പാവപ്പെട്ട രോഗികള്‍ക്ക് മികച്ച ചികിത്സ ഉറപ്പാക്കേണ്ടത് എല്ലാവരുടെയും ഉത്തരവാദിത്വം: മാര്‍ ആന്‍ഡ്രൂസ് താഴത്ത്

 
mar adres


തൃശൂര്‍: പാവപ്പെട്ടവരുടെ ആശുപത്രിയെന്ന ദൗത്യം നിലനിര്‍ത്തി മുന്നോട്ടുപോകുമെന്നും ദരിദ്രരായ രോഗികള്‍ക്കു മികച്ച ചികിത്സ ലഭ്യമാക്കുന്ന സേവനദൗത്യം സംരക്ഷിക്കേണ്ടത് എല്ലാവരുടെയും ഉത്തരവാദിത്വമാണെന്നും തൃശൂര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ ആന്‍ഡ്രൂസ് താഴത്ത്. സമരം ചെയ്യുന്ന നഴ്സുമാരുടെ പ്രതിനിധികളുമായി ജൂബിലി മിഷന്‍, അമല ആശുപത്രി അധികൃതരുടെ സാന്നിധ്യത്തില്‍ നടത്തിയ കൂടിക്കാഴ്ചയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജൂബിലിയിലെയും അമലയിലെയും ഇതര ആശുപത്രികളിലെയും എല്ലാ ജീവനക്കാര്‍ക്കും മാന്യമായ വേതനം ഉറപ്പുവരുത്തേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു. സാമൂഹിക പ്രതിബദ്ധത മുന്നോട്ടു കൊണ്ടുപോകേണ്ടതുണ്ടെന്നു സിഎംഐ പ്രൊവിന്‍ഷ്യല്‍ ഫാ. ജോസ് നന്തിക്കര യും വ്യക്തമാക്കി. സര്‍ക്കാര്‍ നിശ്ചയിച്ച മിനിമം വേതനം പ്രഖ്യാപിച്ച ഘട്ടങ്ങളില്‍ അതനുസരിച്ചും, പല അവസരങ്ങളിലും അതിലും ഉയര്‍ന്ന വേതനനിരക്കുകളും നല്‍കുന്നുണ്ടെന്നു ജൂബിലി, അമല സ്ഥാപനങ്ങളുടെ ഭാഗത്തുനിന്നു വ്യക്തമാക്കി. സര്‍ക്കാര്‍ വിജ്ഞാപനത്തിലെ അന്തിമ തീരുമാനമാണ് ദീര്‍ഘകാല പരിഹാരം. അതിനായി എല്ലാവരും ഒരുമിച്ച് പ്രവര്‍ത്തിക്കണം.

കരട് മിനിമം വേതന വിജ്ഞാപനത്തിലെ അപാകതകള്‍ സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ട്. മുഖ്യമന്ത്രിയും തൊഴില്‍ മന്ത്രിയും ഉള്‍പ്പെടെയുള്ള അധികൃതരുമായി അടിയന്തര കൂടിക്കാഴ്ച നടത്താന്‍ നടപടികള്‍ സ്വീകരിക്കാമെന്ന് മാര്‍ താഴത്ത് അറിയിച്ചു. രോഗികളുടെ സേവനത്തിനു തടസമുണ്ടാകരുതെന്നും സ്ഥാപനങ്ങളുടെ സേവനദൗത്യം സംരക്ഷിച്ച് ജീവനക്കാരുടെ ആവശ്യങ്ങള്‍ക്ക് പരിഹാരം കണ്ടെത്താന്‍ എല്ലാവരും സഹകരിക്കണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു.


 

Tags

Share this story

From Around the Web