വെസ്റ്റ് ബാങ്കിലെ ഏക ക്രൈസ്തവ ഗ്രാമത്തിന് ഇസ്രായേല്‍ ഭീഷണി; അടിയന്തര ഇടപെടല്‍ യാചിച്ച് ഇടവക വികാരി
റാമല്ല: വെസ്റ്റ് ബാങ്കില്‍ ക്രൈസ്തവര്‍ മാത്രം താമസിക്കുന്ന ഏക പലസ്തീന്‍ ഗ്രാമമായ തായ്‌ബെയിലെ ക്രൈസ്തവ സാന്നിധ്യം ഗുരുതര ഭീഷണിയിലാണെന്ന മുന്നറിയിപ്പുമായി ഇടവക വികാരി ഫാ. ബഷാര്‍ ഫവാഡ്‌ലെ.
വിശുദ്ധനാടിന്റെ ക്രൈസ്തവ പൈതൃകം സംരക്ഷിക്കണമെങ്കില്‍ വാക്കുകള്‍ മാത്രം പോരെന്നും, അടിയന്തരവും വ്യക്തവുമായ നടപടികളാണ് ആവശ്യമെന്നും അദ്ദേഹം തുറന്നുപറഞ്ഞു.
ഗ്രാമത്തിന്റെ ഉടമസ്ഥതയിലുള്ള ജബല്‍ അല്‍-മസ്സിസ് പ്രദേശത്ത് ഇസ്രായേല്‍ കുടിയേറ്റക്കാര്‍ പുതിയ കുടിയേറ്റ കേന്ദ്രം നിര്‍മ്മിക്കാന്‍ ശ്രമിക്കുന്നതായി ദൃക്‌സാക്ഷികളും പ്രാദേശിക നിരീക്ഷണസംഘങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
ഈ നിര്‍മാണം ഗ്രാമവാസികളുടെ വീടുകളില്‍ നിന്ന് വളരെ അടുത്തായതിനാല്‍ ജനങ്ങള്‍ക്കിടയില്‍ വലിയ ആശങ്കയാണ് ഉയര്‍ന്നിരിക്കുന്നത്.
പുതിയ ഔട്ട്പോസ്റ്റ് സ്ഥാപിക്കപ്പെടുകയാണെങ്കില്‍ ഗ്രാമവാസികള്‍ സ്ഥിരമായ ഭീഷണിയിലും ഭയത്തിലും കഴിയേണ്ടിവരുമെന്നും, കിഴക്കന്‍ മേഖലയിലെ കൃഷിയിടങ്ങളിലേക്കും കോഴിവളര്‍ത്തല്‍ ഫാമുകളിലേക്കും കര്‍ഷകര്‍ക്ക് എത്തിച്ചേരാനാകാത്ത സാഹചര്യം ഉണ്ടാകുമെന്നും ഫാ. ഫവാഡ്‌ലെ ആശങ്ക പ്രകടിപ്പിച്ചു.
ഗ്രാമവാസികളെ സ്വന്തം ഭൂമിയില്‍ നിന്ന് ഒഴിപ്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ഈ നീക്കെ
മന്നും അദ്ദേഹം ആരോപിച്ചു.
മേഖലയില്‍ സിവില്‍ ഭരണചുമതല പലസ്തീന്‍ അതോറിറ്റിക്കാണെങ്കിലും സുരക്ഷ ചുമതല പലസ്തീന്‍ പോലീസും ഇസ്രായേല്‍ സൈനിക അധികാരികളും സംയുക്തമായി ചേര്‍ന്നാണ് വഹിക്കുന്നത്. കഴിഞ്ഞ ഏതാനും മാസങ്ങളായി ഗ്രാമത്തില്‍ നടക്കുന്ന ആക്രമണങ്ങളും ഭീഷണികളും സംബന്ധിച്ച് അന്താരാഷ്ട്ര സമൂഹത്തിന്റെ ശ്രദ്ധ ക്ഷണിക്കാന്‍ നിരവധി രാജ്യങ്ങളുടെ അംബാസഡര്‍മാരെയും സഭാനേതാക്കളെയും വിദേശ പ്രതിനിധി സംഘങ്ങളെയും തായ്‌ബെയിലേക്ക് ക്ഷണിച്ചിരുന്നുവെന്ന് ഫാ. ഫവാഡ്‌ലെ പറഞ്ഞു. സംഭവങ്ങളുടെ ചിത്രങ്ങള്‍, വീഡിയോകള്‍, ദൃക്‌സാക്ഷി മൊഴികള്‍ എന്നിവ ഉള്‍പ്പെടെയുള്ള തെളിവുകളും കൈമാറിയെങ്കിലും അധിനിവേശവും അക്രമവും അവസാനിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
'ഞങ്ങള്‍ക്ക് വേണ്ടത് ഭയമില്ലാതെ സ്വന്തം ഭൂമിയില്‍ തുടരാനുള്ള അവകാശം മാത്രമാണ്'- ഫാ. ഫവാഡ്‌ലെ പറഞ്ഞു. വിശുദ്ധനാടിലെ ക്രൈസ്തവ സാന്നിധ്യം സംരക്ഷിക്കാന്‍ അന്താരാഷ്ട്ര സംഘടനകളും സുമനസ്സുകളും അടിയന്തരമായി ഇടപെടണമെന്ന് അദ്ദേഹം ആവര്‍ത്തിച്ച് അഭ്യര്‍ത്ഥിച്ചു.
വിശുദ്ധ നാടിനെ വാക്കുകള്‍കൊണ്ട് മാത്രം സംരക്ഷിക്കാനാവില്ല. വ്യക്തമായ പ്രവര്‍ത്തനങ്ങളിലൂടെയാണ് അത് സാധ്യമാകുക.
വളരെ വൈകും മുമ്പ് നടപടി സ്വീകരിക്കണം. മറ്റൊരു വേദനാജനകമായ സംഭവം അടിച്ചേല്‍പ്പിക്കപ്പെടും മുമ്പ് ലോകം ഇടപെടേണ്ട സമയമാണിതെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.