'അത് ക്രമസമാധാനത്തിന്റെ പ്രശ്നം, എന്റെ മേഖലയല്ല'; ഡല്‍ഹിയിലെ പൊലീസ് നിയന്ത്രണത്തില്‍ ചീഫ് ജസ്റ്റിസ് സൂര്യകാന്ത്

 
SOORYA KANTH


ഡല്‍ഹി: ഡല്‍ഹിയില്‍ നടക്കുന്ന സമരങ്ങളുമായി ബന്ധപ്പെട്ട പൊലീസ് നിയന്ത്രണങ്ങള്‍ തന്റെ മേഖലയല്ലെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്ത്. ഇത് ക്രമസമാധാന പാലനവുമായി ബന്ധപ്പെട്ട പ്രശ്‌നമാണെന്നും അത് തന്റെ അധികാരപരിധിയില്‍ വരുന്നതല്ലെന്നും അദ്ദേഹം വ്യക്തമാക്കി. മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഡല്‍ഹിയില്‍ നടക്കുന്ന സമരങ്ങളും പൊലീസ് ഏര്‍പ്പെടുത്തിയ കര്‍ശന നിയന്ത്രണങ്ങളെക്കുറിച്ചുമുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ഡല്‍ഹിയില്‍ നടന്ന ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ 33-ാം വാര്‍ഷികാഘോഷ പരിപാടിക്കിടെയായിരുന്നു ചീഫ് ജസ്റ്റിസിന്റെ പ്രതികരണം. തിരഞ്ഞെടുപ്പ് കമ്മീഷണറുടെ രാജി ആവശ്യപ്പെട്ട് രാജ്യതലസ്ഥാനത്ത് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി വലിയ പ്രക്ഷോഭങ്ങളാണ് നടക്കുന്നത്. പ്രക്ഷോഭങ്ങളുടെ പശ്ചാത്തലത്തില്‍ ഇരുപതിനായിരത്തിലധികം സുരക്ഷാ ഉദ്യോഗസ്ഥരെയാണ് ഡല്‍ഹിയില്‍ കേന്ദ്രം വിന്യസിച്ചിരുന്നത്. സുരക്ഷ മുന്‍നിര്‍ത്തി 45 മെട്രോ സ്റ്റേഷനുകളും അടച്ചിരുന്നു.


ഇന്ത്യ സഖ്യത്തിന്റെ സമരത്തെക്കുറിച്ചും ചീഫ് ജസ്റ്റിസുമായുള്ള കൂടിക്കാഴ്ചാ ആവശ്യത്തെക്കുറിച്ചും അദ്ദേഹം പ്രതികരിച്ചു. സുപ്രീം കോടതിയുടെ വാതിലുകള്‍ എല്ലാവര്‍ക്കുമായി തുറന്നിട്ടിരിക്കുകയാണെന്ന് വ്യക്തമാക്കിയ അദ്ദേഹം, എന്നാല്‍ ഇത്തരം വിഷയങ്ങളില്‍ കൂടിക്കാഴ്ച നടത്തുന്നതിന് പകരം ഔദ്യോഗികമായി ഹര്‍ജിയുമായി സമീപിക്കുകയാണ് വേണ്ടതെന്ന് ഓര്‍മ്മിപ്പിച്ചു. എം.പിമാരുടെ കത്ത് ലഭിച്ചതിനെ തുടര്‍ന്ന് കൂടിക്കാഴ്ച സാധ്യമല്ലാത്ത സാഹചര്യം അവരെ അറിയിച്ചിരുന്നതായും, ഏത് പൗരനും നിയമപരമായ മാര്‍ഗ്ഗത്തിലൂടെ കോടതിയെ സമീപിക്കാമെന്നും ചീഫ് ജസ്റ്റിസ് കൂട്ടിച്ചേര്‍ത്തു.

Tags

Share this story

From Around the Web