ഗാസയിലെ സഹായവിതരണ കേന്ദ്രങ്ങളിലെ ഇസ്രയേല്‍ ആക്രമണങ്ങളില്‍ വന്‍ വര്‍ധന, ആരോഗ്യ സംവിധാനത്തെ തളര്‍ത്തി: റെഡ് ക്രോസ്. ആരോഗ്യ മേഖലയിലെ അസൗകര്യങ്ങള്‍ ഇരട്ടിയായി

ഗാസ: ഗാസയില്‍ സഹായ വിതരണ കേന്ദ്രങ്ങളുമായി ബന്ധപ്പെട്ട ഇസ്രയേല്‍ സൈനിക നടപടികളിലും ആക്രമണങ്ങളിലും കുത്തനെയുള്ള വര്‍ധനവുണ്ടായെന്നും, ഗാസയുടെ ആരോഗ്യ സംരക്ഷണ സംവിധാനത്തെ ഇത് തളര്‍ത്തിയെന്നും റെഡ് ക്രോസ്. ഇത് ഗാസയിലെ ആരോഗ്യ മേഖലയിലെ അസൗകര്യങ്ങള്‍ ഇരട്ടിയാക്കിയെന്നും ജീവകാരുണ്യ സംഘടന ചൂണ്ടിക്കാട്ടി.
മെയ് അവസാനത്തോടെ ഗാസയില്‍ വിവിധയിടങ്ങളില്‍ യുഎസ്-ഇസ്രയേല്‍ സഹകരണത്തോടെ പുതിയ സഹായ വിതരണ കേന്ദ്രങ്ങള്‍ ആരംഭിച്ചതിന് ശേഷം, തെക്കന്‍ ഗാസയിലെ ഫീല്‍ഡ് ആശുപത്രിയില്‍ മാത്രം 200 മരണം രേഖപ്പെടുത്തിയതായി ഇന്റര്‍നാഷണല്‍ കമ്മിറ്റി ഓഫ് റെഡ് ക്രോസ് (ഐസിആര്‍സി) ഒരു പ്രസ്താവനയില്‍ പറഞ്ഞു.
ആയുധങ്ങള്‍ ഉപയോഗിച്ചുള്ള ആക്രമണങ്ങളില്‍ പരിക്കേറ്റ 2,200ലേറെ രോഗികളെ ആശുപത്രികളില്‍ ചികിത്സിച്ചു. അവരില്‍ ഭൂരിഭാഗവും ഇസ്രയേല്‍ സൈന്യം നടത്തിയ 21ഓളം വ്യത്യസ്ത ആക്രമണങ്ങളില്‍ പെട്ടവരായിരുന്നു എന്നും റെഡ് ക്രോസ് കൂട്ടിച്ചേര്‍ത്തു. പരിക്കേറ്റവരില്‍ കുട്ടികള്‍, കൗമാരക്കാര്‍, പ്രായമായവര്‍, അമ്മമാര്‍ എന്നിവരും ഉള്‍പ്പെടും. തങ്ങളുടെ കുടുംബങ്ങള്‍ക്ക് ഭക്ഷണവും സഹായവും എത്തിക്കാന്‍ ശ്രമിക്കുകയായിരുന്ന യുവാക്കളും ആണ്‍കുട്ടികളുമാണ് പരിക്കേറ്റവരില്‍ കൂടുതലും.
ഇത്തരം ആക്രമണങ്ങള്‍ മുമ്പൊരിക്കലും ഇല്ലാത്തതാണെന്നും ഐസിആര്‍സി പറഞ്ഞു. കഴിഞ്ഞ വര്‍ഷം മുഴുവന്‍ നടന്ന എല്ലാ ഗാസ ആക്രമണങ്ങളിലും ഉള്ളതിനേക്കാള്‍ കൂടുതല്‍ രോഗികളെ, മെയ് അവസാനം മുതല്‍ ഗാസയിലെ ഫീല്‍ഡ് ആശുപത്രിയില്‍ ചികിത്സിച്ചുവെന്നും റെഡ് ക്രോസ് കൂട്ടിച്ചേര്‍ത്തു. നിലവിലെ അടിയന്തര സാഹചര്യങ്ങളെ നേരിടാന്‍ എല്ലാ ജീവനക്കാരും സംഭാവന നല്‍കുന്നുണ്ടെന്ന് റെഡ് ക്രോസ് അറിയിച്ചു.