വിശ്വസ്തതയോടെയുള്ള ആത്മസമര്‍പ്പണം മെത്രാന്റെ കടമയാണ്; ഫലം ആത്യന്തികമായി ദൈവത്തിന്റേതും: പാപ്പാ
പെറുവിന്റെ തലസ്ഥാനമായ ലിമയുടെ മെത്രാപ്പോലീത്ത ആയിരുന്ന മൊഗ്രോവെഹോയിലെ വിശുദ്ധ ടൂറിബിയൂസിനെ വിശുദ്ധനായി പ്രഖ്യാപിച്ചതിന്റെ മൂന്നാം ശതാബ്ദിവേളയില്‍ ലാറ്റിന്‍ അമേരിക്കയിലെയും കരീബിയയിലെയും മെത്രാന്മാരെ അഭിസംബോധന ചെയ്തുകൊണ്ട് ലിയോ പതിനാലാമന്‍ പാപ്പാ ലേഖനം എഴുതി. ആമുഖത്തില്‍ താനും പെറുവില്‍ മെത്രാനായി അജപാലന ശുശ്രൂഷ ചെയ്യുന്ന അവസരത്തില്‍ ഈ വിശുദ്ധനിലുള്ള ജനങ്ങളുടെ ഭക്തി കാണുവാന്‍ അവസരം ഉണ്ടായിട്ടുണ്ടെന്ന് എടുത്തു പറഞ്ഞു.
സുവിശേഷവത്കരണത്തിനായുള്ള തീക്ഷ്ണതയും സഭാ ജീവിതം കെട്ടിപ്പടുക്കുന്നതിനും പുതുക്കുന്നതിനുമുള്ള അദ്ദേഹത്തിന്റെ പ്രതിബദ്ധതയും ഏറ്റവും ദരിദ്രരും ദുര്‍ബലരുമായ ആളുകളുമായുള്ള അദ്ദേഹത്തിന്റെ അടുപ്പവും അദ്ദേഹത്തിന്റെ ജീവിതത്തിന്റെ പ്രത്യേകതകള്‍ ആയിരുന്നുവെന്നു ലേഖനത്തില്‍ പാപ്പാ അടിവരയിടുന്നു.
തുടര്‍ന്ന് ഒരു മെത്രാന്റെ രൂപതാസ്ഥാനാരോഹണത്തിന്റെയും മറ്റും നിമിഷങ്ങള്‍ പാപ്പാ വിശദീകരിച്ചു.
കത്തീഡ്രലിന്റെ വാതില്‍ക്കല്‍ നിന്നാണ് മെത്രാന്റെ പ്രവേശന ശുശ്രൂഷ ആരംഭിക്കുന്നതെന്നും അത് വിശുദ്ധ ടൂറിബിയൂസിന്റെ ജീവിതത്തില്‍ അദ്ദേഹത്തിന്റെ അജപാലന സന്ദര്‍ശനങ്ങളും പ്രാദേശിക ഭാഷകളില്‍ സുവിശേഷം പ്രഘോഷിക്കണമെന്ന ആഗ്രഹവും ക്രമേണ ആ ദേശവുമായും അവിടുത്തെ ജനങ്ങളുമായും അദ്ദേഹത്തിന്റെ ബന്ധം ശക്തിപ്പെടുത്തിയെന്നു പാപ്പാ ചൂണ്ടിക്കാണിച്ചു.
ഇന്നും അജപാലന സന്ദര്‍ശനങ്ങള്‍ അവയുടെ ചൈതന്യം നിലനിര്‍ത്തുന്നുവെന്ന് നാം ഉറപ്പാക്കണമെന്നു പാപ്പാ ആഹ്വാനം ചെയ്തു.
തുടര്‍ന്ന് മെത്രാന്‍ വിശുദ്ധ കുരിശിനെയാണ് ചുംബിക്കുന്നതെന്നും ഇത് ആത്മത്യാഗത്തിന്റെ വാഗ്ദാനമാണെന്നും പാപ്പാ പറഞ്ഞു. മെത്രാന്റെ ശുശ്രൂഷ പ്രതീക്ഷിക്കാത്ത പാതകളിലേക്ക് നയിച്ചേക്കാമെന്നും ഇവിടെ അവന്‍ ഒരിക്കലും സങ്കല്‍പ്പിച്ചിട്ടില്ലാത്ത ത്യാഗങ്ങള്‍ ആവശ്യമാണെന്നും പാപ്പാ പറഞ്ഞു. പ്രയാസകരമായ സമയങ്ങള്‍ വരുമ്പോള്‍ താന്‍ ആട്ടിന്‍കൂട്ടത്തോടൊപ്പം തുടരണമെന്നും ആടുകളെ സംരക്ഷിക്കുന്നത് ഇടയന് തന്നെ ഒരു വില നല്‍കുമെന്നും പാപ്പാ കൂട്ടിച്ചേര്‍ത്തു. തദ്ദേശീയരെ സംരക്ഷിക്കുകയും ദുരുപയോഗങ്ങള്‍ തിരുത്തുകയും ദരിദ്രരോടും കഷ്ടപ്പെടുന്നവരോടും അടുത്ത് നില്‍ക്കുകയും ചെയ്തു കൊണ്ട് വിശുദ്ധന്‍ ഈ ചുബനം കര്‍ത്താവിനു സമര്‍പ്പിച്ചുവെന്നും പാപ്പാ പറഞ്ഞു.
