'മാനസികാഘാതം ഏല്‍ക്കുന്നില്ലന്ന് ഉറപ്പാക്കേണ്ടത് കോടതികളുടെ കടമ'; ലൈംഗിക അതിക്രമങ്ങള്‍ക്ക് ഇരയാകുന്ന അതിജീവിതയെ വീണ്ടും വിസ്തരിക്കരുത്: സുപ്രീംകോടതി

ന്യൂഡല്‍ഹി:ലൈംഗിക അതിക്രമങ്ങള്‍ക്ക് ഇരയാകുന്ന അതിജീവിതയെ വീണ്ടും വിസ്തരിക്കരുതെന്ന് സുപ്രീംകോടതി. ലൈംഗിക അതിക്രമങ്ങള്‍ക്ക് ഇരയാകുന്ന കുട്ടികള്‍ക്ക് വീണ്ടും മാനസികാഘാതം ഏല്‍ക്കുന്നില്ലന്ന് ഉറപ്പാക്കേണ്ടത് കോടതികളുടെ കടമയാണെന്നും സുപ്രീംകോടതി നിരീക്ഷിച്ചു.
അതിജീവിതയായ പെണ്‍കുട്ടിയെ വീണ്ടും വിസ്തരിക്കണമെന്ന അരുണാചല്‍ സ്വദേശിയായ പ്രതിയുടെ ആവശ്യം പരിഗണിക്കവെയാണ് സുപ്രീം കോടതി നിര്‍ണായക നിര്‍ദേശം പുറപ്പെടുവിച്ചത്. കൂടാതെ അതിജീവിതയായ പെണ്‍കുട്ടിയെ വീണ്ടും വിസ്തരിക്കണമെന്ന ആവശ്യം സുപ്രീം കോടതി തള്ളി.
പ്രതിയുടെ ആവശ്യം അംഗീകരിച്ചാല്‍ കോടതിയോടുള്ള ജനവിശ്വാസത്തെ അത് ദുര്‍ബലപ്പെടുത്തുമെന്ന് ജസ്റ്റിസുമാരായ അരവിന്ദ് കുമാര്‍, എന്‍ വി അഞ്ജരിയ എന്നിവര്‍ നിരീക്ഷിച്ചു. തന്റെ കുട്ടിയെ നീതിയില്‍ വിശ്വസിക്കാന്‍ പഠിപ്പിക്കുന്ന ഓരോ അമ്മയ്ക്കും അതൊരു പ്രഹരവുമായിരിക്കുമെന്നും സുപ്രീം കോടതി ബെഞ്ച് വിലയിരുത്തി.
കുറ്റം തെളിഞ്ഞ ശേഷവും ഇത്തരമൊരു അവസരം പ്രതിക്ക് നല്‍കുന്നത് ഓരോ കുട്ടിക്കും ഭരണഘടനാപരമായി നല്‍കുന്ന വാഗ്ദാനത്തെ വഞ്ചിക്കുന്നതാകുമെന്നും സുപ്രീംകോടതി നിരീക്ഷിച്ചു.