യ ഭാഗത്തിൽ, ഹൃദയത്തെ മനുഷ്യന്റെ കേന്ദ്രവും സമന്വയവുമായി മനസ്സിലാക്കുന്ന ക്രിസ്തീയ നരവംശശാസ്ത്രത്തെ എടുത്തുപറയുന്നുവെന്നും, അതിനാൽ മനുഷ്യന്റെ വ്യക്തിത്വം, ഹൃദയത്തിൽ ഏകീകൃതമാണെന്നും, അത് അതിന്റെ ആത്മീയവും മാനസികവും ശാരീരികവുമായ എല്ലാ ഘടകങ്ങളുമായി ചേർന്നുകൊണ്ട് സ്നേഹത്തിന്റെ ഇരിപ്പിടമായി മാറുന്നുവെന്നും പാപ്പാ കൂട്ടിച്ചേർത്തു.
ജെമെല്ലി ആശുപത്രി എത്രത്തോളം വളരുന്നുവോ അത്രയധികം അവിടെ ജോലി ചെയ്യുന്നവരുടെ മാനുഷികവും ക്രിസ്തീയവുമായ രൂപീകരണത്തിന് കൂടുതൽ ശ്രദ്ധ നൽകണമെന്നും പാപ്പാ ഉദ്‌ബോധിപ്പിച്ചു. നമ്മുടെ ജീവിതത്തിനും പ്രവർത്തനത്തിനും പ്രചോദനത്തിന്റെയും പിന്തുണയുടെയും പ്രധാന ഉറവിടമായ ക്രിസ്തുവിന്റെ ഹൃദയത്തിന്റെ സ്നേഹം, ശാശ്വതമായ ജ്വാല പോലെ, സഭയുടെ കാരുണ്യപ്രവർത്തനങ്ങളിൽ ഉണ്ടാകട്ടെയെന്നും പാപ്പാ ആശംസിച്ചു.