മാര്‍പാപ്പയെ സന്ദര്‍ശിച്ച് ഇസ്രായേൽ പ്രസിഡന്‍റ്; സംഘർഷ പരിഹാരത്തിന് ചര്‍ച്ചയുമായി ലെയോ പാപ്പ

 
Leo papa

വത്തിക്കാന്‍ സിറ്റി: വത്തിക്കാനിലെത്തിയ ഇസ്രായേൽ പ്രസിഡന്‍റ് ഐസക് ഹെർസോഗ് ലെയോ പതിനാലാമന്‍ പാപ്പയുമായി കൂടിക്കാഴ്ച നടത്തി. ഇന്നലെ വ്യാഴാഴ്ച രാവിലെ വത്തിക്കാനിൽ നടന്ന സ്വകാര്യ കൂടിക്കാഴ്ചയില്‍ ദ്വിരാഷ്ട്ര പരിഹാരം ഉൾപ്പെടെയുള്ള ഗാസയിലെ സംഘർഷത്തെക്കുറിച്ച് ലെയോ പതിനാലാമൻ പാപ്പ ചർച്ച ചെയ്തു. മധ്യപൂര്‍വ്വേഷ്യയിലെ രാഷ്ട്രീയവും സാമൂഹികവുമായ സാഹചര്യവും ഗാസയിലെ ദുരിതാവസ്ഥയും ഇസ്രേലി പ്രസിഡൻ്റുമായി പാപ്പ ചർച്ച ചെയ്‌തതായി വത്തിക്കാൻ പ്രസ് ഓഫീസ് അറിയിച്ചു.

ചർച്ചകൾ വേഗത്തിൽ പുനരാരംഭിക്കുന്നതിനുള്ള പ്രതീക്ഷ പാപ്പ പങ്കുവച്ചു. അതുവഴി എല്ലാ ബന്ദികളെയും മോചിപ്പിക്കാനും അടിയന്തരമായി സ്ഥിരമായ വെടിനിർത്തൽ സാധ്യമാക്കാനും ദുരിതമനുഭവിക്കുന്ന പ്രദേശങ്ങളിലേക്ക് മാനുഷികസഹായം സുരക്ഷിതമായി പ്രവേശിക്കുന്നത് സുഗമമാക്കാനും രണ്ട് ജനതകളുടെയും മാനുഷിക നിയമങ്ങളോടുള്ള പൂർണ ബഹുമാനം ഉറപ്പാക്കാനും കഴിയുമെന്നും പരിശുദ്ധ സിംഹാസനം പ്രത്യാശ പ്രകടിപ്പിച്ചു. 2021 മുതൽ ഇസ്രായേൽ പ്രസിഡന്റായി രാജ്യത്തെ നയിക്കുന്ന അറുപത്തിനാലുകാരനായ ഹെർസോഗും ലെയോ പാപ്പയും തമ്മില്‍ അടച്ചിട്ട മുറിയിലായിരിന്നു കൂടിക്കാഴ്ച.


വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി കർദ്ദിനാൾ പിയട്രോ പരോളിൻ, വത്തിക്കാൻ സ്റ്റേറ്റ്‌സ് ബന്ധങ്ങൾക്കായുള്ള സെക്രട്ടറി ആർച്ച് ബിഷപ്പ് പോൾ ഗല്ലാഘർ എന്നിവരുമായും ഇസ്രായേൽ പ്രസിഡന്റ് കൂടിക്കാഴ്ച നടത്തി. വത്തിക്കാനിൽ ഊഷ്മളമായ സ്വീകരണത്തിന് ലെയോ പാപ്പയ്ക്കു നന്ദി അര്‍പ്പിക്കുകയാണെന്നു പ്രസിഡന്‍റ് ഐസക് ഹെർസോഗ് എക്സില്‍ കുറിച്ചു. നീതിയുടെയും കാരുണ്യത്തിന്റെയും മികച്ച ഭാവിക്കായി പരിശുദ്ധ സിംഹാസനവുമായുള്ള ഇസ്രായേലിന്റെ സഹകരണം ശക്തിപ്പെടുത്താൻ താൻ ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. മാര്‍പാപ്പയുമായുള്ള ഇസ്രായേൽ പ്രസിഡന്‍റിന്റെ കൂടിക്കാഴ്ചയെ ഏറെ പ്രതീക്ഷയോടെയാണ് ആഗോള നേതാക്കള്‍ നോക്കികാണുന്നത്.

Tags

Share this story

From Around the Web