ലൈബനനില്‍ കന്യാകമറിയത്തിന്റെ രൂപത്തില്‍ സിഗരറ്റ് വെച്ച് ഇസ്രായേല്‍ സൈനികന്റെ അവഹേളനം
തെക്കൻ ലെബനനിലെ ഒരു ക്രിസ്ത്യൻ ഗ്രാമത്തിൽ കന്യകാമറിയത്തിന്റെ രൂപത്തെ അവഹേളിച്ച ഇസ്രായേൽ പ്രതിരോധ സേനയിലെ സൈനികനെതിരെ അച്ചടക്ക നടപടി സ്വീകരിക്കുമെന്ന് സൈന്യം.
പരിശുദ്ധ കന്യകാമറിയത്തിന്റെ രൂപത്തിൽ സിഗരറ്റ് വെച്ചു നൽകുന്ന സൈനികന്റെ ചിത്രം കഴിഞ്ഞ ദിവസമാണ് സോഷ്യൽ മീഡിയയിൽ പ്രചരിച്ചത്. തെക്കൻ ലെബനനിലെ ക്രിസ്ത്യൻ ഗ്രാമമായ ഡെബെലിലാണ് ഈ സംഭവം നടന്നത്. ഏതാനും ആഴ്ചകൾക്ക് മുൻപ് നടന്ന സംഭവത്തിന്റെ ചിത്രങ്ങൾ ബുധനാഴ്ചയാണ് പുറത്തുവന്നത്.
സൈനികന്റെ പ്രവൃത്തി സൈന്യത്തിന്റെ മൂല്യങ്ങൾക്ക് നിരക്കാത്തതാണെന്നും സംഭവത്തെ അതീവ ഗൗരവത്തോടെയാണ് കാണുന്നതെന്നും ഐ.ഡി.എഫ് പ്രസ്താവനയിൽ പറഞ്ഞു.
കുറ്റക്കാരനായ സൈനികനെ തിരിച്ചറിഞ്ഞതായും ഇയാൾക്കെതിരെ അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കർശന നടപടി സ്വീകരിക്കുമെന്നും സൈന്യം വ്യക്തമാക്കി. കഴിഞ്ഞ മാസം ഇതേ ഗ്രാമത്തിൽ വെച്ച് യേശുക്രിസ്തുവിന്റെ രൂപം തകർത്ത സംഭവത്തിൽ രണ്ട് സൈനികരെ നേരത്തെ തന്നെ യുദ്ധമുഖത്തെ ചുമതലകളിൽ നിന്ന് നീക്കിയിരുന്നു.
കൂടാതെ, മേഖലയിലെ സോളാർ പാനലുകൾ തകർത്ത സംഭവത്തിലും സൈനികർക്കെതിരെ അന്വേഷണം നടക്കുന്നുണ്ട്. എല്ലാ മതങ്ങളുടെയും വിശ്വാസങ്ങളെയും ആരാധനാലയങ്ങളെയും ഐ.ഡി.എഫ് മാനിക്കുന്നുവെന്നും സിവിൽ അടിസ്ഥാന സൗകര്യങ്ങളോ മതചിഹ്നങ്ങളോ തകർക്കാൻ സൈന്യത്തിന് ഉദ്ദേശമില്ലെന്നും ഇസ്രായേൽ അവകാശപ്പെടുന്നു.
എന്നാൽ ഹിസ്ബുള്ളയുമായുള്ള പോരാട്ടം തുടരുന്ന സാഹചര്യത്തിലും ഇത്തരം നടപടികൾ ക്രിസ്ത്യൻ സമൂഹവുമായുള്ള ഇസ്രായേലിന്റെ ബന്ധത്തെ ബാധിക്കുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത് .