രാജ്യത്തിനകത്ത് തിരുവസ്ത്രം ഉപയോഗിച്ച് സഞ്ചരിക്കാനാകാത്ത അവസ്ഥയാണുള്ളത്. അവരെ സംശയത്തിന്റെ ദൃഷ്ടിയിൽ നിർത്തിയിരിക്കുകയാണ് ഭരണകൂടം. കന്യാസ്ത്രീകളെ ജയിലിൽ എത്തി കണ്ട് ഇടതുസംഘം

 
NUN

റായ്പൂർ: ഛത്തീസ്ഗഡിൽ അറസ്റ്റിലായ കന്യാസ്ത്രീകൾക്ക് എതിരെ മതപരിവർത്തനവും മനുഷ്യക്കടത്തും ഉൾപ്പെടയുള്ള കുറ്റങ്ങൾ ചുമത്തിയത് രാഷ്ട്രീയ പ്രേരിതമെന്ന് ജോസ് കെ മാണി എംപി. 

ദേഹോപദ്രവത്തെക്കാൾ ക്രൂരമായി കന്യാസ്ത്രീകളെ മാനസികമായി പീഡിപ്പിച്ചെന്നും ജോസ് കെ മാണി പറഞ്ഞു. അറസ്റ്റിലായ മുതിർന്ന പൗരകളായ കന്യാസ്ത്രീകൾക്ക് ഗുരതരമായ ആരോഗ്യപ്രശ്‌നങ്ങളുണ്ടായിട്ടും അവരെ നിലത്താണ് കിടത്തിയതെന്നും അവരെ വിദേശികളെന്ന് വിളിച്ചാക്ഷേപിച്ചെന്നും സിപിഎം എംപി ബൃന്ദാ കാരാട്ട് പറഞ്ഞു. 

കന്യാസ്ത്രീകളെ ഛത്തീസ്ഗഡിലെ ദുർഗിലെ ജയിലിൽ എത്തി കണ്ട ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു ഇടതു എംപിമാർ. 

കന്യാസ്ത്രീകളോട് അനീതി കാട്ടിയത് ഭരണകൂടമാണെന്ന് ജോസ് കെ മാണി പറഞ്ഞു. ഇത് നേരത്തെ ആസൂത്രണം ചെയ്ത തിരക്കഥയ്ക്കനുസരിച്ചുണ്ടാക്കിയ രാഷ്ട്രീയ പ്രേരിതമായ കേസാണ്.

 ദേഹോപദ്രവം നടത്തുന്നതിനെക്കാൾ മോശമായിട്ടാണ് അവർ കന്യാസ്ത്രീകളോട് പെരുമാറിയത്. രാജ്യത്തിനകത്ത് തിരുവസ്ത്രം ഉപയോഗിച്ച് സഞ്ചരിക്കാനാകാത്ത അവസ്ഥയാണുള്ളത്. അവരെ സംശയത്തിന്റെ ദൃഷ്ടിയിൽ നിർത്തിയിരിക്കുകയാണ് ഭരണകൂടം. 

രാജ്യത്ത് വിശുദ്ധയായി പ്രഖ്യാപിച്ച അൽഫോൻസയുടെ മദർ തെരേസയുടെ പിൻമുറക്കാരാണ് അവർ. മദർ തെരേസ ജീവിച്ചിരുന്നെങ്കിൽ അവരെ കൈവിലങ്ങ് അണിയിച്ചേനേയെന്നും ജോസ് കെ മാണി പറഞ്ഞു. 

അവർ ചെയ്ത കാര്യങ്ങൾ തന്നെയാണ് ഇവരും ചെയ്യുന്നത്. ഇവർ മതപരിവർത്തനവും മനുഷ്യക്കടത്തും നടത്തിയില്ലെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് പറയുന്നു. എന്നിട്ടും എന്തിനാണ് ഇവർക്കെതിരെ് ഇത്രഗുരുതരമായ കുറ്റകൃത്യങ്ങൾ ചുമത്തിയത്. കേസ് റദ്ദാക്കണമെന്നും ജോസ് കെ മാണി പറഞ്ഞു.

കന്യാസ്ത്രീകൾക്കൊപ്പമുണ്ടായിരുന്നവർ ക്രിസ്ത്യാനികളാണെന്ന് മനസിലാക്കിയതോടെ പൊലീസ് തന്ത്രപൂർവം മനുഷ്യക്കടത്ത് ചുമത്തുകയായിരുന്നെന്ന് ആനി രാജ പറഞ്ഞു. കന്യാസ്ത്രീകളുടെ ആരോഗ്യസ്ഥിതി വളരെ മോശമാണ്. അവർക്ക് ഉടൻ വൈദ്യസഹായം നൽകണമെന്ന് ആവശ്യപ്പെട്ടതായും ആനി രാജ പറഞ്ഞു. 

റെയിൽവേയുടെ പൊലീസിന്റെയും സാന്നിധ്യത്തിൽ ബജ്‌റംഗദൾ പ്രവർത്തകർ അവരെ ചോദ്യം ചെയ്യുകയായിരുന്നു. വളരെ നികൃഷ്ടമായ വാക്കുകളാണ് അവർ ഉപയോഗിച്ചത്. അമ്മയുടെ ഉദരത്തിൽ നിന്ന് എങ്ങനെ പുറത്തുവന്നോ ആ ഗതി നിങ്ങൾക്ക് ഉണ്ടാകുമെന്ന് അവർ പറഞ്ഞതായും കന്യാസ്ത്രീകൾ പറഞ്ഞതായി ആനി രാജ പറഞ്ഞു. 

ഉടനടി കേസ് റദ്ദാക്കി കന്യാസ്ത്രീകളെ മോചിപ്പിക്കണമെന്നും ആനിരാജ പറഞ്ഞു. കെ രാധാകൃഷ്ണൻ, എ എ റഹീം തുടങ്ങിയവരും സംഘത്തിലുണ്ടായിരുന്നു.

Tags

Share this story

From Around the Web