ഗാസയിലെ ദേവാലയ ആക്രമണം: ലെയോ പാപ്പയെ വിളിച്ച് ഖേദം പ്രകടിപ്പിച്ച് ഇസ്രായേല്‍ പ്രധാനമന്ത്രി

ജെറുസലേം: ഗാസയിലെ ഹോളി ഫാമിലി ദേവാലയത്തില്‍ ഇസ്രായേല്‍ സൈന്യം നടത്തിയ ആക്രമണത്തെത്തുടര്‍ന്ന്, ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ലെയോ പതിനാലാമന്‍ പാപ്പയെ വിളിച്ചു.
കാസ്റ്റല്‍ ഗാന്‍ഡോള്‍ഫോയില്‍ അവധിക്കാലം ചെലവഴിക്കുന്ന പാപ്പയെ ഇന്നലെയാണ് ഇസ്രായേല്‍ പ്രധാനമന്ത്രി വിളിച്ചത്.
ആക്രമണത്തില്‍ പ്രധാനമന്ത്രി ഖേദം പ്രകടിപ്പിച്ചു. ആരാധനാലയങ്ങളെയും എല്ലാറ്റിനുമുപരി പാലസ്തീനിലും ഇസ്രായേലിലും താമസിക്കുന്ന വിശ്വാസികളെയും എല്ലാ ജനങ്ങളെയും സംരക്ഷിക്കേണ്ടതിന്റെ അടിയന്തര ആവശ്യകത ലെയോ പതിനാലാമന്‍ മാര്‍പാപ്പ ഫോണ്‍ സംഭാഷണത്തിനിടെ ആവര്‍ത്തിച്ചു.
ആക്രമണത്തില്‍ സൈനികനടപടിക്കിടെ ഒരു ഷെല്‍ അബദ്ധത്തില്‍ പള്ളിവളപ്പില്‍ പതിച്ചെന്നാണ് ഇസ്രയേല്‍ സൈന്യം വ്യക്തമാക്കിയത്.
ഹോളി ഫാമിലി ദേവാലയാക്രമണത്തില്‍ 3 പേരാണു കൊല്ലപ്പെട്ടത്. പള്ളിവികാരി അടക്കം 10 പേര്‍ക്കു പരുക്കേറ്റിരുന്നു. അതിനിടെ, ജെറുസലേം പാത്രിയര്‍ക്കീസ് പിയര്‍ബാറ്റിസ്റ്റ പിസബല്ലയും ഗ്രീക്ക് ഓര്‍ത്തഡോക്‌സ് സഭ പാത്രിയര്‍ക്കീസ് തെയോഫിലോസ് മൂന്നാമനും ഇന്നലെ ഗാസയിലെത്തി പരുക്കേറ്റവരെ സന്ദര്‍ശിച്ചിരിന്നു. അതേസമയം ഇസ്രായേല്‍ തുടരുന്ന അക്രമ പരമ്പരയ്‌ക്കെതിരെ പ്രതിഷേധം ശക്തമാകുകയാണ്.