ഗാസ മുനമ്പിലും വെസ്റ്റ് ബാങ്കിലും പ്രവര്‍ത്തിക്കുന്നതിന് ഇസ്രായേല്‍ മുന്നോട്ട് വയ്ക്കുന്ന നിബന്ധനകള്‍ പുനഃപരിശോധിക്കണം: സേവ് ദി ചില്‍ഡ്രന്‍
വത്തിക്കാന്‍സിറ്റി: സര്‍ക്കാരിതര അന്താരാഷ്ട്രസംഘടനകള്‍ക്ക് ഗാസ മുനമ്പിലും വെസ്റ്റ് ബാങ്കിലും പ്രവര്‍ത്തിക്കുന്നതിന് ഇസ്രായേല്‍ മുന്നോട്ടുവച്ച രജിസ്ട്രേഷന്‍ നടപടികള്‍ പുനഃപരിശോധിക്കണമെന്ന് സേവ് ദി ചില്‍ഡ്രന്‍ അന്താരാഷ്ട്രസംഘടന.
ഇസ്രായേല്‍ -പാലസ്തീന്‍ സംഘര്‍ഷങ്ങള്‍ മൂലം കഷ്ടപ്പെടുന്ന കുട്ടികളുടെ ജീവന്‍ സുരക്ഷിതമാക്കുന്നതിനുവേണ്ടിയുള്ള ജീവന്‍ രക്ഷാമരുന്നുകളും അവരുടെ കുടുംബങ്ങള്‍ക്കുള്ള സഹായവും ലഭ്യമാക്കുന്നതിനുവേണ്ടി നിലവിലെ നിബന്ധനങ്ങള്‍ അടിയന്തിരമായി പുനഃപരിശോധിക്കണമെന്നാണ് കഴിഞ്ഞ ദിവസം പുറത്തുവിട്ട ഒരു പത്രക്കുറിപ്പിലൂടെ, കുട്ടികളുടെ അവകാശങ്ങള്‍ക്കുവേണ്ടി ലോകമെമ്പാടും പ്രവര്‍ത്തിക്കുന്ന ഈ അന്തരാഷ്ട്രസംഘടന ആവശ്യപ്പെട്ടത്.
മറ്റ് പല അന്തരാസ്ത്രസംഘടനകള്‍ക്കുമൊപ്പം സേവ് ദി ചില്‍ഡ്രന്‍ സംഘടനയ്ക്കും 2026 ജനുവരി ഒന്ന് മുതല്‍ പാലസ്തീന്‍ സമൂഹങ്ങള്‍ക്ക് സഹായമേകുന്നതിനുള്ള രജിസ്‌ട്രേഷന്‍ പുതുക്കില്ലെന്ന് ഇസ്രായേല്‍ നേതൃത്വം അറിയിച്ചതിന്റെ പശ്ചാത്തലത്തിലാണ് ഇത്തരം നിയമങ്ങള്‍ അടിയന്തിരമായി പുനഃപരിശോധനയ്ക്ക് വിധേയമാക്കണമെന്ന് സംഘടന ആവശ്യപ്പെട്ടത്.
പുതുക്കിയ നിയമ, നിബന്ധനകള്‍ അനുസരിച്ച് സേവ് ദി ചില്‍ഡ്രന്‍ ഉള്‍പ്പെടെ നിരവധി സംഘടനകള്‍ക്ക് ഇസ്രായേല്‍ നിയന്ത്രിത അതിര്‍ത്തികളിലൂടെ ഗാസയിലേക്കോ വെസ്റ്റ് ബാങ്കിലേക്കോ പ്രവേശിക്കാനോ പ്രാഥമികാവശ്യങ്ങള്‍ക്ക് വേണ്ടിയുള്ള സഹായമോ ആരോഗ്യ- ശുചിത്വരംഗങ്ങളുമായി ബന്ധപ്പെട്ട സാധനസാമഗ്രികള്‍ എത്തിക്കാനോ സാധിക്കില്ല.
എന്നാല്‍ ഇത്തരം നിയമങ്ങള്‍ പ്രയോഗികമായാല്‍പ്പോലും പാലസ്തീന്‍ നേതൃത്വത്തിന് മുന്നില്‍ നിയമപരമായി രജിസ്റ്റര്‍ ചെയ്തിട്ടുള്ള തങ്ങളുടെ 300 പാലസ്തീന്‍ പ്രവര്‍ത്തകരും പ്രാദേശിക പങ്കാളികളും വഴിയുള്ള തങ്ങളുടെ സേവനങ്ങള്‍ തുടരുമെന്ന് പ്രസ്താവിച്ച സംഘടന വിവിധ സംഘടനകളുടെ സഹായത്തോടെ 2025-ല്‍ മാത്രം ഏതാണ്ട് പത്തൊന്‍പത് ലക്ഷത്തോളം ആളുകളെ വിവിധ രീതികളില്‍ സഹായിക്കാന്‍ തങ്ങള്‍ക്ക് സാധിച്ചിട്ടുണ്ടെന്ന് അവകാശപ്പെട്ടു.
കഴിഞ്ഞ രണ്ടുവര്‍ഷങ്ങളായി ഗാസാ പ്രദേശത്തു പതിനൊന്ന് ലക്ഷത്തോളം കുട്ടികള്‍ കടുത്ത മാനവികദുരിതാവസ്ഥയിലൂടെയാണ് കടന്നുപോകുന്നതെന്ന് ഓര്‍മ്മിപ്പിച്ച സേവ് ദി ചില്‍ഡ്രന്‍, പ്രദേശത്ത് ഇരുപതിനായിരത്തിലധികം കുട്ടികള്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്നും ആയിരക്കണക്കിന് പേരെ ഇനിയും കണ്ടെത്താനായിട്ടില്ലെന്നും അറിയിച്ചു.