സുവിശേഷത്തിനു സാക്ഷ്യം നല്‍കുക എന്നതാണ് ഓരോ ക്രൈസ്തവന്റെയും കടമ: പാപ്പാ

​​​​​​​

 
LEO


ജൂബിലി തീര്‍ത്ഥാടനത്തിനായി റോമില്‍ എത്തിച്ചേര്‍ന്ന, സെന്റ് ആന്‍ഡ്രൂസ് അന്താരാഷ്ട്ര സുവിശേഷവത്ക്കരണ വിദ്യാലയത്തിലെ അംഗങ്ങള്‍ ലിയോ പതിനാലാമന്‍ പാപ്പായെ സന്ദര്‍ശിച്ചു. 

തദവസരത്തില്‍ നല്‍കിയ സന്ദേശത്തില്‍, ആഗസ്റ്റ് ഇരുപത്തിയൊമ്പതാം തീയതി സഭ ഓര്‍മ്മിക്കുന്ന സ്‌നാപകയോഹന്നാന്റെ രക്തസാക്ഷിത്വം, പ്രേഷിതപ്രവര്‍ത്തനത്തില്‍ ഏവര്‍ക്കും മാതൃകയാണെന്നും, അതേദിവസം  സെന്റ് ആന്‍ഡ്രൂസ് അംഗങ്ങളെ സ്വീകരിക്കുവാന്‍ സാധിച്ചതില്‍ അതിയായ സന്തോഷമുണ്ടെന്നും പാപ്പാ പറഞ്ഞു. 


കേബേക് അതിരൂപതയുടെ മെത്രാപ്പോലീത്ത, കര്‍ദിനാള്‍ ജറാള്‍ഡ് സിപ്രിയാന്‍ ലാക്രൂവ്വ, ശ്രീ ഹോസെ പ്രാദോ ഫ്‌ളോറെസ് എന്നിവരുടെ നേതൃത്വത്തിലാണ്, സംഘം  റോമില്‍ തീര്‍ത്ഥാടനത്തിനായെത്തിയത്.

ഇന്നത്തെ ലോകത്തിലെ സുവിശേഷകരുടെ ദൌത്യത്തെക്കുറിച്ച് ചിന്തിക്കാന്‍ വിശുദ്ധ സ്‌നാപകയോഹന്നാന്റെ ജീവിതം നമ്മെ ഏറെ സഹായിക്കുമെന്നു പാപ്പാ പറഞ്ഞു. വിശുദ്ധ യോഹന്നാന്റെ സുവിശേഷത്തിന്റെ ആമുഖത്തില്‍ പറഞ്ഞിരിക്കുന്നതുപോലെ, ' വചനം മാംസമാകുകയും, നമ്മുടെ ഇടയില്‍ വസിക്കുകയും ചെയ്തുവെന്നും' തുടര്‍ന്ന് വിശുദ്ധ സ്‌നാപകയോഹന്നാന്‍ ഈ സത്യത്തിനു സാക്ഷ്യം വഹിച്ചുവെന്നും പാപ്പാ പറഞ്ഞു.  


സുവിശേഷകന്റെ ആദ്യ അധ്യായങ്ങള്‍, സൂക്ഷ്മതയോടെ വീക്ഷിച്ചാല്‍, സുവിശേഷവല്‍ക്കരണ പഠനത്തിന്റെ പ്രാധാന്യം മനസിലാക്കുവാന്‍ സാധിക്കുമെന്നും പാപ്പാ ചൂണ്ടിക്കാട്ടി.

നാം ധ്യാനിച്ച കാര്യങ്ങള്‍ക്ക് സാക്ഷ്യം  വഹിക്കുന്നതിനും, ജീവന്റെ ദൈവവുമായി നാം കണ്ടുമുട്ടിയതിന് സാക്ഷ്യം നല്‍കുന്നതിനുമുള്ള വിളിയാണിതെന്നും പാപ്പാ ഓര്‍മ്മപ്പെടുത്തി. ഇതാണ് യോഹന്നാന്റെ ലേഖനത്തില്‍ നാം കണ്ടെത്തുന്നതെന്നും പാപ്പാ പറഞ്ഞു: 'ഞങ്ങള്‍ കാണുകയുംകേള്‍ക്കുകയും ചെയ്തതു നിങ്ങളെയും ഞങ്ങള്‍ അറിയിക്കുന്നു. 

ഞങ്ങളുമായി നിങ്ങള്‍ക്കും കൂട്ടായ്മ ഉണ്ടാകേണ്ടതിനാണ് ഞങ്ങള്‍ ഇതു പ്രഘോഷിക്കുന്നത്. ഞങ്ങളുടെ കൂട്ടായ്മയാകട്ടെ, പിതാവിനോടും അവിടുത്തെ പുത്രനായ യേശുക്രിസ്തുവിനോടുമാണ്.' (1 യോഹന്നാന്‍ 1 : 3).

മാമോദീസ സ്വീകരിക്കുന്ന ഏതൊരു വ്യക്തിയിലും നിക്ഷിപ്തമായിരിക്കുന്ന കടമയും, ക്രിസ്തുവില്‍ ഒന്നായിത്തീരേണ്ടതിന്, നാം ദാനമായി സ്വീകരിച്ചവ മറ്റുള്ളവരുമായി പങ്കുവയ്ക്കുക എന്നതാണെന്നും പാപ്പാ പറഞ്ഞു.  


പ്രത്യാശയോടെ  തുടര്‍ന്നും സുവിശേഷവേള ചെയ്യുവാന്‍ ഏവരെയും ആഹ്വാനം ചെയ്ത പാപ്പാ, ഗ്വാഡലൂപ്പ മാതാവിന്റെ സംരക്ഷണത്തിന് ഏവരെയും സമര്‍പ്പിച്ചു പ്രാര്‍ത്ഥിച്ചു.
 

Tags

Share this story

From Around the Web