ഭക്ഷണം കഴിക്കുന്നത് ഓരോരുത്തരുടെയും സ്വാതന്ത്ര്യം'; ആരെന്ത് കഴിക്കണമെന്ന് മറ്റുള്ളവര്‍ തീരുമാനിക്കേണ്ടെന്ന് രമേശ് ചെന്നിത്തല

 
chennithala

തിരുവനന്തപുരം: രാജ്ഭവനില്‍ സസ്യാഹാരം മാത്രം മതിയെന്ന പുതിയ ഗവര്‍ണര്‍ ഓം പ്രകാശ് മാഥൂറിന്റെ നിര്‍ദ്ദേശത്തിനെതിരെ പ്രതികരണവുമായി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. ഭക്ഷണം കഴിക്കുന്നത് ഓരോ വ്യക്തിയുടെയും വ്യക്തിപരമായ സ്വാതന്ത്ര്യമാണെന്നും അത് മറ്റുള്ളവരല്ല തീരുമാനിക്കേണ്ടതെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി.

അതോടൊപ്പം സി.പി.ഐ.എം നേതാവ് പി.പി ദിവ്യക്കെതിരായ വിജിലന്‍സ് കേസിലും ആഭ്യന്തരമന്ത്രി പ്രതികരിച്ചു. കേസുമായി ബന്ധപ്പെട്ട ഫയലുകള്‍ മുഴുവന്‍ പരിശോധിച്ചതായും മുന്‍ സര്‍ക്കാരിന്റെ കാലത്തുതന്നെ ഈ അന്വേഷണത്തിന് അനുമതി നല്‍കേണ്ടതായിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 

ദിവ്യക്കെതിരായ ആരോപണങ്ങള്‍ ഗൗരവമേറിയതും വിശദമായ അന്വേഷണം ആവശ്യമായതുമാണ്. അതുകൊണ്ടാണ് 17എ പ്രകാരമുള്ള അന്വേഷണ അനുമതി നല്‍കിയതെന്നും, ഈ തീരുമാനത്തില്‍ തെറ്റില്ലെന്ന് ഉത്തമ ബോധ്യമുണ്ടെന്നും ആഭ്യന്തരമന്ത്രി കൂട്ടിച്ചേര്‍ത്തു. വിജിലന്‍സ് അന്വേഷണം നടത്തി യഥാര്‍ത്ഥ വസ്തുതകള്‍ പുറത്തുകൊണ്ടുവരട്ടെയെന്നും അദ്ദേഹം പറഞ്ഞു.


വിജിലന്‍സിന്റെ ടി സെക്ഷനെ വിവരാവകാശ നിയമത്തിന്റെ പരിധിയില്‍ നിന്നൊഴിവാക്കിയ തീരുമാനത്തെയും അദ്ദേഹം ന്യായീകരിച്ചു. വിജിലന്‍സ് അന്വേഷണങ്ങള്‍ അതീവ രഹസ്യസ്വഭാവമുള്ളതാണെന്നും അന്വേഷണത്തിന്റെ കാര്യക്ഷമതയ്ക്ക് രഹസ്യാത്മകത അത്യാവശ്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 

മുന്‍പ് ഈ സെക്ഷന്‍ ആര്‍.ടി.ഐ പരിധിയില്‍ ഉണ്ടായിരുന്നില്ലെന്നും കഴിഞ്ഞ സര്‍ക്കാരാണ് ഇത് ഉള്‍പ്പെടുത്തിയതെന്നും അദ്ദേഹം വ്യക്തമാക്കി. ഇതിനുപുറമേ സംസ്ഥാനത്തെ സ്പാകളില്‍ പോലീസ് പരിശോധന തുടരുമെന്നും നിയമവിരുദ്ധമായി പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും ആഭ്യന്തരമന്ത്രി മുന്നറിയിപ്പ് നല്‍കി.

Tags

Share this story

From Around the Web