തെക്കൻ ലെബനനിലെ ക്രൈസ്തവ ഗ്രാമത്തിലെ ക്രൂശിത രൂപത്തിന്റെ തല തകർത്ത് ഇസ്രായേൽ സൈനികൻ

 
Israyel

തെക്കൻ ലെബനനിലെ ക്രൈസ്തവ ഗ്രാമത്തിലെ ക്രൂശിത രൂപത്തിന്റെ തല തകർത്ത് ഇസ്രായേൽ സൈനികൻ. പലസ്‌തീൻ  മാധ്യമപ്രവർത്തകനായ യൂനിസ് തിരവി (Younis Tirawi) ആണ് തന്റെ ട്വിറ്റെർ അക്കൗണ്ടിലൂടെ ദൃശ്യങ്ങൾ പങ്കുവെച്ചത്.

ദൃശ്യങ്ങൾ പുറത്തുവന്നതിന് പിന്നാലെ ഇസ്രായേൽ പ്രതിരോധ സേന സംഭവത്തിൽ അന്വേഷണം പ്രഖ്യാപിക്കുകയും ഇത് ഇസ്രായേൽ സൈനികൻ ആണെന്ന് സ്ഥിരീകരിക്കുകയും ചെയ്തു.

സൈനികന്റെ നടപടി അങ്ങേയറ്റം ഗൗരവകരമാണെന്നും കുറ്റക്കാർക്കെതിരെ കർശന നടപടിയുണ്ടാകുമെന്നും ഇസ്രായേൽ സൈന്യം വ്യക്തമാക്കി.

തെക്കൻ ലെബനനിലെ ഡെബെൽ എന്ന ക്രൈസ്തവ ഗ്രാമത്തിലാണ് സംഭവം നടന്നത്. സൈനിക വേഷത്തിലുള്ള ഒരാൾ വലിയ ചുറ്റിക ഉപയോഗിച്ച് ക്രൂശിത രൂപത്തിന്റെ തല അടിച്ചു തകർക്കുന്ന ചിത്രം സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചിരുന്നു.

ഇതോടെയാണ് ചിത്രം യഥാർത്ഥമാണെന്നും അത് തങ്ങളുടെ സൈനികനാണെന്നും ഇസ്രായേൽ സൈന്യം സ്ഥിരീകരിച്ചത്.

സൈനികന്റെ ഈ പെരുമാറ്റം സേനയുടെ മൂല്യങ്ങൾക്ക് നിരക്കാത്തതാണെന്ന് ഐ.ഡി.എഫ് പ്രസ്താവനയിൽ പറഞ്ഞു. നോർത്തേൺ കമാൻഡ് സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

തകർക്കപ്പെട്ട ക്രൂശിത രൂപം പഴയപടിയാക്കാൻ പ്രാദേശിക ഭരണകൂടത്തെ സഹായിക്കുമെന്നും സൈന്യം അറിയിച്ചു.

അതേസമയം, ഹിസ്ബുള്ളയുടെ ഭീകരവാദ കേന്ദ്രങ്ങൾ തകർക്കുക മാത്രമാണ് തങ്ങളുടെ ലക്ഷ്യമെന്നും മതപരമായ ചിഹ്നങ്ങളെയോ കെട്ടിടങ്ങളെയോ ലക്ഷ്യം വെക്കാൻ ഉദ്ദേശിക്കുന്നില്ലെന്നും ഇസ്രായേൽ വ്യക്തമാക്കി.

ഇസ്രായേലും ലെബനനും തമ്മിൽ വെടിനിർത്തൽ നിലവിൽ വന്ന് ദിവസങ്ങൾക്കുള്ളിലാണ് ഈ സംഭവം പുറത്തറിയുന്നത്.

ജറുസലേമിലെ ക്രിസ്ത്യൻ നേതാക്കളും ഇസ്രായേൽ സർക്കാരും തമ്മിൽ സമീപകാലത്ത് ചില തർക്കങ്ങൾ നിലനിൽക്കുന്ന സാഹചര്യത്തിൽ, ഈ ചിത്രം ക്രൈസ്തവ സമൂഹത്തിനിടയിൽ വലിയ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്.

Tags

Share this story

From Around the Web