വാര്‍ധക്യത്തിന്റെ ലക്ഷണങ്ങള്‍ മറച്ചുവയ്ക്കുന്നതിലല്ല, ശരീരത്തില്‍ പോലും പതിഞ്ഞിരിക്കുന്നതായ അനശ്വര സ്നേഹത്തിന്റെ അടയാളങ്ങള്‍ വെളിപ്പെടുത്തുന്നതിലാണ് യഥാര്‍ത്ഥ സൗന്ദര്യം: ലിയോ പാപ്പ
വത്തിക്കാന്‍സിറ്റി: പരിശുദ്ധ മറിയത്തിന്റെ സ്വര്‍ഗാരോപണത്തിന്റെ വെളിച്ചത്തില്‍ സൗന്ദര്യ സങ്കല്‍പ്പങ്ങളെക്കുറിച്ച് വിചന്തനം നടത്തി ലിയോ 14-ാമന്‍ പാപ്പ.
വാര്‍ധക്യത്തിന്റെ ലക്ഷണങ്ങള്‍ മറച്ചുവയ്ക്കുന്നതിലല്ല, മറിച്ച് ശരീരത്തില്‍ പോലും പതിഞ്ഞിരിക്കുന്നതായ അനശ്വര സ്നേഹത്തിന്റെ അടയാളങ്ങള്‍ വെളിപ്പെടുത്തുന്നതിലാണ് യഥാര്‍ത്ഥ സൗന്ദര്യമെന്ന് ആത്മശരീരങ്ങളോടെയുള്ള മറിയത്തിന്റെ മഹത്വീകരണം പഠിപ്പിക്കുന്നതായി തിരുനാള്‍ ദിനത്തില്‍ കാസ്റ്റല്‍ ഗാന്‍ഡോള്‍ഫോയിലെ വിശുദ്ധ തോമസ് ഓഫ് വില്ലനോവ ഇടവക ദൈവാലയത്തില്‍ അര്‍പ്പിച്ച ദിവ്യബലിക്കിടെ നല്‍കിയ സന്ദേശത്തില്‍ പാപ്പ പറഞ്ഞു.
ദൈവമാതാവിന്റെ ക്ഷയമില്ലാത്ത ശരീരത്തിന്റെയും അമലോത്ഭവ ഹൃദയത്തിന്റെയും വെളിച്ചത്തില്‍ ഇന്നത്തെ ഉപഭോഗ സംസ്‌കാരവും സുഖലോലുപതയും അടിച്ചേല്‍പ്പിക്കുന്ന സൗന്ദര്യ സങ്കല്‍പ്പങ്ങളെ പുനഃപരിശോധിക്കാന്‍ പാപ്പ വിശ്വാസികളെ ക്ഷണിച്ചു.
നമ്മുടെ ചുറ്റും നിറഞ്ഞുനില്‍ക്കുന്നതും നാം എത്തിച്ചേരേണ്ടതുമായ സ്വര്‍ഗീയ സൗന്ദര്യത്തെ കണ്ടെത്തുന്നതിനും വളര്‍ത്തുന്നതിനുമായി അനുദിജീവിതത്തിലെ ലളിതമായ കാര്യങ്ങളില്‍ അത് കണ്ടെത്താന്‍ പഠിക്കണം.
ഒരു കുഞ്ഞിന്റെ മുഖത്തെ നൈര്‍മല്യത്തിലും പ്രായമായവരുടെ ശരീരത്തിലെ ചുളിവുകളിലും യുവജങ്ങളുടെ ഊര്‍ജസ്വലതയിലും മുതിര്‍ന്നവരുടെ പക്വതയിലും അത് കണ്ടെത്താന്‍ സാധിക്കും.
മനുഷ്യന്റെ ഏറ്റവും മനോഹരമായ അലങ്കാരം സ്നേഹമാണെന്ന് പാപ്പ പറഞ്ഞു. നമ്മെ രൂപാന്തരപ്പെടുത്തുകയും ജീവിതത്തെ കുലീനമാക്കുകയും ദൈവത്തോട് അടുപ്പിക്കുകയും ചെയ്യുന്നത് ആ സ്നേഹമാണ്. സ്വര്‍ഗാരോപിതയായ മറിയത്തിന്റെ മുഖം സാധ്യമായ എല്ലാ ചിത്രീകരണങ്ങള്‍ക്കും അപ്പുറം മനോഹരമാാണെങ്കിലും അനുദിനജീവിതത്തില്‍ നമ്മുടെ ഒപ്പമുള്ള ആളുകളുടെ മുഖത്ത് ആ മനോഹാരിത കണ്ടെത്താന്‍ സാധിക്കുമെന്ന് പാപ്പ വ്യക്തമാക്കി.