ശബ്ദമില്ലാത്തവരുടെ ശബ്ദമായി മാറുക ക്രൈസ്തവരുടെ കടമയാണ്: പാപ്പാ

വത്തിക്കാന്‍: 2022 ജൂണ്‍ 29 ന് ആദ്യമായി പ്രസിദ്ധീകരിക്കപ്പെട്ട വത്തിക്കാന്റെ ഔദ്യോഗിക പത്രമായ ഒസെര്‍വത്തോരെ റൊമാനോയുടെ മാസികയായ ഒസെര്‍വത്തോരെ ദി സ്ത്രാദയുടെ മൂന്നാം വാര്‍ഷികത്തോടനുബന്ധിച്ച് ലിയോ പതിനാലാമന്‍ പാപ്പാ സന്ദേശം നല്‍കി.
സന്ദേശത്തില്‍ വളരെ പ്രത്യേകമായി, ക്രൈസ്തവരെന്ന നിലയില്‍ അപരനോട് കാണിക്കേണ്ടുന്ന അനുകമ്പയുടെ പ്രാധാന്യം പാപ്പാ അടിവരയിട്ടു പറഞ്ഞു. ശബ്ദമില്ലാത്തവരുടെ ശബ്ദമായി മാറുവാനുള്ള നമ്മുടെ കടമയും പാപ്പാ പ്രത്യേകം എടുത്തു പറഞ്ഞു.
മൂന്നു വര്‍ഷം മുന്‍പ്, ഫ്രാന്‍സിസ് പാപ്പാ, ഈ മാസികയുടെ പ്രത്യേകതകള്‍ ചൂണ്ടിക്കാണിച്ചുകൊണ്ട് നടത്തിയ, 'പിന്തള്ളപ്പെട്ടവര്‍ ഇവിടെ പ്രധാന കഥാപാത്രങ്ങളായി മാറുന്നുവെന്നുള്ള' പ്രസ്താവന ലിയോ പതിനാലാമന്‍ പാപ്പാ അടിവരയിട്ടു പറയുകയും, ഈ മാസികയ്ക്ക് രൂപം നല്‍കുന്ന ഏവര്‍ക്കും പ്രത്യേകമായി നന്ദിയര്‍പ്പിക്കുകയും ചെയ്തു.
ഞായറാഴ്ച്ചകളില്‍ വത്തിക്കാനിലെ വിശുദ്ധ പത്രോസിന്റെ ചത്വരത്തില്‍, മധ്യാഹ്ന പ്രാര്‍ത്ഥനയ്ക്കായി എത്തുന്ന തീര്‍ത്ഥാടകര്‍ക്ക് ഈ മാസിക വിതരണം ചെയ്യുന്നതിലൂടെ പാപ്പായെ അനുഗമിക്കുവാന്‍ സഹായിക്കുന്നുവെന്നും ലിയോ പതിനാലാമന്‍ ചൂണ്ടിക്കാട്ടി.
ലോകത്തെ തെരുവില്‍ നിന്ന് കാണണമെന്ന് ഓര്‍മ്മിക്കാനും അപ്രകാരം നമ്മുടെ കാഴ്ചപ്പാടുകളെ മാറ്റുവാനും ഈ മാസിക സഹായകരമാണെന്നു പാപ്പാ പറഞ്ഞു. ശബ്ദമില്ലാത്തവരുടെ ശബ്ദം യഥാര്‍ത്ഥമായും കൂടുതല്‍ ആഴത്തിലും കാണുകയും കേള്‍ക്കുകയും ചെയ്യുന്നതില്‍ നിന്ന് പലപ്പോഴും നമ്മെ തടയുന്ന രൂപരേഖകളില്‍നിന്നും, വിധിപ്രസ്താവനകളില്‍ നിന്നും മോചിതരാകുവാനും ഈ മാസിക സഹായകരമാണെന്നു പാപ്പാ ഓര്‍മ്മപ്പെടുത്തി.
'നമുക്കൊരുമിച്ച്, വിശ്വാസത്തോടെ മുന്നോട്ട് പോകാം മനുഷ്യരുടെ നഗരത്തിലേക്ക്, ദൈവീക നഗരത്തിന്റെ നിമിഷങ്ങള്‍ സമ്മാനിക്കുന്ന പ്രവൃത്തികള്‍ തുടരാം', പാപ്പാ പറഞ്ഞു.
ജീവിതസാക്ഷ്യങ്ങളിലൂടെ ദൈവത്തെ തിരിച്ചറിയുവാനും, ദൈവത്തിന്റെ കരം മനസിലാക്കുവാനും സാധിക്കുന്നുവെന്നും, ദൈവസ്‌നേഹത്തില്‍ നാം വിശ്വസിക്കുന്നുവെങ്കില്‍, ഈ സാക്ഷ്യങ്ങള്‍ പ്രദാനം ചെയ്യുന്ന പ്രത്യാശയെ തിരിച്ചറിയുവാന്‍ നമുക്ക് കഴിയുമെന്നും പാപ്പാ പ്രത്യേകം പറഞ്ഞു.
'മറ്റുള്ളവരോട് അനുകമ്പയുള്ളവര്‍ ഭാഗ്യവാന്മാര്‍, കാരണം അവര്‍ക്ക് അനുകമ്പ ലഭിക്കും' എന്ന വിശുദ്ധ അഗസ്റ്റിന്റെ വാക്കുകളും പാപ്പാ ഓര്‍മ്മപ്പെടുത്തി.