പനമരത്തെ കടുവ കാടുകയറിയതായി സ്ഥിരീകരിച്ചു
പനമരം: കണിയാമ്പറ്റ പച്ചിലക്കാട് കണ്ടെത്തിയ കടുവ പാതിരി റിസര്‍വ് വനത്തിലേക്ക് കയറി പോയതായി ഡിഎഫ്ഒ അജിത്ത് കെ രാമന്‍ പറഞ്ഞു.
കടുവയെ കാടുകയറ്റാനുള്ള വനം വകുപ്പ് ഉദ്യോഗസ്ഥരുടെ മൂന്നുദിവസത്തെ ശ്രമകരമായ ദൗത്യമാണ് ഇതോടെ വിജയിച്ചത്.
പാതിരി റിസര്‍വിലെ നീര്‍വാരം വനമേഖലയിലേക്ക് കടുവയെ തിരിച്ചുവിടാനായിരുന്നു ഈ ദൗത്യത്തിന്റെ ലക്ഷ്യം. തെര്‍മല്‍ ഡ്രോണ്‍ ഉപയോഗിച്ചുള്ള പരിശോധനയില്‍ കടുവയെ ആദ്യം പടിക്കം വയലിലും പിന്നീട് പുളിക്കല്‍കുന്ന് വയലിലും കണ്ടെത്തിയിരുന്നു.
കടുവയെ നീര്‍വാരം വനമേഖലയിലേക്ക് എത്തിക്കുന്നതിനായി ചൊവ്വാഴ്ച രാത്രിയില്‍ വനം വകുപ്പുദ്യോഗസ്ഥര്‍ പുളിക്കല്‍ വയലിന്റെ മൂന്നു ഭാഗത്തും കുങ്കിയാനകളെ കൊണ്ടുവരികയും പടക്കം പൊട്ടിക്കുകയും ചെയ്തിരുന്നു.
ദൗത്യം വിജയിച്ചില്ലെങ്കില്‍ കടുവയെ മയക്കുവെടി വെക്കാനായിരുന്നു നീക്കമെങ്കിലും ഇത് വേണ്ടി വന്നില്ല.
കടുവ കാട് കയറിയെങ്കിലും തുടര്‍ നിരീക്ഷണം ഏര്‍പ്പെടുത്തുമെന്ന് ഡിഎഫ്ഒ അജിത് കെ രാമന്‍ അറിയിച്ചു. ഇതിനായുള്ള സംവിധാനങ്ങള്‍ വനംവകുപ്പ് ഏര്‍പ്പെടുത്തിയിട്ടുണ്ട്.