തുടര്‍ന്ന് മെത്രാന്‍ വിശുദ്ധജലം സ്വീകരിക്കുകയും സ്വയം തളിക്കുകയും സന്നിഹിതരായവരെ തളിക്കുകയും ചെയ്യുന്നുവെന്നും ഇത് മാമ്മോദീസയുടെ പൊതു ഉറവിടത്തിലേക്ക് തിരികെ കൊണ്ടുവരുന്നുവെന്നും ക്രിസ്തുവിന്റെ ശിഷ്യന്‍ ആണെന്ന ബോധ്യം ഊട്ടിയുറപ്പിക്കുകയും ചെയ്യുന്നുവെന്നും പാപ്പാ പറഞ്ഞു.
ദൈവജനത്തിന്റെ അധ്യക്ഷനാകുന്നതിനുമുമ്പ് ക്രിസ്തുവില്‍ മകനെന്ന ബോധ്യം മെത്രാന്മാര്‍ ഊട്ടിയുറപ്പിക്കണമെന്നും അതിനാല്‍ ഇടയന്റെ വിശുദ്ധിയെ നിസാരമായി കാണുക സാധ്യമല്ലെന്നും പാപ്പാ പറഞ്ഞു.
വിശുദ്ധ കുര്‍ബാനയുടെ മുന്‍പില്‍ മുട്ടുകള്‍ കുത്തി ആചാരം ചെയ്യുന്ന മെത്രാന്‍ ക്രിസ്തുവിന്റെ ഒരിക്കലും മാറാത്ത സാന്നിധ്യത്തെ വെളിപ്പെടുത്തുന്നുവെന്നും അതിനാല്‍ മെത്രാന്മാര്‍ വിശുദ്ധകുര്‍ബാനയുടെ പ്രാധാന്യത്തെ എപ്പോഴും അനുസ്മരിക്കണമെന്നും പാപ്പാ പറഞ്ഞു. തുടര്‍ന്ന് ബലിപീഠത്തെയും മെത്രാന്‍ ചുംബിക്കുന്നു.
രൂപതയിലെ വൈവിധ്യങ്ങള്‍ ക്രിസ്തുവില്‍ ഐക്യം കണ്ടെത്തുന്നുവെന്ന് ഉറപ്പാക്കേണ്ടത് മെത്രാന്മാരുടെ ഉത്തരവാദിത്തമാണെന്ന് പാപ്പാ പറഞ്ഞു.
അതിനുശേഷം പുരോഹിതന്മാരും വിശ്വാസികളും 'അനുസരണവും ബഹുമാനവും കാണിക്കാന്‍' അദ്ദേഹത്തെ സമീപിക്കുന്നുവെന്നും ബഹുമാനം മെത്രാന്റെ ഉത്തരവാദിത്തമായി മാറുന്നുവെന്നും അനുസരണം അദ്ദേഹത്തില്‍ നിന്ന് പിതൃഹൃദയം ആവശ്യപ്പെടുന്നുവെന്നും പാപ്പാ പറഞ്ഞു. യഥാര്‍ത്ഥ സാഹോദര്യം വളര്‍ത്തുകയും ഒരു പ്രശ്‌നം പരിഹരിക്കപ്പെടുമ്പോള്‍ മാത്രമേ തന്റെ മെത്രാനെ സമീപിക്കാന്‍ കഴിയൂ എന്ന് ഒരു പുരോഹിതനും തോന്നാതിരിക്കാന്‍ നമുക്ക് ഉറപ്പുവരുത്താമെന്നും മെത്രാന്മാരെ പാപ്പാ ഓര്‍മ്മിപ്പിച്ചു.
ഒരു അടിയന്തിര കാര്യമോജോലിയോ അത് എത്ര അത്യാവശ്യമാണെങ്കിലും പ്രസംഗിക്കുന്നതിന് ആവശ്യമായ തയ്യാറെടുപ്പായ പ്രാര്‍ത്ഥനയെ അവഗണിക്കാന്‍ പാടില്ലായെന്നും വചനം ശ്രവിക്കാനും അത് നമ്മുടെ ജനത്തിനു എങ്ങനെ പറഞ്ഞു കൊടുക്കാമെന്നു ശ്രദ്ധാപൂര്‍വം പരിചിന്തനം ചെയ്യുവാനുമുള്ള സമയം നമുക്ക് എല്ലായ് പോഴും മാറ്റിവെക്കാമെന്നും പാപ്പാ മെത്രാന്മാരെ ആഹ്വാനം ചെയ്തു.
എല്ലാ പുരോഹിതനെയും പോലെ മെത്രാനും തന്റെ ശുശ്രൂഷയിലൂടെ നിത്യ മഹാപുരോഹിതനായ ക്രിസ്തുവിന് തന്റെ ശബ്ദവും കൈകളും നല്‍കുന്നുവെന്നും ഇത് ആത്മ സമര്‍പ്പണമാണെന്നും പാപ്പാ പറഞ്ഞു.
ലാറ്റിനമേരിക്കയിലെ വിവിധ വിശുദ്ധന്മാരുടെ മാധ്യസ്ഥ്യം പാപ്പാ എടുത്തുപറഞ്ഞുകൊണ്ട് അവരുടെ സഹായത്തിനു ഏവരെയും സമര്‍പ്പിച്ചു പ്രാര്‍ത്ഥിക്കുകയും ചെയ്തു